ചാറ്റ് ജി.പി.ടിയുടെ ഈ കാലത്ത് ബിസിനസിലും ജീവിതത്തിലും മുന്നേറാന്‍ സ്വന്തമായി പഠിക്കാന്‍ പഠിക്കണം
'കൈമള്‍ മാഷ്ടെ മകന്‍ എല്ലാം പഠിച്ചു, സ്വന്തമായി പഠിക്കാന്‍ മാത്രം പഠിച്ചില്ല!' എന്ന് പറയുന്നത് പോലെയാണ് പഠനത്തിന്റെ കാര്യം! എല്ലാം പഠിച്ചു, എന്നാല്‍ സ്വയം പഠിക്കാന്‍ മാത്രം പഠിച്ചില്ല !
ഒരു പക്ഷേ ഓരോരുത്തരും ഒരു ഡിഗ്രി വരെയെങ്കിലും പഠിച്ചിട്ടുണ്ടാവുക വീട്ടുകാരുടെയോ മാറ്റാരുടെയെങ്കിലുമൊക്കെയോ നിര്‍ബന്ധത്തിലോ, മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആയിരിക്കും. സ്വന്തം ഇഷ്ടത്തിനനുസരിച്ച് പഠിച്ചവര്‍ കുറവായിരിക്കും. എല്ലാവരും ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നത്. അപ്പോള്‍ ഇങ്ങനെ പഠിച്ചാല്‍ പോരേ? സ്വന്തമായി പഠിക്കാന്‍ പഠിക്കേണ്ടതുണ്ടോ? ഉണ്ട്.
അത്യാവശ്യം വേണ്ട കഴിവ്
സ്വന്തമായി പഠിക്കാന്‍ പഠിക്കുക എന്നത് ഈ നൂറ്റാണ്ടില്‍ ജീവിക്കാന്‍ വേണ്ട ഏറ്റവും വിശേഷപ്പെട്ട ഒരു കഴിവാണ്, അതിനെ Self Directed Learning എന്ന് വിളിക്കാം. സ്വന്തം പഠനത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്ന പ്രക്രിയയെയാണ് Self-directed learning എന്ന് പറയുന്നത്. സ്വന്തമായി ലക്ഷ്യങ്ങള്‍ ഉണ്ടാക്കി, സ്വന്തം പഠനത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുത്തു, അതിന് വേണ്ട റിസോഴ്‌സുകളെല്ലാം സ്വയം കണ്ടെത്തി കാര്യങ്ങള്‍ സ്വയം പഠിക്കുന്ന രീതി!
പാരമ്പര്യ വിദ്യാഭ്യാസ രീതിയില്‍ നിന്നും മാറി ഒരാള്‍ എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, പഠിച്ച കാര്യങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നിവയെല്ലാം സ്വന്തം ത്തരവാദിത്തത്തിലായിരിക്കും ചെയ്യുന്നത് എന്ന് മാത്രം.
എങ്ങനെ ചെയ്യാം?
Self-directed learning ചെയ്യാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഇന്നുണ്ട്. ഓണ്‍ലൈന്‍ കോഴ്സുകള്‍ ചെയ്യുക, പുസ്തകങ്ങള്‍ വായിക്കുക, വിവിധ വര്‍ക്ക്ഷോപ്പുകളില്‍ പങ്കെടുക്കുക, മെന്റര്‍ഷിപ്പ് എടുക്കുക, കോച്ചിംഗ് എടുക്കുക, യാത്രയിലൂടെ പഠിക്കുക, അനുഭവങ്ങളിലൂടെ പഠിക്കുക തുടങ്ങി ഒരുപാട് രീതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഏതൊരു ജോലിയിലേക്കുമുള്ള തെരെഞ്ഞെടുപ്പ് പ്രക്രിയയിലും ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള ഒരുപാട് പേര്‍ അപേക്ഷിക്കുമ്പോള്‍ ആരെ തെരെഞ്ഞെടുക്കും എന്നത് വലിയ ഒരു പ്രതിസന്ധിയാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തമായി കാര്യങ്ങള്‍ പഠിച്ചെടുക്കുന്നവരുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും. അത് കൊണ്ട് തന്നെ അവര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
മുന്‍പൊക്കെ ഏതെങ്കിലും ഒരു ജോലിക്ക് കയറി, ചെറിയ ചെറിയ പ്രൊമോഷനുകളൊക്കെ നേടി, ഒരുപാട് കാലം ആ ജോലി ചെയ്ത് റിട്ടയര്‍ ചെയ്യുക എന്നതായിരുന്നു രീതി. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന ഒരു ജോലി നാളെ ഉണ്ടായിക്കൊള്ളണമെന്നില്ല. അതല്ലെങ്കില്‍ അവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി മാനേജ് ചെയ്യാവുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ടാവും! അവിടെയാണ് സെല്‍ഫ് ഡയറക്റ്റഡ് ലേണിംഗിന്റെ പ്രസക്തി.
പുതിയ കാലത്തിനനുസരിച്ച് മാറാനും, പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും പുതിയ കഴിവുകള്‍ ആര്‍ജ്ജിക്കാനും കഴിയുന്നവര്‍ക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് വേറിട്ട് നില്‍ക്കാന്‍ സാധിക്കും, ഏതൊരു മേഖലയുടെയും ഒരിക്കലും ഒഴിവാക്കപ്പെടാനാവാത്ത സാനിധ്യമായി അവര്‍ക്ക് തുടരാനുമാവും.
സമയം വൈകിയിട്ടില്ല
പഠനമൊക്കെ കഴിഞ്ഞ് ഒരുപാട് വര്‍ഷമായി ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ പഠന കാലം കഴിഞ്ഞു പോയി, എന്ന് കരുതി സങ്കടപ്പെടേണ്ട കാര്യമില്ല, ഇപ്പോഴും സ്വന്തം പഠനത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കാന്‍ കഴിയും. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍, അല്ലെങ്കില്‍ ബിസിനസ്സില്‍ വേണ്ട അറിവിലും വൈദഗ്ധ്യത്തിലും എവിടെയാണ് ഗ്യാപ്പുള്ളത് എന്ന് സ്വയം മനസ്സിലാക്കിയാല്‍ മതി. ശേഷം സ്വന്തമായ പഠനത്തിലൂടെ ആ വിടവുകള്‍ നികത്താന്‍ തുടങ്ങുക.
പുതിയ സര്‍ട്ടിഫിക്കേഷനുകള്‍ നേടുക, ഭാഷ പഠിക്കുക, കഴിവുകള്‍ വര്‍ധിപ്പിക്കുക, പുതിയ സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ സാങ്കേതിക വിദ്യകള്‍ പഠിക്കുക, സ്വന്തം തൊഴില്‍ മേഖലയില്‍ അടുത്ത ഘട്ടത്തില്‍ വരാന്‍ പോകുന്ന അഡ്വാന്‍സ്‌മെന്റുകളെ മനസ്സിലാക്കി അതില്‍ വൈദഗ്ധ്യം നേടുക തുടങ്ങി ഏതു രീതിയിലുമാവാം.
പഠനമെന്നത് ജീവിതത്തിലെ ഒരു പ്രത്യേക കാലത്ത് മാത്രം ചെയ്യാനുള്ളതല്ല, അത് ജീവിതകാലം മുഴുവന്‍ തുടരാനാവും, ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുക, സ്വയം പുതുക്കലിന് വിധേയനായിക്കൊണ്ടിരിക്കുക. നിങ്ങള്‍ക്കും മാറ്റത്തിനൊപ്പം മുന്നേറാം.