

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില് കയറ്റിറക്കങ്ങളുണ്ടാകും. എന്നും മുകളിലേക്ക് മാത്രം ഉയരുന്ന ഗ്രാഫല്ല ജീവിതം. എന്റെ ചെറുപ്പത്തില് തന്നെ പിതാവ് മരിച്ചു. 28-ാം വയസില് ബിസിനസിന് നേതൃത്വം കൊടുക്കേണ്ടി വന്നു. മുംബൈയിലെമ്പാടും തുണിമില്ലുകളിലുണ്ടായ സമരം മൂലം ടെക്സ്റ്റൈല് ഇന്ഡസ്ട്രിയിലുണ്ടായിരുന്ന ഞങ്ങള് പാപ്പരായി. ആ പ്രതിസന്ധിയാണ് പുതിയ മേഖലകളിലേക്ക് കടക്കാന് എന്നെ പഠിപ്പിച്ചത്. ഫാര്മസ്യൂട്ടിക്കല്സ് രംഗത്തേക്ക് കടക്കുന്നത് അങ്ങനെയാണ്. സമചിത്തതയാണ് ഏറ്റവും പ്രധാനമായി വേണ്ടത്. സാഹചര്യങ്ങള് ബുദ്ധിമുട്ടേറിയതാകാം; പക്ഷേ എല്ലാം ശുഭമായി വരും.
ഡാറ്റ, കണ്സള്ട്ടന്റുമാര്, ഉപദേശങ്ങള് എന്നിവയെല്ലാം നല്ലതാണ്. പക്ഷേ അവയൊന്നും വ്യക്തിപരമായ ഉത്തരവാദിത്തത്തിന് ബദലാകുന്നില്ല. ഒരിക്കലും നിങ്ങളുടെ വിലയിരുത്തലോ, അല്ലെങ്കില് തീരുമാനമെടുക്കാനുള്ള കഴിവോ ഔട്ട് സോഴ്സ് ചെയ്യാനാകില്ല. എന്റെ മുപ്പതുകളുടെ തുടക്കത്തിലാണ് ഫാര്മസ്യൂട്ടിക്കല്സ് രംഗത്തേക്ക് ബിസിനസ് വിപുലീകരണത്തിന് ഞങ്ങള് നീക്കം നടത്തിയത്. അക്കാലത്ത് ഗ്ലോബല് കണ്സള്ട്ടന്റുമാര് ഇന്ത്യയില് ഫാര്മസ്യൂട്ടിക്കല്സ് രംഗത്തിന് അത്ര തിളക്കമാര്ന്ന ഭാവി കണ്ടിരുന്നില്ല. ഞങ്ങളുടെ കണക്കുകൂട്ടലാണ് കാര്യങ്ങള് വ്യത്യസ്തമാക്കിയതെന്ന് ഞാന് കരുതുന്നു.
ഓരോ ബിസിനസിനും ഉദാത്തമായ ലക്ഷ്യങ്ങള് വേണം. Doing well and doing good ഇതാണ് പിരമള് ഗ്രൂപ്പിന്റെ പര്പ്പസ്. ബിസിനസ് അതിന്റെ ഏറ്റവും പരമോന്നതമായ പ്രകടനം കാഴ്ചവെക്കുമ്പോള് തന്നെ സമൂഹത്തിന് തിരികെ നാം പലതും ചെയ്യേണ്ടിയിരിക്കുന്നു. മികച്ച സാങ്കേതികവിദ്യ, മികവാര്ന്ന പ്രകടനം, സഹജീവികളോടുള്ള കരുതല്, സമൂഹത്തില് ശക്തമായ സ്വാധീനം- ഇതാണ് ഗ്രൂപ്പിനെ ഒരുമിച്ച് നിര്ത്തുന്ന മൂല്യം.
എല്ലാം വിധിയെന്ന് സമാശ്വസിക്കുന്നതില് ഒരു അടിസ്ഥാനവുമില്ല. നമുക്ക് അദമ്യമായ ഒരു ആഗ്രഹമുണ്ടെങ്കില് അതിനായി ശരിയായ പ്രവര്ത്തനം ശരിയായ ദിശയില് നാം നടത്തിയാല് ആഗ്രഹത്തെ നമ്മുടെ 'വിധി'യാക്കി മാറ്റാം. നമ്മുടെ ഭാവി രചിക്കുന്നത് നാം തന്നെയാണ്. 1988ല് ലോകത്ത് 48-ാം സ്ഥാനത്തായിരുന്ന നിക്കോളാസ് ലബോറട്ടറിയെ 2000ത്തില് ഞങ്ങള് ലോകത്തെ ടോപ് 5ല് കൊണ്ടുവന്നത് സ്വപ്നം കാണുന്ന ലക്ഷ്യം നമുക്ക് നേടാനാകുമെന്നതിന്റെ ഉദാഹരണം മാത്രമാണ്.
ഈ പ്രപഞ്ചം നമുക്ക് എന്തെല്ലാം തരുന്നു. ഓരോ ദിവസവും നാം പ്രകൃതിയില് നിന്ന് എത്രയോ കാര്യങ്ങള് സ്വീകരിക്കുന്നു. എന്നിട്ട് തിരികെ എന്തെങ്കിലും ചെയ്യാന് എന്തിനെയാണ് നാം കാത്തിരിക്കുന്നത്. എത്രയും നേരത്തെ തന്നെ സമൂഹത്തിന് തിരികെ കൊടുക്കുക.
ജീവിതത്തില് കൃത്യമായൊരു മുന്ഗണനാക്രമമുണ്ട്. മുന്ഗണനാക്രമത്തില് ആദ്യത്തേത് ആരോഗ്യമാണ്. രണ്ടാമത്തേത് കുടുംബം, മൂന്നാമതാണ് ബിസിനസ്, അല്ലെങ്കില് പ്രൊഫഷന്, അല്ലെങ്കില് മറ്റെന്തെങ്കിലും ലക്ഷ്യങ്ങള് വരിക.
(Originally published in Dhanam Magazine October 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine