Air Conditioner
Image by Canva

ഹോ, ചൂട് കൂടി; എ.സി വാങ്ങാന്‍ ചെന്നാല്‍ വിലയും കൂടി! ഇനിയും കൂടിയേക്കും

എ.സി വില വര്‍ധനയ്ക്ക് പ്രധാന കാരണം അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഉയര്‍ന്നതാണ്. പ്രത്യേകിച്ച് ചെമ്പ് വില അടുത്തകാലത്ത് വര്‍ധിച്ചതോടെ നിര്‍മ്മാണച്ചെലവ് കൂടി
Published on

വേനല്‍ച്ചൂട് കടുത്തതിനൊപ്പം എയര്‍ കണ്ടീഷണറുകള്‍ക്ക് (AC) വിലക്കയറ്റം. പ്രമുഖ ബ്രാന്‍ഡുകളായ എല്‍ജി (LG Electronics)യും ഹിറ്റാച്ചി (Hitachi)യും ഇതിനകം 5-7 ശതമാനം വരെ വില വര്‍ധിപ്പിച്ചതായി വിപണിയിലെ ഡീലര്‍മാര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ മറ്റ് കമ്പനികളും വില വര്‍ധിപ്പിക്കുമെന്നാണ് സൂചന.

ഡീലര്‍മാര്‍ പറയുന്നതനുസരിച്ച് ബ്ലൂ സ്റ്റാര്‍ (Blue Star), വോള്‍ട്ടാസ് (Voltas), ലോയ്ഡ് (Lloyd) തുടങ്ങിയ കമ്പനികളും അടുത്ത ദിവസങ്ങളില്‍ വില പരിഷ്‌കരിക്കാനാണ് സാധ്യത. വേനല്‍ക്കാലത്ത് എസികളുടെ ആവശ്യകത വേഗത്തില്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന

എ.സി വില വര്‍ധനയ്ക്ക് പ്രധാന കാരണം അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഉയര്‍ന്നതാണ്. പ്രത്യേകിച്ച് ചെമ്പ് (Copper) വില അടുത്തകാലത്ത് വര്‍ധിച്ചതോടെ നിര്‍മ്മാണച്ചെലവ് കൂടി. എസികളുടെ കംപ്രസര്‍, കണ്ടന്‍സര്‍ കോയില്‍, മറ്റ് പ്രധാന ഘടകങ്ങള്‍ എന്നിവയില്‍ കോപ്പര്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ വില വര്‍ധന നിര്‍മ്മാതാക്കളെ നേരിട്ട് ബാധിക്കുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത്

ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതും നിര്‍മ്മാണച്ചെലവ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. എ.സികളില്‍ ഉപയോഗിക്കുന്ന നിരവധി ഇലക്ട്രോണിക് ഘടകങ്ങള്‍ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കംപ്രസര്‍, സെന്‍സറുകള്‍, കണ്‍ട്രോള്‍ ബോര്‍ഡുകള്‍ എന്നിവയുടെ ഇറക്കുമതി ചെലവ് രൂപയുടെ ഇടിവിനെ തുടര്‍ന്ന് ഉയരുകയാണ്.

വിതരണ ശൃംഖലയില്‍ അനിശ്ചിതത്വം

ആഗോളതലത്തിലെ വിതരണ ശൃംഖല പ്രശ്‌നങ്ങളും വില വര്‍ധനയ്ക്ക് കാരണമായി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഗതാഗതച്ചെലവിലെ വര്‍ധനയും ചില ഘടകങ്ങളുടെ ലഭ്യതയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി ഡീലര്‍മാര്‍ പറയുന്നു.

പുതിയ ഊര്‍ജക്ഷമത മാനദണ്ഡങ്ങള്‍

പുതിയ ഊര്‍ജക്ഷമത മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതും നിര്‍മാതാക്കള്‍ക്ക് അധിക ചെലവ് സൃഷ്ടിക്കുന്നു. കൂടുതല്‍ വൈദ്യുതി ലാഭിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തുന്നതിനായി കമ്പനികള്‍ ഉല്‍പ്പന്ന രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരുന്നു. ഇതും എസികളുടെ നിര്‍മാണച്ചെലവ് ഉയരാന്‍ കാരണമായിട്ടുണ്ട്.

വേനല്‍ക്കാല ഡിമാന്‍ഡ് ഉയരും

മാര്‍ച്ച് മുതല്‍ മേയ് വരെ സാധാരണയെക്കാള്‍ ഉയര്‍ന്ന താപനിലയുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതോടെ എസികളുടെ ആവശ്യകത കുത്തനെ ഉയരുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇതിനെ മുന്നില്‍കണ്ട് ഡീലര്‍മാര്‍ ഇപ്പോഴേ തന്നെ സ്റ്റോക്ക് വര്‍ധിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ വില വര്‍ധനയ്ക്കും സാധ്യത

വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നതനുസരിച്ച് ഇപ്പോഴത്തെ വര്‍ധന തുടക്കമത്രെ. അസംസ്‌കൃത വസ്തുക്കളുടെ വിലയും നിര്‍മ്മാണച്ചെലവും തുടര്‍ന്നും ഉയര്‍ന്നാല്‍ ഈ വേനല്‍ക്കാലത്ത് മൊത്തം 10-15 ശതമാനം വരെ വില വര്‍ധിക്കാനിടയുണ്ട്.

എസികളിലെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതോടെ വിലയില്‍ കുറവ് ഉണ്ടായിരുന്നെങ്കിലും, പുതിയ ചെലവ് ഉയര്‍ച്ചകള്‍ കാരണം ആ നേട്ടം ഭാഗികമായി ഇല്ലാതാകുന്ന സ്ഥിതിയാണിപ്പോള്‍. വേനല്‍ക്കാല ചൂട് കൂടുന്നതിനൊപ്പം എസി വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് അടുത്ത മാസങ്ങളില്‍ കൂടുതല്‍ വില നല്‍കേണ്ടി വരാം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com