വിജയവും സന്തോഷവും വേണോ? ഇതാ റിച്ചാര്‍ഡ് ബ്രാന്‍സന്റെ 8 അമൂല്യമന്ത്രങ്ങള്‍

ഏത് അളവുകോല്‍ വെച്ചുനോക്കിയാലും റിച്ചാര്‍ഡ് ബ്രാന്‍സണ്‍ വിജയത്തിന്റെ കൊടുമുടിയില്‍ തന്നെയാണ്. കൗമാരകാലത്ത് തന്നെ തന്റെ ആദ്യസംരംഭം തുടങ്ങിയ മള്‍ട്ടിബില്യണയറാണ് അദ്ദേഹം.

20ാം വയസില്‍ മെയ്ല്‍ ഓര്‍ഡര്‍ റെക്കോര്‍ഡ് ഷോപ്പ് ആരംഭിച്ചു. 22ാം വയസില്‍ റെക്കോര്‍ഡ് സ്‌റ്റോറുകളുടെ ഒരു ശൃംഖല തന്നെ അദ്ദേഹത്തിനുണ്ടായി. പിന്നീട് വിവിധ മേഖലകളില്‍ വിവിധ സ്ഥാപനങ്ങള്‍ അദ്ദേഹം തുടങ്ങി. വെര്‍ജിന്‍ റെക്കോര്‍ഡ്‌സ്, വെര്‍ജിന്‍ എയര്‍ലൈന്‍സ്, വെര്‍ജിന്‍ എക്‌സ്പ്രസ്, വെര്‍ജിന്‍ മൊബീല്‍, വെര്‍ജിന്‍ ഹോട്ടല്‍സ്, വെര്‍ജിന്‍ ക്രൂസ്, വെര്‍ജിന്‍ ഗാലാക്റ്റിക്... ഈ നിര നീളുന്നു.

അദ്ദേഹത്തിന്റെ കഴിവു മാത്രമല്ല ഇത് സൂചിപ്പിക്കുന്നത്. ബ്രാന്‍സന്റെ സ്വഭാവസവിശേഷതയ്ക്കും ഈ വിജയത്തില്‍ കാര്യമായ പങ്കുണ്ട്. ബ്രാന്‍സണ്‍ എപ്പോഴും സന്തോഷവാനായി കാണപ്പെടുന്ന വ്യക്തിയാണ്. ഹോബികളില്‍ താല്‍പ്പര്യമുള്ള വ്യക്തി. കായികവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നയാള്‍. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി ധാരാളം സമയം മാറ്റിവെക്കുന്ന സംരംഭകന്‍.

ബ്രാന്‍സണെ സംബന്ധിച്ചടത്തോളം അത്തരമൊരു ജീവിതം സൃഷ്ടിക്കുക വളരെ ലളിതമാണ്. അദ്ദേഹം പറയുന്നു: ''മറ്റുള്ളവരെ സ്‌നേഹിക്കുക. നിങ്ങള്‍ക്കുള്ളതിനോടെല്ലാം നന്ദിയുണ്ടാവുക. നിറഞ്ഞ മനസുണ്ടാവുക, ഹൃദയാലുവായിരിക്കുക. വിജയിക്കുന്നതുവരെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുക.''

ജീവിതത്തെ ഇത്രത്തോളം ലളിതമായി കാണുന്ന ഈ വലിയ മനുഷ്യനില്‍ നിന്ന് നമുക്കെന്താണ് പഠിക്കാനുള്ളത്?

1. എത്ര പണം ഉണ്ടാക്കി എന്നതുവെച്ച് നിങ്ങളുടെ വിജയത്തെ അളക്കരുത്.

സംരംഭകര്‍ തങ്ങളുടെ വിജയം അളക്കുന്നത് തങ്ങള്‍ എത്ര പണം ഉണ്ടാക്കി എന്നതുവെച്ചാണ്. അതൊരു തെറ്റിദ്ധാരണയാണ്. ലോകത്തെ മെച്ചപ്പെട്ടതാക്കാനുള്ള കാര്യങ്ങളില്‍ മുഴുകുക. പണം തനിയെ വരും. എത്രമാത്രം ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കിയാലും ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് കരുതുക. എങ്കില്‍ മാത്രമേ കൂടുതല്‍ വളരൂ. പക്ഷെ അപ്പോഴും നിങ്ങള്‍ ഈ നിമിഷം വരെ നേടിയതിനെ ഓര്‍ത്ത് അഭിമാനിക്കുകയും സന്തോഷിക്കുകയും വേണം.

2. ഈ നിമിഷത്തില്‍ ജീവിക്കുക

സ്വാഭാവികമായും എല്ലാവരും കരുതുക ബ്രാന്‍സണ്‍ സാങ്കേതികവിദ്യയെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നാകും. എന്നാല്‍ അദ്ദേഹം സാങ്കേതികവിദ്യക്ക് ഒരു പരിധി തീരുമാനിച്ചിട്ടുണ്ട്. 'മുഖാമുഖമുള്ള സംസാരത്തിന് പകരം വെക്കാന്‍ ഒന്നുമില്ല. ആ നിമിഷത്തില്‍ ജീവിക്കുക. നിങ്ങളുടെ ഗാഡ്ജറ്റുകള്‍ മാറ്റിവെക്കുക'- അദ്ദേഹം പറയുന്നു.

3. ചെയ്യുന്നതിലെല്ലാം 'ഫണ്‍' കണ്ടെത്തുക

നിങ്ങള്‍ ചെയ്യുന്നതില്‍ രസം കണ്ടെത്താനായില്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന രീതി തെറ്റാണെന്ന് വേണം കരുതാന്‍. ജീവിതം ആസ്വദിക്കാനുള്ള വഴികള്‍ കണ്ടെത്തുക. ജീവിക്കാനായി ജോലി ചെയ്യുന്നതിന് പകരം ജോലി ചെയ്യാനായി ജീവിക്കുക. ജോലി ആസ്വദിക്കുക. ''നിങ്ങള്‍ക്ക് ആ രസം കിട്ടുന്നില്ലെങ്കില്‍ നിങ്ങളത് ചെയ്യുന്നത് നിര്‍ത്തേണ്ട സമയമായി. വെറുക്കപ്പെട്ട ഒരു കാര്യം ചെയ്യുന്നതിനായി സമയം പാഴാക്കേണ്ടതില്ല. അത് നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷം കെടുത്തും.'' അദ്ദേഹം പറയുന്നു.

4. ഔട്ട്‌ഡോര്‍ ഹോബി വേണം

നിങ്ങളുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ഔട്ട്‌ഡോര്‍ വിനോദങ്ങള്‍ കണ്ടെത്തുക. അത് നി്ങ്ങളുടെ മൂഡ് ശരിയാക്കും, മനസിന് നിയന്ത്രണം തരും. ഹൈക്കിംഗ്, ബൈക്കിംഗ്, വിന്‍ഡ്‌സര്‍ഫിംഗ് എന്നിവയാണ് ബ്രാന്‍സണ് പ്രിയപ്പെട്ട വിനോദങ്ങള്‍. ചിലപ്പോള്‍ അദ്ദേഹം നായയുമായി നടക്കാന്‍ പോകും, രാത്രി ആകാശത്തിലേക്ക് നോക്കി സമയം ചെലവഴിക്കും....

5. ഡ്രീം ബിഗ്

കൗമാരകാലത്ത് വലിയൊരു സ്വപ്‌നവുമായി സംരംഭകയാത്ര തുടങ്ങിയ ബ്രാന്‍സണ് നമ്മോട് പറയാനും അതുതന്നെയാണുള്ളത്. വെര്‍ജിന്‍ റെക്കോര്‍ഡ്‌സ് ആരംഭിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ എല്ലാവരും അദ്ദേഹത്തെ നിരുല്‍സാഹപ്പെടുത്തി. പക്ഷെ ബ്രാന്‍സണ്‍ അതിന് ചെവികൊടുത്തില്ല. വിജയിക്കുമോയെന്ന് യാതൊരു ഉറപ്പുമില്ലാതിരുന്നിട്ടും തന്റെ സ്വപ്‌നം അദ്ദേഹത്തെ മുന്നോട്ടുകൊണ്ടുപോയി.

6. പഠിച്ചുകൊണ്ടേയിരിക്കുക

ബ്രാന്‍സണ്‍ ഒരു യൂണിവേഴ്‌സിറ്റിയിലും പഠിച്ചിട്ടില്ല. യഥാര്‍്ത്ഥത്തില്‍ അദ്ദേഹം ഹൈസ്‌കൂള്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് സംരംഭകനാകുകയായിരുന്നു. എന്നാല്‍ അദ്ദേഹം ജീവിതത്തെത്തന്നെ ഒരു യൂണിവേഴ്‌സിറ്റി ആയിക്കണ്ട് പഠിച്ചുകൊണ്ടിരുന്നു. പഠിക്കാനുള്ള ഒരു വലിയ അവസരമാണ് ജീവിതം മുഴുവന്‍. അറിവ് വര്‍ധിപ്പിച്ചുകൊണ്ട് നാം നമ്മുടെ മനസ് വിശാലമാക്കിക്കൊണ്ടിരിക്കുക.

7. പുതിയ കാര്യങ്ങള്‍ക്കായി ശ്രമിക്കുന്നതില്‍ ഭയം വേണ്ട

ഭയം എന്നൊരു വാക്ക് ബ്രാന്‍സന്റെ നിഘണ്ടുവില്‍ ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. 200ലേറെ വ്യത്യസ്ത മേഖലകളിലുള്ള കമ്പനികളുടെ അധിപനാണ് അദ്ദേഹം. ഭയമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഇത്രത്തോളം വിജയം നേടുമായിരുന്നില്ല. കംഫര്‍ട്ട് സോണില്‍ നിന്ന് ഇറങ്ങിവന്ന് പോരാടാന്‍ ബ്രാന്‍സണ്‍ എല്ലാവരോടും പറയുന്നു. ''എന്റെ ജീവിതത്തില്‍ ഒരു നല്ല കാര്യവും കംഫര്‍ട്ട് സോണില്‍ നിന്നുകൊണ്ട് സംഭവിച്ചിട്ടില്ലെന്ന് സത്യസന്ധമായി ഞാന്‍ പറയുകയാണ്.''

8. സന്തോഷം ഒരു ശീലമാക്കുക

ഓരോ ദിവസവും, പറ്റുമെങ്കില്‍ ഓരോ നിമിഷവും സന്തോഷം കണ്ടെത്തുക. വിജയത്തിന്റെ ഫലമായി ലഭിക്കുന്നതല്ല സന്തോഷം. പക്ഷെ നിങ്ങളുടെ ഉള്ളില്‍ നിന്ന് വരുന്ന സന്തോഷം നിങ്ങളെ വിജയിയാക്കാന്‍ സഹായിക്കും-ബ്രാന്‍സണ്‍ പറയുന്നു. ''അസാമാന്യമായ ഒരു ജീവിതം നയിക്കാന്‍ ഭാഗ്യം കിട്ടിയ ആളാണ് ഞാന്‍. ബിസിനസ് വിജയത്തിലൂടെ ലഭിച്ച സമ്പത്തുകൊണ്ടാണ് എനിക്ക് സന്തോഷം ലഭിക്കുന്നതെന്ന് കൂടുതല്‍പ്പേരും ചിന്തിക്കുന്നു. യഥാര്‍ത്ഥത്തില്‍ നേരെ തിരിച്ചാണ്. ഞാന്‍ സന്തോഷവാനായതുകൊണ്ടാണ് ഞാന്‍ വിജയിയും സമ്പന്നനും ആയത്.''

Related Articles
Next Story
Videos
Share it