വര്‍ക്കിംഗ് സ്‌പേസ്, റേഡിയോ ലോഞ്ച്, സ്പാ.. ബംഗളുരു വിമാനത്താവളത്തിന് പുതുമോടി

യാത്രക്കിടയില്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ക്കിംഗ് സ്‌പേസ് ക്വിബിക്കിളുകള്‍, സംഗീതം ആസ്വദിക്കാന്‍ റേഡിയോ ലോഞ്ച്, മൈസൂരിന്റെ വാസ്തുശില്‍പ ഭംഗി നിറഞ്ഞു നില്‍ക്കുന്ന സ്പാ....ബംഗളുരു വിമാനത്താവളത്തിന്റെ മാറിയ മുഖം യാത്രികരുടെ മനം കവരുന്നത് തന്നെ. പരമ്പരാഗതവും ആധുനികവുമായ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ബംഗളുരു കേമ്പേഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു. യാത്രകള്‍ ആനന്ദകരമാക്കുന്ന അനുഭവങ്ങള്‍ നുരയുകയാണിവിടെ. കര്‍ണ്ണാടകയുടെ പാരമ്പര്യം വിളിച്ചോതുന്ന കോഫി ഷോപ്പുകള്‍ മുതല്‍ അന്താരാഷ്ട്ര ഫുഡ് ബ്രാന്റുകള്‍ വരെ പുത്തന്‍ യാത്രാനുഭവങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു. പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം പൂര്‍ത്തിയാക്കിയപ്പോള്‍ 'പൂന്തോട്ടത്തിലെ ടെര്‍മിനല്‍' എന്ന പേരാണ് പുതിയ ടെര്‍മിനലിന് നല്‍കിയിരിക്കുന്നത്.

പൂന്തോട്ടത്തിലെ ടെര്‍മിനല്‍

'ടെര്‍മിനല്‍ ഇന്‍ എ ഗാര്‍ഡന്‍'- ഇതാണ് ടെര്‍മിനല്‍ രണ്ടിന് നല്‍കിയിരിക്കുന്ന പേര്. കേള്‍ക്കുന്ന പോലെ തന്നെ പ്രകൃതി കൂടി ഉള്‍കൊണ്ടുള്ള നിര്‍മിതികൾ. പല തരത്തിലുള്ള ചെടികള്‍ കൊണ്ട് അലങ്കരിച്ച്, തദ്ദേശീയമായ കലാരൂപങ്ങളെ ചിത്രീകരിച്ച് ടെര്‍മിനലും അകത്തുള്ള ഡൊമസ്റ്റിക് ലോഞ്ചും മനോഹരമാക്കിയിരിക്കുന്നു. ബംഗളുരുവിന്റെ എസ്.ടി.ഡി കോഡ് ആയ 080 കൂടി ചേര്‍ത്താണ് ഡൊമസ്റ്റിക് ലോഞ്ചിന് പേരിട്ടിരിക്കുന്നത്. വിമാനം കാത്തിരിക്കുന്നതിനിടെ ജോലി ചെയ്യുന്നതിന് സ്വതന്ത്രമായ വര്‍ക്ക്‌സ്‌പേസ് ക്വിബിക്കിളുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രാഫഷണലുകള്‍ക്ക് സംഗീതം ആസ്വദിച്ച് ഇവിടെ ജോലികള്‍ പൂര്‍ത്തിയാക്കാം. വിമാനം കാത്തിരിക്കാനുള്ള സ്ഥലം എന്നതിനപ്പുറം മറക്കാനാവാത്ത യാത്രാനുഭവം ഒരുക്കുകയെന്നതാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ബംഗളുരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കുന്നു.

ദേശി രുചികള്‍ മുതല്‍ അന്താരാഷ്ട്ര ബ്രാന്റുകള്‍ വരെ

കര്‍ണാടകയുടെ പ്രശസ്തമായ കോഫി മുതല്‍ അന്താരാഷ്ട്ര ബ്രാന്റുകള്‍ വരെ ഇവിടെയുള്ള ഔട്ട്‌ലെറ്റുകളില്‍ ലഭിക്കുന്നു. ഭക്ഷണം, മദ്യം, വിനോദം എന്നിങ്ങനെ ആസ്വാദനത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കാണ് യാത്രികരെ ക്ഷണിക്കുന്നത്. മോണ്ട് ബ്ലാങ്ക്, ബോസ തുടങ്ങിയ പ്രമുഖ ബ്രാന്റുകള്‍ക്കൊപ്പം പ്രാദേശിക നിര്‍മ്മിതമായ കരകൗശല വസ്തുക്കള്‍ക്കും ഇവിടെ ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. തദ്ദേശീയര്‍ക്കിടിയില്‍ പ്രശസ്തമായ കുടക് കഫേ മുതല്‍ സലാഡിനും ചീസ് കേക്കിനും ഖ്യാതി നേടിയ ലോസ് ആഞ്ചലസില്‍ നിന്നുള്ള മിഷലിന്‍ സ്റ്റാര്‍ റസ്‌റ്റോറന്റും പ്രവര്‍ത്തിക്കുന്നു. ഹൈഡ്‌സൈന്‍, സിംസണ്‍, എസ്.എസ്.ബ്യൂട്ടി, ഫാബ് ഇന്ത്യ, ഫോസില്‍, ഹാംലേസ്, ഫോറസ്റ്റ് എസന്‍ഷ്യല്‍സ് തുടങ്ങിയ ബ്രാന്റുകളുടെ സാന്നിധ്യവും ഇവിടെയുണ്ട്. ബംഗളുരുവിലെ പ്രശസ്തമായ ആര്‍.സി.ബി ബാര്‍ ഉള്‍പ്പടെയുള്ള മദ്യശാലകളും ഈ ടെര്‍മിലനില്‍ യാത്രക്കാര്‍ക്ക് വിരുന്നൊരുക്കുന്നു.

Related Articles
Next Story
Videos
Share it