വിജയത്തിന്റെ ഫ്രാങ്ക്‌ളിൻ ഫോർമുല: ഒരു സാധാരണക്കാരനെ ലോകനേതാവാക്കിയ 13 ശീലങ്ങൾ!

ഓരോ വ്യക്തിയിലും ഒരു വിജയിയുണ്ട്. നിതാന്ത പരിശ്രമം കൊണ്ട്, ആത്മവിശ്വാസം കൊണ്ട് ആര്‍ക്കും അത് നേടിയെടുക്കാനാകും. ചരിത്രത്തില്‍ അങ്ങനെയുള്ള ഒട്ടനവധി ഉദാഹരണങ്ങളില്‍ നിന്ന് നമുക്കത് പഠിക്കാം; ജീവിതത്തില്‍ പകര്‍ത്താം
Benjamin Franklin habits
ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ Canva
Published on

എസ്.എൽ.വി മൂർത്തി

''മരിച്ച് മണ്ണോട് ചേര്‍ന്നാലും മറക്കപ്പെടാതിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒന്നുകില്‍ വായിക്കാന്‍ മൂല്യമുള്ളത് എന്തെങ്കിലും എഴുതുക; അല്ലെങ്കില്‍ എഴുതാന്‍ മൂല്യമുള്ളത് എന്തെങ്കിലും പ്രവര്‍ത്തിക്കുക.'' — ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍

അച്ചടിക്കാരന്‍, ശാസ്ത്രജ്ഞന്‍, കണ്ടുപിടിത്തക്കാരന്‍, നയതന്ത്രജ്ഞന്‍, മികച്ച ഭരണാധികാരി എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയിലെ ബോസ്റ്റണിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സോപ്പും മെഴുകുതിരിയും നിര്‍മിച്ചിരുന്ന ജോഷ്വാ ഫ്രാങ്ക്‌ളിന്റെ 17 മക്കളില്‍ പതിനഞ്ചാമന്‍. ആറാം വയസില്‍ സ്‌കൂളില്‍ ചേര്‍ന്ന ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, വായനയിലും എഴുത്തിലും മികവ് പുലര്‍ത്തിയെങ്കിലും ഗണിതശാസ്ത്രത്തില്‍ പിന്നിലായിരുന്നു. പഠനത്തില്‍ മകന് വലിയ ഭാവിയില്ലെന്ന് കരുതി പിതാവ് അവനെ സ്‌കൂളില്‍ നിന്നിറക്കി തന്റെ സഹായിയാക്കി. എന്നാല്‍ കയ്യില്‍ കിട്ടുന്നതെല്ലാം വായിച്ചുകൊണ്ട് ബെഞ്ചമിന്‍ തന്റെ അറിവ് വര്‍ധിപ്പിച്ചു.

ജോഷ്വായുടെ ബിസിനസില്‍ കൂടുതല്‍ സഹായം ആവശ്യമില്ലാതിരുന്നതിനാല്‍, ബെഞ്ചമിനെ ജെയിംസിന്റെ അടുത്തേക്ക് (മൂത്ത സഹോദരന്‍) അയച്ചു. ജെയിംസ് ഒരു അച്ചടിശാല നടത്തുകയും ഏകദേശം 600 ഓളം കോപ്പി സര്‍ക്കുലേഷനുള്ള 'ദി ന്യൂ-ഇംഗ്ലണ്ട് കുറന്റ്' എന്ന പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.ബെഞ്ചമിനും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. അവിടെയെത്തുന്ന ഓരോ എഴുത്തും ബെഞ്ചമിന്‍ വായിക്കുമായിരുന്നു. അദ്ദേഹം തുറമുഖത്ത് പോയി കപ്പല്‍ ജീവനക്കാരില്‍ നിന്ന് പഴയ പുസ്തകങ്ങള്‍ വാങ്ങി ആവേശത്തോടെ വായിച്ചുതീര്‍ത്തു.

പതിനഞ്ചാം വയസില്‍ സഹോദരന്റെ പത്രത്തില്‍ എഴുതാന്‍ ആഗ്രഹിച്ചെങ്കിലും സ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ബെഞ്ചമിനെ ജെയിംസ് അതിന് അനുവദിച്ചില്ല. തുടര്‍ന്ന് 'സൈലന്‍സ് ഡോഗുഡ്' എന്ന പേരില്‍ ഒരു മധ്യവയസ്‌കയായ വിധവയാണെന്ന വ്യാജേന അദ്ദേഹം പത്രത്തില്‍ ലേഖനങ്ങള്‍ എഴുതി.

രാത്രിയില്‍ ഈ ലേഖനങ്ങള്‍ അദ്ദേഹം അച്ചടിശാലയുടെ വാതിലിനടിയിലൂടെ അകത്തേക്ക് തള്ളുമായിരുന്നു. ഇത് എഴുതുന്നത് തന്റെ അനുജനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജെയിംസ് അസൂയയോടെ അവനെ പൊതിരെ തല്ലി. സഹോദരനോടൊപ്പം നിന്നാല്‍ തനിക്ക് ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞ ബെഞ്ചമിന്‍ ഫിലാഡല്‍ഫിയയിലേക്ക് പോയി അവിടെ ഒരു അച്ചടിശാലയില്‍ ജോലി നേടി. തന്റെ കഴിവിനെ പുച്ഛിച്ചവര്‍ക്ക് മുന്നില്‍ സ്വയം തെളിയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ജീവിതത്തില്‍ മാറ്റം വരാന്‍ സ്വയം മാറണമെന്ന് തിരിച്ചറിഞ്ഞ ബെഞ്ചമിന്‍ തന്റെ ജീവിതത്തില്‍ പാലിക്കാനായി 13 ഗുണങ്ങള്‍ തിരഞ്ഞെടുത്തു:

1. സംയമനം: വിശപ്പടക്കാന്‍ മാത്രം ഭക്ഷിക്കുക; ലഹരിക്കായി കുടിക്കരുത്.

2. മൗനം: മറ്റുള്ളവര്‍ക്കോ നിങ്ങള്‍ക്കോ ഗുണകരമായ കാര്യ ങ്ങള്‍ മാത്രം സംസാരിക്കുക.

3. ക്രമം: എല്ലാ സാധനങ്ങള്‍ക്കും കൃത്യമായ സ്ഥാനം നല്‍കുക.

4. ദൃഢനിശ്ചയം: ചെയ്യേണ്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ ഉറച്ച തീരുമാനമെടുക്കുക.

5. മിതവ്യയം: ഒന്നും പാഴാക്കാതിരിക്കുക.

6. പ്രയത്‌നം: സമയം കളയാതെ എപ്പോഴും ഉപയോഗപ്രദമായ കാര്യങ്ങളില്‍ ഏര്‍പ്പെടുക.

7. ആത്മാര്‍ത്ഥത: വഞ്ചന ഒഴിവാക്കുക.

8. നീതി: ആരെയും ദ്രോഹിക്കാതിരിക്കുക.

9. മിതത്വം: അതിരുകടന്ന നിലപാടുകള്‍ ഒഴിവാക്കുക.

10. ശുചിത്വം: ശരീരം, വസ്ത്രം, താമസം എന്നിവയില്‍ അശുചിത്വം അനുവദിക്കരുത്.

11. ശാന്തത: നിസാര കാര്യങ്ങളില്‍ അസ്വസ്ഥനാകാതിരിക്കുക.

12. ബ്രഹ്മചര്യം.

13. എളിമ: യേശുവിനെയും സോക്രട്ടീസിനെയും മാതൃകയാക്കുക.

ഓരോ ദിവസത്തെയും തന്റെ പുരോഗതി അദ്ദേഹം ഒരു ചെറിയ ഡയറിയില്‍ രേഖപ്പെടുത്തുമായിരുന്നു. ഓരോ കാര്യത്തിനും ഓരോ പേജുകള്‍ തന്നെ അദ്ദേഹം നീക്കിവെച്ചു. കാലക്രമേണ ഈ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭാഗമായി മാറി.

സ്വയം വികസനത്തിനുള്ള വഴികള്‍

സ്വയം വികസിക്കുന്നതിനൊപ്പം സമൂഹത്തെയും വളര്‍ത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നയം.

സ്വയം വികസനത്തിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹം യുവ വ്യാപാരികളുടെ ഒരുകൂട്ടായ്മ രൂപീകരിച്ചു. ഇതിന് 'ജന്റോ'(Junto) എന്നാണ് അദ്ദേഹം പേരിട്ടത്. 1700കളില്‍, കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ, സ്വാധീനിക്കാനോ വേണ്ടി ഒത്തുകൂടുന്ന ചെറിയ സ്വകാര്യ സംഘങ്ങളെ സൂചിപ്പിക്കാന്‍ ഇംഗ്ലീഷില്‍ സാധാരണയായി ഉപയോഗിച്ചിരുന്ന പദമായിരുന്നു ജന്റോ. എല്ലാ വെള്ളിയാഴ്ച രാത്രിയിലും ഈ സംഘം ഒത്തുകൂടുകയും ബെഞ്ചമിന്‍ തയാറാക്കിയ 24 ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അതിലെ ചില പ്രധാന ചോദ്യങ്ങള്‍ താഴെ പറയുന്നവയാണ്.

  • ഈയിടെ ഏതെങ്കിലും പൗരന്‍ ഉയര്‍ച്ച നേടിയതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? അത് ഏത് മാര്‍ഗത്തിലൂടെയാണ്?

  • ഈയിടെ ഏതെങ്കിലും സഹപൗരന് എന്തെങ്കിലും തെറ്റ് സംഭവിച്ചതായി നിങ്ങള്‍ക്കറിയാമോ? അത്തരം തെറ്റുകള്‍ ഒഴിവാക്കുന്നതിനായി ജന്റോയിലെ അംഗങ്ങള്‍ അത് അറിഞ്ഞിരിക്കേണ്ടതുണ്ടോ?

  • മനുഷ്യരാശിക്കോ രാജ്യത്തിനോ സുഹൃത്തുക്കള്‍ക്കോ, അല്ലെങ്കില്‍ അവരവര്‍ക്ക് തന്നെയോ പ്രയോജനപ്രദമാകുന്ന രീതിയില്‍ ജന്റോയ്ക്ക് നിലവില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

13 സദ്ഗുണങ്ങള്‍ പിന്തുടരുന്നതിലൂടെയും ഇത്തരം ആശയവിനിമയങ്ങളിലൂടെയും ബെഞ്ചമിന്‍ വളര്‍ന്നു. 1728 ആയപ്പോഴേക്കും അദ്ദേഹം

സ്വന്തമായി ഒരു പ്രിന്റിങ് ഷോപ്പ് സ്ഥാപിച്ചു. നഷ്ടത്തിലായിരുന്ന 'ദി പെന്‍സില്‍വാനിയ ഗസറ്റ്' (The Pennsylvania Gazette) എന്ന പത്രം അദ്ദേഹം ഏറ്റെടുത്തു. വായനക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്, അദ്ദേഹം അതിനെ രാജ്യത്തെ ഏറ്റവും വിജയകരമായ പത്രങ്ങളില്‍ ഒന്നാക്കി മാറ്റി.

നവീന ആശയങ്ങളുടെ വക്താവ്

ബെഞ്ചമിന്‍ നവീന ആശയങ്ങളുടെ വക്താവായിരുന്നു. അക്കാലത്ത് മിക്കവാറും എല്ലാ വീടുകളിലും 'അല്‍മനാക്കുകള്‍' (കലണ്ടറുകള്‍/പഞ്ചാംഗങ്ങള്‍) ഉപയോഗിച്ചിരുന്നു. ജ്യോതിഷ പ്രവചനങ്ങള്‍, കാലാവസ്ഥ സൂചനകള്‍, മരുന്ന് കഴിക്കാന്‍ അനുയോജ്യമായ ദിവസങ്ങള്‍, അല്ലെങ്കില്‍ ചന്ദ്രന്റെ സ്ഥാനം നോക്കി എപ്പോള്‍ മുടി മുറിക്കണം തുടങ്ങിയ ഉപദേശങ്ങളായിരുന്നു അവയിലെ ഉള്ളടക്കം. ഈ അല്‍മനാക്കുകള്‍ വളരെ വിരസമായിരുന്നു. അതുകൊണ്ടു തന്നെ വിനോദത്തിനുള്ള ഒരു പുസ്തകം എന്നതിലുപരി ഒരു റഫറന്‍സ് മാനുവല്‍ ആയിട്ടാണ് അവ ഉപയോഗിച്ചിരുന്നത്.

ബെഞ്ചമിന്‍ ഇതില്‍ മാറ്റംവരുത്തി. 1732ല്‍ അദ്ദേഹം 'പുവര്‍ റിച്ചാര്‍ഡ്സ് അല്‍മനാക്ക്' പുറത്തിറക്കി. പരമ്പരാഗത കാലാവസ്ഥ പ്രവചനങ്ങള്‍ക്കൊപ്പം പാചകക്കുറിപ്പുകള്‍, പസിളുകള്‍, തമാശകള്‍, പഴഞ്ചൊല്ലുകള്‍ എന്നിവയും അദ്ദേഹം അതില്‍ ഉള്‍പ്പെടുത്തി. 'നേരത്തെ കിടന്നുറങ്ങുന്നതും നേരത്തെഎഴുന്നേല്‍ക്കുന്നതും ഒരു മനുഷ്യനെ ആരോഗ്യവാനും സമ്പന്നനും ബുദ്ധിമാനും ആക്കുന്നു' എന്നതുപോലുള്ള ചില പ്രശസ്തമായ പഴഞ്ചൊല്ലുകള്‍ അദ്ദേഹം ഈ പ്രസിദ്ധീകരണത്തിലൂടെ രൂപപ്പെടുത്തിയതാണ്. തുടര്‍ന്നുള്ള 27 വര്‍ഷക്കാലം, ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ഈ അല്‍മനാക്ക്.

തന്റെ രാജ്യത്തിനും സമൂഹത്തിനും തിരികെ എന്തെങ്കിലും നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി ബെഞ്ചമിന്‍ തിരഞ്ഞെടുത്ത വഴികള്‍ വൈവിധ്യപൂര്‍ണമായിരുന്നു. ജന്റോ എന്ന തന്റെ കൂട്ടായ്മയിലൂടെ അദ്ദേഹം ഫിലാഡല്‍ഫിയ യൂണിവേഴ്‌സിറ്റി, പൊതു ലൈബ്രറി, ആശുപത്രി, ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്, ഇന്‍ഷുറന്‍സ് കമ്പനി എന്നിവ സ്ഥാപിച്ചു. ആ നഗരത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭങ്ങളായിരുന്നു ഇവ.

തുടര്‍ന്ന് ബെഞ്ചമിനിലെ ശാസ്ത്രീയ താല്‍പര്യങ്ങള്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ വിശാലമായിരുന്നു. അവയില്‍ ഉള്‍പ്പെടുന്നവ:

  • മിന്നല്‍ രക്ഷാചാലകം: കെട്ടിടങ്ങളെ തീപിടിത്തത്തില്‍ നിന്ന് സംരക്ഷിക്കുന്നു.

  • ഫ്രാങ്ക്‌ളിന്‍ സ്റ്റൗ: കുറഞ്ഞ വിറകില്‍ കൂടുതല്‍ ചൂട് നല്‍കുന്ന അടുപ്പ്.

  • ബൈഫോക്കല്‍സ്: രണ്ട് കണ്ണടകള്‍ മാറിമാറി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന ലെന്‍സ്.

കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റില്ല

തന്റെ ലക്ഷ്യം സമ്പത്ത് ഉണ്ടാക്കലല്ല, മറിച്ച് മനുഷ്യരാശിയെ സഹായിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം തന്റെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് എടുക്കാന്‍ വിസമ്മതിച്ചു. രാഷ്ട്രനിര്‍മാണത്തില്‍ ബെഞ്ചമിനുള്ള വലിയ പങ്കിന്റെ സമയമായിരുന്നു അടുത്തത്. അക്കാലത്ത്, അമേരിക്കയിലെ സംസ്ഥാനങ്ങള്‍ ഇംഗ്ലണ്ടിന്റെ കീഴിലുള്ള കോളനികളായിരുന്നു. കോളനികള്‍ ബെഞ്ചമിനെ ഇംഗ്ലണ്ടിലെ തങ്ങളുടെ നയതന്ത്രജ്ഞനായി നിയമിച്ചു. ഇതിനായി അദ്ദേഹം തന്റെ ഭൂരിഭാഗം സമയവും ലണ്ടനില്‍ ചെലവഴിച്ചു.

ബ്രിട്ടീഷ് പ്രഭുക്കന്മാര്‍ അദ്ദേഹത്തെ ഒരു രണ്ടാം തരം പൗരനെപ്പോലെയാണ് പരിഗണിച്ചിരുന്നത്. ഇത് തന്റെ രാജ്യത്തോടുള്ള അപമാനമാണെന്ന് ബെഞ്ചമിന് തോന്നി. 1775ല്‍ ജോര്‍ജ് വാഷിങ്ടണും തോമസ് ജെഫേഴ്‌സണും സ്വാതന്ത്ര്യത്തിനായുള്ള വിപ്ലവത്തിന് നേതൃത്വം നല്‍കുകയായിരുന്നു. ബെഞ്ചമിന്‍ അവരോടൊപ്പം ചേര്‍ന്നു. അദ്ദേഹം വിപ്ലവത്തിലെ ഒരു പ്രധാന വ്യക്തിയായി മാറുകയും 'സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ' കരട് തയാറാക്കിയ സമിതിയില്‍ അംഗമാവുകയും ചെയ്തു. വിപ്ലവത്തിന് പണവും വെടിമരുന്നും ആവശ്യമായിരുന്നു. അത് ലഭിക്കാന്‍ ഫ്രാന്‍സ് മാത്രമായിരുന്നു ഏക പോംവഴി. ബെഞ്ചമിന്‍ ഫ്രാന്‍സിലേക്ക് പോകുകയും തന്റെ മികച്ച നയതന്ത്ര വൈദഗ്ധ്യത്തിലൂടെ അവരുമായി സഖ്യമുണ്ടാക്കി യുദ്ധത്തില്‍വിജയം ഉറപ്പാക്കുകയും ചെയ്തു. ബെഞ്ചമിന്റെ ഈ വിജയം ഇല്ലായിരുന്നെങ്കില്‍ അമേരിക്ക ഇന്നും ഒരു ബ്രിട്ടീഷ് കോളനിയായി തുടരുമായിരുന്നു.

ബെഞ്ചമിന്റെ അവസാനത്തെ പൊതുപ്രവര്‍ത്തനം ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. 1790ല്‍, തന്റെ മരണത്തിന് ആഴ്ചകള്‍ക്ക് മുമ്പ്, അടിമത്തം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനത്തില്‍ അദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി ഒപ്പുവെച്ചു. 84-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഫിലാഡല്‍ഫിയ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ജനക്കൂട്ടമായ 20,000ത്തിലധികം ആളുകള്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രപിതാക്കളായി അമേരിക്ക ആദരിക്കുന്ന ഏഴ് മഹദ്‌വ്യക്തികളില്‍ ഒന്ന് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിനാണ്. 100 ഡോളര്‍ കറന്‍സി നോട്ടുകളില്‍ ചിത്രം പതിപ്പിക്കപ്പെട്ട ഏക പ്രസിഡന്റല്ലാത്ത വ്യക്തിയാണ് ബെഞ്ചമിന്‍. 112 വര്‍ഷത്തിലേറെയായി തുടരുന്ന ഈ പ്രാധാന്യം, അമേരിക്കന്‍ ചരിത്രത്താളുകളില്‍ അദ്ദേഹം പതിപ്പിച്ച മായാത്ത മുദ്രകളുടെ തെളിവാണ്.

[മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്- അഹമ്മദാബാദില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയ ലേഖകന്‍, ഗ്രിന്‍ഡ്വെല്‍ നോര്‍ട്ടണ്‍ ലിമിറ്റഡിന്റെ സെയില്‍സ് മാനേജരായിരുന്നു. 1977ല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയിലും ഇറക്കുമതിയിലും സ്‌പെഷ്യലൈസ് ചെയ്യുന്ന മൂര്‍ത്തി മാര്‍ക്കറ്റിങ് അസോസിയേറ്റ്സ് ആരംഭിച്ചു. 50ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ 'തൊഴില്‍ മുനൈവോര്‍ കയ്യേട്' (സംരംഭകരുടെ ഗൈഡ്) 2008ലെ മികച്ച ബിസിനസ് പുസ്തകമായി തമിഴ്നാട് സര്‍ക്കാര്‍ തിരഞ്ഞെടുക്കുകയുണ്ടായി.)]

(2026 മേയ് 31 ലക്കം ധനം മാ​ഗസിനിൽ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com