ലയണല്‍ മെസ്സി എന്ന സിംഹക്കുട്ടി; സംരംഭകര്‍ പഠിക്കണം മെസ്സിയുടെ ഈ 8 വിജയപാഠങ്ങള്‍

ലയണല്‍ മെസ്സി. ഫുട്‌ബോള്‍ കളിക്കളത്തിലെ സിംഹക്കുട്ടി...കേരളത്തിലെ ചെറുഗ്രാമത്തിലെ ഒരു ചായക്കടയില്‍ നടക്കുന്ന ചൂടന്‍ ചര്‍ച്ചയിലും ലോകമെമ്പാടുമുള്ള കോര്‍പ്പറേറ്റ് ഓഫീസുകളുടെ ചര്‍ച്ചകളിലും ഇന്ന് നിറഞ്ഞ് നില്‍ക്കുന്ന പേര്. മെസ്സി ആരാധകരുടെ വികാരം മാത്രമല്ല, അടങ്ങാത്ത പരിശ്രമത്തിന്റെ നായകന്‍ കൂടിയാണ്.

''തികച്ചും അവിശ്വസനീയം. ദൈവം എനിക്ക് കപ്പ് തരുമെന്ന് അറിയാമായിരുന്നു, എനിക്ക് ഉറപ്പായിരുന്നു. ഒരുപാട് സന്തോഷം. ഏറെനാളത്തെ എന്റെ സ്വപ്നമാണ്. ഒരു ലോകകപ്പ് ജയത്തോടെ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും ദേശീയ ടീമില്‍നിന്നു ഉടന്‍ വിരമിക്കില്ല. ലോകകപ്പ് ചാംപ്യന്മാരായി അര്‍ജന്റീന ജഴ്‌സിയില്‍ കളി തുടരും.'' ലോക കപ്പില്‍ മുത്തമിട്ട് മെസ്സി പറഞ്ഞതിങ്ങനെ. മെസ്സിക്ക് ഈ കപ്പ് ഭാഗ്യത്തിന്റെ പുറത്തു കിട്ടിയതല്ല. ലോക കപ്പ് മെസ്സിയെന്ന കളിക്കാരന് കൊടുക്കുന്നത് വിജയത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം തന്നെയാണ്.

മെസ്സി ഫൂട്‌ബോള്‍ ആരാധകരെ മാത്രമല്ല, ലോകമെമ്പാടുമുള്ള സംരംഭകരെയും പ്രചോദിപ്പിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ശമ്പളമുള്ള കളിക്കാരനാണ് ലയണല്‍ ആന്‍ഡ്രീസ് മെസ്സി. 2017 ല്‍ ഫോബ്‌സ് സെലിബ്രിറ്റി 100 ലിസ്റ്റില്‍ എത്തിയെന്നു മാത്രമല്ല, ഫോബ്‌സിന്റെ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന അത്‌ലറ്റുകളുടെ ലിസ്റ്റിലും ലിയോ മെസ്സി എത്തിയിരുന്നു.

മെസ്സിയില്‍ നിന്നും ഏതൊരു സംരംഭകനും പഠിക്കേണ്ട 7 വിജയ പാഠങ്ങള്‍ കാണാം:


1. ലക്ഷ്യത്തിലേക്കെത്താന്‍ കഠിനപ്രയത്‌നം നടത്തുന്നവര്‍ക്ക് വിജയം സുനിശ്ചിതം

'You have to fight to reach your dream. You have to sacrifice and work hard for it."

1987 ല്‍ ഗ്രോത്ത് ഹോര്‍മോണ്‍ ഡിസോര്‍ഡറുമായി ജനിച്ച മെസ്സി ആരോഗ്യപ്രശ്‌നങ്ങളെ കാറ്റില്‍ പറത്തി ചെറുപ്പം മുതല്‍ വിജയങ്ങളിലേക്ക് കുതിച്ചു. സ്‌കൂള്‍ കാലം മുതല്‍ ഫുട്‌ബോളിനോട് പാഷനുണ്ടായിരുന്ന മെസ്സി വിജയം കാണും വരെയും മറ്റെല്ലാം മറന്ന് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന സ്വഭാവക്കാരനായിരുന്നു. സ്വപ്‌നത്തിലെത്തും വരെ കഠിന പ്രയത്‌നം നടത്താന്‍ മെസ്സി പറയുന്നു.

2. പരാജയങ്ങളെ തുല്യമായി സ്വീകരിക്കാനുള്ള മനസ്സ്

'Sometimes you must admit that you cannot win all the time.'

വിജയം പോലെ തന്നെ പരാജയങ്ങളെയും തുല്യമായി എടുക്കാന്‍ കഴിയണമെന്ന് മെസ്സി പറയുന്നു. പരാജയപ്പെടാതെ നിങ്ങള്‍ക്ക് സമാനതകളില്ലാത്ത ഉയരങ്ങളിലെത്താനോ അസാധ്യമായത് സാധ്യമാക്കാനോ കഴിയില്ല എന്നതാണ് ലളിതമായ സത്യം. വാക്വം ക്ലീനര്‍ സൃഷ്ടിക്കാന്‍ ഡൈസന്റെ 5,126 ശ്രമങ്ങള്‍ പാളിപ്പോയി, ഒരു ബള്‍ബ് കണ്ടുപിടിക്കാന്‍ എഡിസണ്‍ നടത്തിയ 10,000 ശ്രമങ്ങള്‍ പരാജയപ്പെട്ടില്ലേ. നമ്മള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, പരാജയം ലക്ഷ്യ നേട്ടത്തിന്റെ നിര്‍ണായക ഭാഗമാണ്. തോല്‍വിയിലൂടെ മാത്രമേ നിങ്ങള്‍ക്ക് ശാരീരികമായും വൈകാരികമായും ആത്മീയമായും വളരാന്‍ കഴിയൂ. പ്രത്യാശയുടെ ഒരു തിളക്കം നിലനില്‍ക്കുന്നിടത്തോളം കാലം നമ്മളും അങ്ങനെ തന്നെ.

3. മറ്റുള്ളവരുടെ വാക്ക് കേട്ട് സ്വപ്‌നങ്ങളില്‍ നിന്നു പിന്മാറരുത്

"A lion doesn't concern himself with the opinion of the sheep."

സംരംഭകര്‍ പലപ്പോഴും മികച്ച ആശയങ്ങളും ഭാവിയെക്കുറിച്ച് കൃത്യമായ പ്ലാനിംഗും വച്ചായിരിക്കാം ബിസിനസിലേക്ക് ഇറങ്ങുന്നത്. എന്നാല്‍ പ്രൊഫഷണലുകളാകാനുള്ള സമൂഹത്തിന്റെ സമ്മര്‍ദ്ദം അവരെ പിന്നോട്ടു വലിക്കാം. കേരളത്തിലാണെങ്കില്‍ സര്‍ക്കാര്‍ ജോലിയാണ് ഏറ്റവും ഉന്നതമെന്ന തരത്തിലാണ് പലരും പെരുമാറുക. സ്റ്റാര്‍ട്ടപ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചെകുത്താന്‍ കുരിശിനെ കാണുന്നത് പോലെയാണ് പലരും. പലവിധ പിന്നോട്ടുവലിക്കലുകളും ഒരു സംരംഭകനു നേരിടേണ്ടി വന്നേക്കാം. അത് വകവയ്ക്കാതെ മുന്നോട്ട് പോകാന്‍ കഴിയുന്നിടത്താണ് വിജയം കൈവരിക്കാനുള്ള സാഹചര്യം വരുക. വിമര്‍ശനങ്ങളെ നേരിടാന്‍ തയ്യാറുള്ള മനസ്സുവേണം സംരംഭകര്‍ക്ക്. എന്നാല്‍ മറ്റുള്ളവരുടെ വാക്കുകള്‍ നിങ്ങളെ ലക്ഷ്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കരുത്.

4. വിജയത്തിന് കുറുക്കുവഴികളില്ല

'It took me 17 years and 114 days to become an overnight success."

വിജയത്തിന് കുറുക്കുവഴികളില്ല എന്നതാണ് സംരംഭകര്‍ ഓര്‍ത്തിരിക്കേണ്ട പാഠം. വിജയികളാകുന്നവരുടെ കഥകളില്‍ നിന്ന് ഏത് വഴികളാണ് നമുക്ക് സ്വീകരിക്കാന്‍ കഴിയുക എന്ന് നോക്കണം. എന്നാല്‍ അവരുടെ വിജയങ്ങള്‍ കണ്ട് നിരാശപ്പെടുന്നത് ഒഴിവാക്കാം. ഭാഗ്യം മാത്രമല്ല കഠിനാധ്വാനം കൂടിയാണ് അവരെ അവിടേക്കെത്തിച്ചതെന്ന് മറക്കരുത്.

5. ചെയ്യുന്ന ജോലിയോട് പാഷന്‍

'What I'm doing is playing football, which is something I love.'

ചെയ്യുന്ന ജോലിയോട് പാഷന്‍ ഉണ്ടാകണം, അഥവാ പാഷന്‍ ഉള്ള മേഖലയിലാണ് സംരംഭവുമായി ഒരാള്‍ ഇറങ്ങേണ്ടത്. സംരംഭത്തോട് പാഷന്‍ ഇല്ല എങ്കില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും.

6. നിരന്തര പഠനം

"Every year I try to grow as a player and not get stuck in a rut. I try to improve my game in every way possible. But that trait is not something I've worked on, it's part of me."

മേഖലയെക്കുറിച്ചുള്ള നിരന്തര പഠനം വളരെ പ്രധാനമാണ്. സംരംഭത്തില്‍ മാറ്റങ്ങള്‍ വരുത്താനും മുന്നോട്ടുള്ള പോക്കില്‍ എന്തൊക്കെ വേണം, എന്തൊക്കെ വേണ്ട എന്നു മനസ്സിലാക്കാനും സംരംഭകര്‍ക്ക് കഴിയണം. നിരന്തരം പഠിച്ചുകൊണ്ടേ ഇരിക്കുക എന്നത് പ്രധാനമാണ്.

7. ലാഭം മാത്രമാകരുത് നിങ്ങളുടെ മോട്ടിവേഷൻ

"Money is not a motivating factor…My motivation comes from playing the game I love. If I wasn't paid to be a professional footballer, I would willingly play for nothing."

സംരംഭത്തിലേക്കിറങ്ങുമ്പോള്‍ ധനികനാകുക, പണം സമ്പാദിക്കുക എന്നിവ മാത്രമാകരുത് ലക്ഷ്യം. ധനസമ്പാദനം ബിസിനസില്‍ നില്‍ക്കാനുള്ള പ്രേരക ഘടകമായി വയ്ക്കരുത്. പാഷന്‍ ഉണ്ടായിരിക്കുക, ബിസിനസില്‍ വലിയ ലക്ഷ്യങ്ങള്‍ തെരഞ്ഞെടുത്ത് മുന്നോട്ട് പോകുക. വിജയം നിങ്ങളെ തേടി എത്തും.

8 . ജീവിതത്തിലെ മൂല്യങ്ങൾ കൈ വിടരുത്

"There are more important things in life than winning or losing a game"

സംരംഭത്തിലെ ജയാ പരാജയങ്ങൾ ജീവിതത്തെ വളരെ അധികം ബാധിക്കാതെ നോക്കുക. കളിയിലെ പോലെ തന്നെ ജയവും തോൽവിയും ബിസിനസിലും വന്നേക്കാം. എന്നാൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങലും പ്രധാനമായുണ്ട് എന്നത് ഓർക്കണം.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it