രാവിലത്തെ ഈ ശീലങ്ങള്‍ നിങ്ങളെയും അതിസമ്പന്നരാക്കും

രാത്രി വൈകി ഉറങ്ങുന്നവര്‍ ക്രിയാത്മകത ഏറെയുള്ളവരാണ് എന്നാണ് പറയാറുള്ളത്. എന്നാല്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ സമ്പന്നരും ഏറെ ഉല്‍പ്പാദനക്ഷമതയുള്ളവരുമാണത്രെ. അതുകൊണ്ട് ഇനിമുതല്‍ കുറച്ചു നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കാം.

നേരത്തെ എഴുന്നേല്‍ക്കുന്നതുകൊണ്ടാണ് എന്താണ് പ്രയോജനം? നമുക്ക് നിരവധി കാര്യങ്ങള്‍ക്ക് സമയം ലഭിക്കുന്നു. ഒരു ദിവസത്തെ മുഴുവന്‍ കാര്യങ്ങളും പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നു. രാവിലത്തെ സമയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകം എഴുന്നേല്‍ക്കുന്നതേയുള്ളു എന്നതുകൊണ്ട് ഫോണ്‍ കോളുകളുടെയോ ഇ-മെയ്‌ലുകളുടെയോ ഒന്നും ശല്യമുണ്ടാകുന്നില്ല.

എത്ര ശ്രമിച്ചാലും രാവിലെ എഴുന്നേല്‍ക്കാന്‍ പറ്റാത്തവരാണോ നിങ്ങള്‍? എന്നാല്‍ അതിനും ഒരു സൂത്രമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ എഴുന്നേല്‍ക്കുന്ന സമയത്തിന് വെറും 15 മിനിറ്റ് മുമ്പ് ഇന്ന് അലാം വെച്ച് നാളെ എഴുന്നേല്‍ക്കുക. നാളെ അതിനും 15 മിനിറ്റ് മുമ്പ് അലാം വെക്കുക. ഇങ്ങനെ നിങ്ങള്‍ക്ക് വൈകിയെഴുന്നേല്‍ക്കുന്ന ശീലം മാറ്റിയെടുക്കാവുന്നതേയുള്ളു.

വിജയികളും അതിസമ്പന്നരുമായ ആളുകളില്‍ ബഹുഭൂരിപക്ഷവും അതിരാവിലെ എഴുന്നേല്‍ക്കുന്നവരാണ്. എന്നാല്‍ നേരത്തെ എഴുന്നേറ്റാല്‍ മാത്രം പോരാ. അവര്‍ രാവിലെ ചെയ്യുന്ന ചില ശീലങ്ങള്‍ കൂടിയുണ്ട്. വിജയികളുടെ രാവിലത്തെ 7 ശീലങ്ങള്‍ നമുക്കും പിന്തുടരാം.

1. വ്യായാമം

ഒരു ദിവസം തുടങ്ങാന്‍ ഇത്രയും നല്ലൊരു കാര്യം വേറെയില്ല. ഇഷ്ടമുള്ള, ചെറിയ വ്യായാമങ്ങളുമായി തുടങ്ങി പതിയെ അവയുടെ തീവ്രത കൂട്ടാവുന്നതേയുള്ളു. സാധാരണ വ്യായാമം കൊണ്ടുപോലും നിങ്ങളുടെ ഉല്‍പ്പാദനക്ഷമത ദിവസം 21 ശതമാനം കൂട്ടാമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോള്‍ നടത്തിയ ഗവേഷണത്തില്‍ പറയുന്നു.

2. പുതിയതെന്തെങ്കിലും പഠിക്കുക

നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ രാവിലത്തെ സമയം പ്രയോജനപ്പെടുത്താം. ഇതല്ലാതെ പഠിക്കാന്‍ നിങ്ങള്‍ക്ക് വേറൊരു സമയം കിട്ടിയെന്നിരിക്കില്ല.

3. നിങ്ങളുടെ നെറ്റ് വര്‍ക് വളര്‍ത്താം

വിജയിക്കാന്‍ ബന്ധങ്ങള്‍ വളര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്ന് നമുക്കറിയാം. എന്നാല്‍ ജീവിതത്തിന്റെ തിരക്കുകളില്‍പ്പെട്ട് പലപ്പോഴും നമുക്കതിന് സമയം കിട്ടാറില്ല. മെസേജുകള്‍ അയക്കാം, സാമൂഹ്യ മാധ്യമങ്ങളിലൂടെ സുഹൃത്ബന്ധങ്ങള്‍ ശക്തമാക്കാം, ലിങ്ക്ഡിന്‍ പോലുള്ള പ്രൊഫഷണല്‍ നെറ്റ് വര്‍ക്കുകളിലൂടെ പുതിയ ബന്ധങ്ങളുണ്ടാക്കാം... ഇതെല്ലാം നിങ്ങളുടെ കരിയര്‍/ബിസിനസ് വിജയിപ്പിക്കാന്‍ സഹായിക്കും.

4. ഗോളുകള്‍ നിശ്ചയിക്കാം

ഓരോ ദിവസവും ചെയ്യാനുള്ള കാര്യങ്ങള്‍ തീരുമാനിക്കുക മാത്രമല്ല. സമയപരിധി വെച്ച് ഹൃസ്വകാല ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനുള്ള സമയം കൂടിയാണിത്. ഒപ്പം നിങ്ങളുടെ പഴയ ലക്ഷ്യങ്ങള്‍ എത്രത്തോളം ഫലപ്രാപ്തിയിലെത്തി എന്ന് അവലോകനം ചെയ്യാം. ആവശ്യമെങ്കില്‍ പഴയ ഗോളുകളില്‍ മാറ്റം വരുത്താം.

5. ആ വലിയ കാര്യത്തിനായി ഒരുങ്ങുക

ഓരോ ദിവസവും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വലിയ കാര്യമുണ്ടാകും. ചിലപ്പോഴത് ഒരു വലിയ വെല്ലുവിളിയായിരിക്കും. രാവിലെ നിങ്ങളുടെ തലച്ചോര്‍ കൂടുതല്‍ മൂര്‍ച്ചയേറിയതായിരിക്കും. അതുകൊണ്ടുതന്നെ ആ വലിയ കാര്യത്തെ നേരിടാനായി മനസിനെ ഒരുക്കാന്‍ രാവിലത്തെ സമയം പ്രയോജനപ്പെടുത്താം.

6. കുടുംബത്തിനായി സമയം ചെലവഴിക്കുക.

രാവിലത്തെ സമയത്തിന്റെ ഒരുഭാഗം കുടുംബത്തിന് കൂടിയുള്ളതാണ്. കുടുംബത്തിനായി സമയം ചെലവഴിക്കുന്നത് ബന്ധങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ ആയുസും ആരോഗ്യവും കൂടി വര്‍ധിപ്പിക്കും.

7. പൊസിറ്റീവ് ഊര്‍ജ്ജം പകരുക

മനസിന് പൊസിറ്റിവിറ്റി കൊടുക്കാന്‍ രാവിലത്തെക്കാള്‍ മികച്ച സമയമില്ല. മെഡിറ്റേഷന്‍ ചെയ്യാന്‍ ഇഷ്ടമുള്ളവര്‍ക്ക് അതാകാം. സംഗീതം കേള്‍ക്കാം. ശുഭചിന്തകളോടെ ദിവസം തുടങ്ങുക

Related Articles
Next Story
Videos
Share it