Begin typing your search above and press return to search.
നല്ല ഒരു വര്‍ഷത്തിനായി ദിവസവും ചെയ്യാം ഈ 5 കാര്യങ്ങള്‍; സദ്ഗുരു പറയുന്നു
പുതുവര്‍ഷത്തില്‍ പലരും പല പുതിയ തീരുമാനങ്ങളും നടപ്പിലാക്കിയാണ് മുന്നോട്ട് പോകുന്നത്. ഈ പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യത്തിലും ജീവിതം മെച്ചപ്പെടുത്താം, മനസ് വയ്ക്കണമെന്നു മാത്രം. മുന്നോട്ടുള്ള യാത്രയില്‍ ഏറ്റവും നല്ല വ്യക്തിയിലേക്കുള്ള പരിണാമമാണ് നാം ലക്ഷ്യമിടേണ്ടതെന്ന് യോഗിയും ആത്മീയാചാര്യനുമായ സദ്ഗുരു പറയുന്നു. സദ്ഗുരു പറയുന്നത് മെച്ചപ്പെട്ട ജീവിതം സ്വായത്തമാക്കാന്‍ കഴിഞ്ഞാല്‍ മികച്ച ഒരു വ്യകതിയിലേക്കുള്ള പരിണാമവും സാധ്യമാകുമെന്നാണ്. ഇതാ അതിനായി നിങ്ങള്‍ക്ക് ദിനചര്യയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചില കാര്യങ്ങള്‍ പറയാം.
1. സന്തോഷത്തിന്റെ കണക്കു സൂക്ഷിക്കുക
നിങ്ങള്‍ ദിവസവും ഉറങ്ങും മുമ്പ് നിങ്ങളെ സന്തോഷിപ്പിച്ച കാര്യങ്ങള്‍ക്ക് ഒരു കണക്കെടുപ്പ് നടത്തുക. ചെറിയ പുഞ്ചിരികള്‍ പോലും എഴുതി വയ്ക്കുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന സാഹചര്യങ്ങള്‍ എന്നിവ എല്ലാം നിങ്ങള്‍ എടുത്തു വയ്ക്കുക. ഒരു ബിസിനസിലെ ലാഭ നഷ്ടങ്ങള്‍ മനസ്സിലാക്കാന്‍ അക്കൗണ്ട് പരിശോധിക്കുന്നത് പോലെ നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും അക്കൗണ്ട് സൂക്ഷിക്കുക. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് പുരോഗമിക്കാനാകൂ. ഇന്നലെ ഉണ്ടായ സന്തോഷത്തിന്റെ കാരണങ്ങള്‍ 5 ആണെങ്കില്‍ അത് ഇന്ന് ആറ് എന്നാക്കാനും നാളെ ഏഴ് ആക്കാനുമൊക്കെ പരിശ്രമിക്കുക. എങ്കില്‍ മാത്രമേ സ്വന്തം ജീവിതം സന്തോഷം കൊണ്ട് നിറയ്ക്കാനാകൂ. ഇതിനായി ദിവസവും ഉറങ്ങും മുമ്പ് അഞ്ച് മിനിട്ട് മാറ്റി വയ്ക്കുക.
2. നന്ദിയോടെ ഭക്ഷിക്കുക
എന്താണ് കഴിക്കരുതാത്തത്, കഴിക്കേണ്ടത് എന്നതല്ല ഇവിടെ പറയുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്തും കഴിക്കാം. ഏറ്റവും പ്രധാനമെന്നത് Concious ആകുക അഥവാ ശ്രദ്ധാലുവാകുക എന്നതാണ്. എന്താണ് കഴിക്കുന്നത് എന്നതിനപ്പുറം എങ്ങനെയാണ് കഴിക്കുന്നത് എന്ന് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുക. നമ്മള്‍ കഴിക്കുന്നതെന്തെന്ന് ബോധവാന്മാരാകുക എന്നാല്‍ ഭക്ഷണം ജീവന്‍ തന്നെയാണെന്ന് കരുതുക എന്നതാണ്. ഉദാഹരണം, നന്നായി ഭക്ഷണം കഴിച്ച് ജീവിച്ച ഒരാളെ ഭക്ഷണം നല്‍കാതെ അഞ്ച് ദിവസം ഒരു മുറിയില്‍ പൂട്ടിയിടുന്നു എന്നു കരുതുക. പെട്ടെന്ന് ദൈവം പ്രത്യക്ഷപ്പെട്ടാല്‍ അയാള്‍ ഭക്ഷണം മാത്രമാകും ആദ്യം ചോദിക്കുക. ഇത്ര സിംപിള്‍ ആണ് കാര്യങ്ങള്‍. ഭക്ഷണം അത്രമേല്‍ വിലപ്പെട്ടതാണ്. ഭക്ഷണം ഒരു ജീവന്‍ നിലനിര്‍ത്തുന്ന അമൂല്യമായ വസ്തുവായി കണക്കാക്കുക. നന്ദിയോടെ കഴിക്കുക. വിശപ്പിനും ജീവന്റെ നിലനില്‍പ്പിനും ഭക്ഷണം കഴിക്കുക.
3. ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്തി ജീവിക്കുക
ഇടയ്ക്ക് എങ്കിലും നിങ്ങള്‍ ഭൂമിയുമായി ബന്ധം പുലര്‍ത്തുക. ഒരു കോണ്‍ക്രീറ്റ് ബില്‍ഡിംഗിലാണ് നിങ്ങള്‍ ജീവിക്കുന്നത് എങ്കിലും ചെടികളിലും പൂക്കളിലും എല്ലാം സ്പര്‍ശിക്കുക. നഗ്ന പാദരായി കൈകളും കാലുകളും കൊണ്ട് നിലത്ത് തൊടുക. ഫ്‌ളാറ്റിലുള്ളവര്‍ ടെറസ് ഗാര്‍ഡന്‍ പോലുള്ളവ പരീക്ഷിക്കുക. സമയം കിട്ടുമ്പോള്‍ നിലത്ത് ചെരുപ്പുകളിലാതെ നടക്കുക.
4. പുഞ്ചിരിക്കുക
ഓരോ ദിവസവും കോടിക്കണക്കിനാളുകള്‍ മരിക്കുന്നു. ജീവിതം നന്ദിയോടെ സ്മരിക്കാനുള്ളതാണ്, പുഞ്ചിരിക്കാനുള്ളതാണ്. നിങ്ങള്‍ ഓരോ തവണയും സമയം നോക്കുമ്പോള്‍ ഒന്നു പുഞ്ചിരിക്കൂ. കാരണം ഓരോ നിമിഷവും എത്രപേരാണ് മരിക്കുന്നത്, എത്ര പേരുടെ പ്രിയപ്പെട്ടവരാണ്. അതിനാല്‍ നിങ്ങള്‍ ഈ നിമിഷം ജീവിച്ചിരിക്കുന്നു. പുഞ്ചിരിക്കൂ.
5. ശരീരവും മനസ്സും തമ്മില്‍ ബന്ധിപ്പിക്കുക
ശരീരവും മനസ്സും തമ്മിലുള്ള ബന്ധം ആണ് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന്റെ പ്രധാന ഘടകം. നല്ല ജീവിത രീതിയോടൊപ്പം നിങ്ങളുടെ മനസ്സിനെയും കേള്‍ക്കുക, നിങ്ങളെ തന്നെ കേള്‍ക്കുക. ശാന്തമായി ഇരിക്കാനും സമാധാനം കണ്ടെത്താനും മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുക. ഇതിനായി ഈ വര്‍ഷത്തെ തീരുമാനമായി മെഡിറ്റേഷന്‍ ശീലമാക്കുക.
(യോഗിയും ആത്മീയ ആചാര്യനും ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനുമായ സദ്ഗുരുവിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നല്‍കിയ വീഡിയോയെ ആസ്്പദമാക്കി തയ്യാറാക്കിയത്.)
Next Story