ജീവിതം കൂടുതല്‍ സന്തോഷകരമാക്കാന്‍ ഇതാ 7 വഴികള്‍

തിരക്കിട്ട ഓട്ടപ്പാച്ചിലിനിടയില്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ മറന്നുപോകരുത്
ജീവിതം കൂടുതല്‍ സന്തോഷകരമാക്കാന്‍ ഇതാ 7 വഴികള്‍
Published on

സന്തോഷം പല രൂപത്തില്‍ ഉണ്ടാകാമെങ്കിലും, മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം അതുതന്നെയാണ്. അരിസ്റ്റോട്ടില്‍ പറഞ്ഞത് പോലെ 'സന്തോഷമാണ് ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും. മനുഷ്യന്റെ നിലനില്‍പ്പിന്റെ മുഴുവന്‍ ലക്ഷ്യവും.' നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ സന്തോഷം പകരാനുള്ള ഏഴ് വഴികളിതാ...

1. ആനന്ദം ജീവിത ലക്ഷ്യമാക്കുക

കൂടുതല്‍ ആളുകളും അവര്‍ക്ക് ലഭിച്ചേക്കാമെന്ന് വിശ്വസിക്കുന്ന നേട്ടങ്ങള്‍ക്കും സമ്പത്തിനും അംഗീകാരത്തിനും വേണ്ടി ജീവിതകാലം ചെലവഴിക്കുന്നു. എന്നാല്‍ സന്തോഷം തന്നെയാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് തിരിച്ചറിയുമ്പോള്‍, അത് നിങ്ങളെ തേടിയെത്തും. നല്ലൊരു സംഭാഷണം, ലളിതമായ ഭക്ഷണം, അല്ലെങ്കില്‍ ശാന്തമായ ഒരു നടത്തം പോലും വലിയ സംതൃപ്തി നല്‍കും.

2. ജീവിതത്തിലും ജോലിയിലും സന്തോഷം കണ്ടെത്തുക

പലരും ജോലിയെയും വ്യക്തിജീവിതത്തെയും വേര്‍തിരിച്ച് സന്തോഷം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നവരാണ്. ഏതെങ്കിലും ഒരു കംപാര്‍ട്ട്‌മെന്റില്‍ ഒതുക്കാവുന്നതല്ല ആനന്ദം. നിങ്ങളുടെ ജോലിയില്‍ സമ്മര്‍ദ്ദം കൂടുമ്പോള്‍ അത് നിങ്ങളുടെ വ്യക്തിജീവിതത്തിലേക്കും പടരുന്നു. തിരിച്ചും അങ്ങനെ തന്നെ. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിറഞ്ഞുനില്‍ക്കുമ്പോഴാണ് സന്തോഷം ശക്തമാകുന്നത്. നിങ്ങളുടെ മൂല്യങ്ങള്‍, ജോലി, വ്യക്തിജീവിതം എന്നിവയെല്ലാം ഒത്തൊരുമിച്ച് പോകണം.

3. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിഷമിക്കാതെ മുന്നോട്ട് നോക്കുക

സന്തോഷം ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം ആവശ്യമാണ്. പലപ്പോഴും ആളുകള്‍ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പറ്റാത്തതിനെ കുറിച്ചോ, പാഷന്‍ പിന്തുടരാന്‍ ശ്രമിക്കാത്തതിനെ കുറിച്ചോ ഓര്‍ത്ത് പിന്നീട് ഖേദിക്കാറുണ്ട്. നിങ്ങളെ ശരിക്കും സന്തോഷവാനാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനായി മതിയായ സമയം നിങ്ങള്‍ ചെലവഴിക്കുന്നുണ്ടോ എന്ന് സ്വയം ചോദിച്ചു നോക്കുക. സൗഹൃദങ്ങള്‍ വളര്‍ത്തുന്നതിനോ ഹോബികള്‍ പിന്തുടരുന്നതിനോ യാത്ര ചെയ്യുന്നതിനോ ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളോ എന്തുമാകാം അത്. പിന്നീട് ചെയ്യാം എന്നുപറഞ്ഞ് ഒന്നും മാറ്റിവെയ്ക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

4. എപ്പോഴും ഉപകാരസ്മരണയുള്ളവരായിരിക്കുക

ഉപകാരസ്മരണയാണ് (Gratitude) എന്നെന്നും നിലനില്‍ക്കുന്ന സന്തോഷം കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്ന്. രോഗം, നിരാശ, വഞ്ചന, നഷ്ടം തുടങ്ങിയ വെല്ലുവിളികളുമായി ജീവിതം നിങ്ങളെ പരീക്ഷിച്ചേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപകാരസ്മരണ നേട്ടമാകും. ജീവിതത്തില്‍ നേടാന്‍ കഴിഞ്ഞതിനെ കുറിച്ച് ഓര്‍ക്കുന്നത് വേദനയുടെ ഓര്‍മകള്‍ ഇല്ലാതാക്കും.

5. പ്രശ്നങ്ങളില്‍ അവസരങ്ങള്‍ കണ്ടെത്തുക

ജീവിതം ഒരിക്കലും സന്തോഷത്തിന്റേത് മാത്രമാകില്ല. വെല്ലുവിളികളും തിരിച്ചടികളും നിരാശയും എപ്പോഴുമുണ്ടാകും. അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. പ്രശ്‌നങ്ങളെ സ്ഥിരം തടസങ്ങളായി കാണാതെ, പഠിക്കാനും വളരാനും വഴിമാറി നടക്കാനുമുള്ള അവസരമായി അതിനെ കാണണം. ജോലിയിലെ ഒരു തിരിച്ചടി ചിലപ്പോള്‍ മികച്ച ഒരു ജോലിയിലേക്കുള്ള വാതില്‍ തുറന്നേക്കാം.

6. നിങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ നല്‍കുക

നല്‍കുന്നതില്‍ സവിശേഷമായ ഒരു ആനന്ദമുണ്ട്. നിങ്ങള്‍ നല്‍കുന്നത് സമയമോ, ദയയോ, വിഭവമോ എന്തുമാകട്ടെ, അവ നല്‍കുമ്പോള്‍ ഊഷ്മളതയും ബന്ധങ്ങളും തിരികെ ലഭിക്കുന്നു. അത് ബന്ധങ്ങള്‍ കരുത്തുറ്റതാക്കുന്നു. നിങ്ങള്‍ക്ക് ചുറ്റും പോസിറ്റിവിറ്റി നിറയ്ക്കുന്നു. കാലക്രമേണ ഭംഗി നഷ്ടപ്പെടുന്ന ഏതെങ്കിലും ഭൗതിക വസ്തുക്കളില്‍ നിന്ന് ഭിന്നമായി സന്തോഷം നീണ്ടുനില്‍ക്കുകയും ഇരട്ടിക്കുകയും ചെയ്യുന്നു.

7. കോപം, അസൂയ, അത്യാഗ്രഹം, വെറുപ്പ് എന്നിവ ഒഴിവാക്കുക

ചില വികാരങ്ങള്‍ സന്തോഷത്തിന് തടസം നില്‍ക്കും. കോപം നിങ്ങളുടെ ഊര്‍ജം കെടുത്തും. അസൂയ നിങ്ങളെ അസ്വസ്ഥനാക്കും. അത്യാഗ്രഹം അസന്തുഷ്ടനാക്കും. വിദ്വേഷം നിങ്ങളെ പഴയ മുറിവുകളില്‍ തളച്ചിടും. ഇവയില്‍ വിദ്വേഷം ഏറെ ദോഷകരമാണ്. സംഭവിച്ചു പോയ കാര്യങ്ങളെ അംഗീകരിക്കുകയും നിങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. വേദനാജനകമായ കാര്യങ്ങള്‍ വീണ്ടും ഓര്‍ക്കുന്നതിന് പകരം അതില്‍ ഒളിഞ്ഞിരിക്കുന്ന പാഠങ്ങളും അവസരങ്ങളും കണ്ടെത്താന്‍ ശ്രമിക്കാം.

ഭാഗ്യം, അവസരം അല്ലെങ്കില്‍ ബാഹ്യ നേട്ടങ്ങള്‍ എന്നിവയെ ആശ്രയിച്ചല്ല സന്തോഷം നിലനില്‍ക്കുന്നത്. നിങ്ങളുടെ ദിവസേനയുള്ള തിരഞ്ഞെടുപ്പുകളുടെയും നിങ്ങളുടെ ഊര്‍ജം എന്തില്‍ കേന്ദ്രീകരിക്കുന്നു എന്നതിന്റെയും എന്ത് വികാരമാണ് നിങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് എന്നതിന്റെയും വെല്ലുവിളികളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെയും അടിസ്ഥാനത്തിലാണത് രൂപപ്പെടുന്നത്.

അതിനെ ഒരു ലക്ഷ്യമായി എടുക്കുകയും ഉപകാരസ്മരണ വളര്‍ത്തുകയും ശരിയായ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും നെഗറ്റീവ് വികാരങ്ങള്‍ ഒഴിവാക്കുകയും ചെയ്യുമ്പോഴാണ് സന്തോഷം വര്‍ധിക്കുന്നത്.

അശോക് സൂട്ട

ചെയര്‍മാന്‍&ചീഫ് മെന്റര്‍,

ഹാപ്പിയസ്റ്റ് മൈന്‍ഡ്സ്

ടെക്‌നോളജീസ്

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com