കാര്‍ ഭീമന്മാര്‍ വരുന്നു, 40കാരാണ് ഉന്നം; അതിലൊരു ഗുട്ടന്‍സ് ഉണ്ട്

മെര്‍സിഡസ് ബെന്‍സിന് 150 കോടിയുടെ നിക്ഷേപം വരുന്നു. ആസ്റ്റണ്‍ മാര്‍ട്ടിന് പുതിയ ഡീലര്‍ഷിപ്പ് വരുന്നു. ലംബോര്‍ഗിനിയും ഓഡിയും വ്യാപാര മേഖല വ്യാപിപ്പിക്കാന്‍ തുനിയുന്നു. ലക്ഷ്വറി വാഹനങ്ങളുടെ ആഗോള നിര്‍മ്മാതാക്കാള്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് എത്തിനോക്കുന്നത് എന്തു കൊണ്ടാണ്?. അവരുടെ കണ്ണ് 40 വയസില്‍ താഴെയുള്ള ഇന്ത്യന്‍ യുവാക്കളിലാണ്; ആ യുവാക്കളുടെ കണ്ണാകട്ടെ ലക്ഷ്വറി കാറുകളിലുമാണ്. കഴിഞ്ഞ വര്‍ഷം ബംഗളുരു നഗരത്തില്‍ ലക്ഷ്വറി വാഹനങ്ങളുടെ വില്‍പ്പനയില്‍ 35 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഇന്ത്യയിലെ ഇതര നഗരങ്ങളും വ്യത്യസ്തമല്ല.

ആഗോള ഭീമന്മാരുടെ വരവ്

ഇന്ത്യന്‍ നഗരങ്ങളിലുള്ള 25 ഔട്ട്‌ലെറ്റുകള്‍ വികസിപ്പിക്കാന്‍ മെര്‍സിഡസ് ബെന്‍സ് 150 കോടി രൂപ ചെലവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയിലെ യുവാക്കളായ കാര്‍ പ്രേമികളെ കൂടി മുന്നില്‍ കണ്ടുള്ള ബിസിനസ് തന്ത്രങ്ങളുമായാണ് ഈ വികസനം. ബ്രിട്ടനിലെ പ്രശസ്ത ലക്ഷ്വറി സ്പോർട്സ് കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ തെക്കേ ഇന്ത്യയില്‍ അടുത്ത വര്‍ഷം പുതിയ ഡീലര്‍ഷിപ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് പുതിയ നീക്കം. നിലവില്‍ അവര്‍ക്ക് ഡല്‍ഹിയില്‍ മാത്രമാണ് ഡീലര്‍ഷിപ്പുള്ളത്. ലംബോര്‍ഗിനിയും ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. ചെറുനഗരങ്ങളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കുകയാണ് അവരുടെ തന്ത്രം. ഓഡി ഇന്ത്യയുടെ ഡീലര്‍ഷിപ്പുകളിലും ഈ വര്‍ഷം വലിയ വര്‍ധനവുണ്ടാവും. ഏതാനും പുതിയ ഷോറൂമുകള്‍ കൂടി വരുന്നതോടെ രാജ്യത്ത് ഓഡിയുടെ സാന്നിധ്യം 64 നഗരങ്ങളിലേക്ക് വ്യാപിക്കും.

ഗുട്ടന്‍സ് ഇതാണ്

ഇന്ത്യയില്‍ 40 വയസില്‍ താഴെയുള്ളവരില്‍ ലക്ഷ്വറി വാഹനങ്ങളോടുള്ള പ്രിയം വര്‍ധിക്കുകയാണെന്നാണ് കണക്ക്. ഇവരാകട്ടെ ' ഹൈ നെറ്റ്‌വര്‍ത്ത്' വിഭാഗത്തില്‍ പെടുന്നവരുമാണ്. വ്യവസായ രംഗത്ത് പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയും യുവാക്കളുടെ സംരംഭക വിജയവും അവരുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. യൂട്യൂബര്‍മാര്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍മാരും ഈ ഗണത്തില്‍ പെടുന്നവരാണ്. കമ്പനികള്‍ക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളും വ്യക്തികള്‍ക്ക് കൂടുതല്‍ എളുപ്പമായ വാഹന വായ്പകളും ലക്ഷ്വറി വാഹനങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്ന മറ്റു ഘടകങ്ങളാണ്. വിലകൂടിയ വാഹനങ്ങളുടെ ആവശ്യക്കാര്‍ മഹാനഗരങ്ങളില്‍ മാത്രമല്ല, ചെറിയ പട്ടണങ്ങളിലുമുണ്ടെന്നാണ് വാഹന നിര്‍മാതാക്കള്‍ തിരിച്ചറിയുന്നത്.

Related Articles
Next Story
Videos
Share it