ഇന്ത്യക്കാര്‍ ഇക്കൊല്ലം കഴിച്ച ബിരിയാണിക്ക് 8 കുത്തബ് മിനാറിന്റെ വലിപ്പം; പീസയ്ക്ക് 4 ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെയും

മുംബൈ നിവാസി സ്വിഗ്ഗിയില്‍ നടത്തിയ മൊത്തം ഓര്‍ഡറുകളുടെ മൂല്യം ₹42.3 ലക്ഷം
Biryani, Pizza, Delivery Boy
Image : Canva
Published on

ഇന്ത്യക്കാര്‍ 2023ല്‍ ഇതുവരെ സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത് കഴിച്ച ബിരിയാണി കൂട്ടിവച്ചാല്‍ ഡല്‍ഹിയിലെ കുത്തബ് മിനാറിന്റെ വലിപ്പമുള്ള എട്ട് മന്ദിരങ്ങള്‍ നിറയ്ക്കാം. ഓര്‍ഡര്‍ ചെയ്ത പീസയുടെ അളവാകട്ടെ കൊല്‍ത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം നാലെണ്ണം കൂട്ടിവച്ചാലുള്ളത്ര വലിപ്പം വരും.

2023ലെ ഫുഡ് ഓര്‍ഡറുകള്‍ സംബന്ധിച്ച് സൊമാറ്റോ പുറത്തുവിട്ട കണക്കുകളാണ് രസകരമായ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ബിരിയാണി തന്നെ താരം

നേരത്തെ സ്വിഗ്ഗിയും 2023ലെ ഓര്‍ഡര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ എട്ടാംവര്‍ഷവും ബിരിയാണി തന്നെയാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിച്ച ഭക്ഷ്യവിഭവമായി മാറിയതെന്നാണ് സ്വിഗ്ഗി പറഞ്ഞത്. സൊമാറ്റോയിലും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് ബിരിയാണിക്ക് തന്നെ.

സൊമാറ്റോ ഇക്കൊല്ലം 10.09 കോടി ബിരിയാണികളുടെ ഓര്‍ഡറുകളാണ് നേടിയത്. 7.45 കോടി ഓര്‍ഡറുകളുമായി പീസയാണ് രണ്ടാംസ്ഥാനത്ത്. 4.55 കോടി ഓര്‍ഡറുകളുമായി ന്യൂഡില്‍ ബൗളുകള്‍ മൂന്നാംസ്ഥാനത്തെത്തി.

വമ്പന്‍ ഓര്‍ഡറുകള്‍

സ്വിഗ്ഗിക്ക് ബംഗളൂരു 'കേക്ക് കാപ്പിറ്റല്‍' ആണെങ്കില്‍ സൊമാറ്റോയ്ക്ക് ബ്രേക്ക്ഫാസ്റ്റ് കേന്ദ്രമാണ്. ബംഗളൂരുവില്‍ നിന്നാണ് സൊമാറ്റോ ഏറ്റവുമധികം പ്രഭാതഭക്ഷണ ഓര്‍ഡറുകള്‍ നേടിയത്. സൊമാറ്റോ ഈ വര്‍ഷം നേടിയ ഏറ്റവും വലിയ ഒറ്റ ഓര്‍ഡറും ബംഗളൂരുവിലാണ്; ഒരാള്‍ 46,273 രൂപയുടെ ഓര്‍ഡറുകളാണ് നല്‍കിയത്.

മുംബൈയില്‍ ഒരാള്‍ ഒറ്റദിവസം 121 തവണ സൊമാറ്റോയില്‍ ഭക്ഷണം ബുക്ക് ചെയ്തു. ബംഗളൂരുവില്‍ മറ്റൊരാള്‍ 6.6 ലക്ഷം രൂപ മതിക്കുന്ന 1,389 സമ്മാന ഓര്‍ഡറുകളും ഈ വര്‍ഷം സൊമാറ്റോയില്‍ നടത്തി. ഈ വര്‍ഷം സൊമാറ്റോയില്‍ ഏറ്റവുമധികം ഓര്‍ഡറുകള്‍ ചെയ്തത് ഹനീഫ് എന്നൊരു മുംബൈ സ്വദേശിയാണ്; 3,580 ഓര്‍ഡറുകള്‍.

ഓരോ സെക്കന്‍ഡിലും ഈ വര്‍ഷം ഇന്ത്യക്കാര്‍ 2.5 ബിരിയാണികള്‍ ഓര്‍ഡര്‍ ചെയ്‌തെന്നും ഹൈദരാബാദില്‍ ഒരു കസ്റ്റമര്‍ ഇക്കൊല്ലം വാങ്ങിയത് 1,633 ബിരിയാണികളാണെന്നും സ്വിഗ്ഗി വ്യക്തമാക്കിയിരുന്നു. ഒരു മുംബൈ നിവാസി ഈ വര്‍ഷം സ്വിഗ്ഗിയില്‍ നടത്തിയ മൊത്തം ഓര്‍ഡറുകളുടെ മൂല്യം 42.3 ലക്ഷം രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com