ബിരിയാണി പോര, വേണ്ടത് മന്തിയും കബ്‌സയും; മലയാളിയോടൊപ്പം ചുവടുമാറ്റി സ്പൈസസ് കമ്പനികള്‍

കോവിഡിന് മുമ്പ് ഹോട്ടലില്‍ കയറി ചപ്പാത്തിയും ചിക്കന്‍ കറിയും കഴിച്ചിരുന്നവര്‍ ഇന്ന് അല്‍ഫാമിനും മന്തിക്കും പിറകെയാണ്. വൈകുന്നേരം ചായക്കൊപ്പമുണ്ടായിരുന്ന പഴം പൊരിയും ഉഴുന്നുവടയും മാറി ഷവര്‍മയായി. നേരത്തെ, നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്ന ഗോപാലന്‍ ചേട്ടന്റെയും അന്ത്രുക്കാന്റെയും ചായക്കടകളുടെ സ്ഥാനത്ത് ഇപ്പോള്‍ ഷവര്‍മ-ഷവായി കഫ്റ്റീരിയകളും ബര്‍ഗര്‍ ഷോപ്പുകളുമാണ്. കുട്ടികള്‍ മുതല്‍ വയോധികരടക്കമുള്ളവരുടെ ജീവിതരീതിയില്‍ ഈ മാറ്റം കൊണ്ടുവന്നതിന് കോവിഡും ഒരു നിമിത്തമായി.

കോവിഡ് കാലത്ത് പരമ്പരാഗതമായി ഉണ്ടായിരുന്ന പല ഹോട്ടലുകളും പൂട്ടിപ്പോയപ്പോള്‍ ഉയര്‍ന്നുവന്നതില്‍ ഭൂരിഭാഗവും അറേബ്യന്‍ ഭക്ഷണങ്ങളും, ബര്‍ഗര്‍ പോലുള്ളവയും നല്‍കുന്ന പുതുതലമുറ ഷോപ്പുകളാണ്. ''കോവിഡ് കാലത്ത് സംസ്ഥാനത്ത് 30 ശതമാനത്തിലധികം ഹോട്ടലുകളും റസ്‌റ്റോറന്റുകളുമാണ് പൂട്ടിപ്പോയത്. അതേസമയം, 10 ശതമാനം പുതുതായി ഉയര്‍ന്നുവരികയും ചെയ്തു. ഇവയൊക്കെയും അറേബ്യന്‍ റസ്റ്റോറന്റുകളും ബര്‍ഗര്‍ ഷോപ്പുകളുമാണ്'' ഗുരുവായൂരിലെ ഹോട്ടല്‍ ഉടമയും ആള്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ബിജുലാല്‍ ധനത്തോട് പറഞ്ഞു.
ആസ്വദിച്ച് കഴിക്കാനും ഫോട്ടോകള്‍ എടുക്കാന്‍ കഴിയുന്നതുമായ സൗകര്യങ്ങളോടെയുമാണ് അറേബ്യന്‍ റസ്റ്ററന്റുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി മികച്ച ഇന്റീരിയറുകളാണ് ഹോട്ടല്‍ ഉടമകള്‍ തെരഞ്ഞെടുക്കുന്നത്. കൂടാതെ, ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ടുവരുന്ന മജ്‌ലിസ് പോലുള്ള സീറ്റിംഗ് രീതികളും സംസ്ഥാനത്ത് പ്രചരിക്കുന്നുണ്ട്.
സംസ്ഥാനത്ത് അറേബ്യന്‍ ഭക്ഷണങ്ങളുടെ പ്രീതി വര്‍ധിച്ചതോടെ ഇതിനോടനുബന്ധിച്ചുള്ള രംഗങ്ങളിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സ്‌പൈസസ് വിപണിയില്‍. മന്തി, സൂമി പോലുള്ളവയുടെ പാചകത്തിന് ഗുണമേന്മയുള്ള
സ്‌പൈസസ്
ആവശ്യമാണ്. ഷവായി, അല്‍ഫാം തുടങ്ങിവയക്ക് അവയുടെ മസാലക്കൂട്ടാണ് രുചി നിര്‍ണയിക്കുന്നതും. ഇതുകണക്കിലെടുത്ത് സംസ്ഥാനത്തെ സ്‌പൈസസ് കമ്പനികളും കളം മാറ്റിചവിട്ടി ഇവയ്ക്ക് കൂടുതല്‍ പ്രധാനം നല്‍കിത്തുടങ്ങിയിട്ടുണ്ട്.
''അറേബ്യന്‍ റസ്റ്റോറന്റുകളും ഭക്ഷണങ്ങളും വ്യാപകമായതോടെ ഇവയുടെ മസാലകള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. മന്തി മസാലകള്‍ക്കും മറ്റും ആവശ്യക്കാരേറെയാണ്. വീടുകളില്‍ പോലും ഇപ്പോള്‍ അറേബ്യന്‍ ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നത് വര്‍ധിച്ചുവരുന്നുണ്ട്'' കിച്ചന്‍ ട്രഷേഴ്സിന്റെ ഉല്‍പ്പാദകരായ ഇന്റര്‍ഗ്രോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശോക് മാണി ഈ രംഗത്തെ മാറ്റത്തെകുറിച്ച് ചൂണ്ടിക്കാട്ടുന്നു. നേരത്തെ സാമ്പാര്‍, ചിക്കന്‍ മസാലകള്‍ക്കാണ് സംസ്ഥാനത്ത് കൂടുതലായി ആവശ്യക്കാരുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അറേബ്യന്‍ മസാലകളും ചോദിച്ചെത്തുന്നവര്‍ വര്‍ധിച്ചിട്ടുണ്ടെന്ന് കടയുടമകളും പറയുന്നു.


Related Articles
Next Story
Videos
Share it