
ലോകമെമ്പാടും പ്രത്യുൽപാദന നിരക്ക് കുറഞ്ഞു വരുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഫണ്ട് (UNFPA) വ്യക്തമാക്കുന്നത്. ലോകത്ത് കോടിക്കണക്കിന് ആളുകൾക്ക് അവർ ആഗ്രഹിക്കുന്നത്രയും കുട്ടികളുണ്ടാകുന്നില്ലെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെ വളർത്തുന്നതിനുള്ള ഉയർന്ന ചെലവും അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടും ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളാണ്. ജനിതക കാരണങ്ങളാലും മറ്റു ആരോഗ്യ, സാമ്പത്തിക കാരണങ്ങളാലും കുട്ടികള്‍ ഇല്ലാത്ത സാഹചര്യവും ദമ്പതികള്‍ക്കുണ്ട്.
ജനനനിരക്ക് കുറയുന്നത് മനുഷ്യരാശിയുടെ ഏറ്റവും ഗുരുതരമായ അസ്തിത്വ ഭീഷണിയായാണ് ശതകോടീശ്വരനായ ഇലോൺ മസ്‌ക് കാണുന്നത്. ജനസംഖ്യാ നിലവാരം സന്തുലിതമായി നിലനിർത്താൻ സ്ത്രീകൾക്ക് ശരാശരി 2.7 കുട്ടികൾ വേണമെന്ന ഫോർച്യൂൺ റിപ്പോർട്ട് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഉപയോക്താവിനോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇലോൺ മസ്‌ക്. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന വ്യാപകമായ സ്വീകാര്യത ഇപ്പോൾ കാലഹരണപ്പെട്ടതായാണ് ഉപയോക്താവ് പറഞ്ഞത്. യുഎസ് 1.66, ഇറ്റലി 1.29, ജപ്പാൻ 1.30 എന്നിങ്ങനെ മിക്ക സമ്പന്ന രാജ്യങ്ങളിലും ജനന നിരക്ക് വളരെ താഴെയാണ്.
മതാപിതാക്കള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടാകണമെന്നാണ് ഇലോൺ മസ്ക് ഇതിനോട് അഭിപ്രായപ്പെട്ടത്. ഇതിലൂടെയേ കുട്ടികള്‍ കുറയുന്ന സാഹചര്യം മറികടക്കാന്‍ സാധിക്കൂ. അല്ലെങ്കിൽ ജനസംഖ്യ സന്തുലിതാവസ്ഥ തകരുമെന്നും മസ്ക് പറഞ്ഞു. 14 കുട്ടികളുടെ പിതാവായ ഇലോൺ മസ്‌കിന് 2002 ലാണ് ആദ്യ കുഞ്ഞ് ജനിക്കുന്നത്.
മുന്‍കാല നാഗരികതയായ പുരാതന റോമിന്റെ തകർച്ചയുടെ പ്രധാന കാരണം കുറഞ്ഞ ജനനനിരക്കാണെന്ന അഭിപ്രായം മസ്ക് മുമ്പ് പങ്കുവെച്ചിട്ടുണ്ട്. കുറഞ്ഞ ജനനനിരക്ക് സംബന്ധിച്ച് ഇപ്പോൾ നിങ്ങൾക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലെങ്കില്‍ 20 വർഷം കാത്തിരിക്കൂവെന്നും മസ്ക് പറഞ്ഞിരുന്നു.
Elon Musk warns low birth rates pose a threat to humanity, urges families to have at least three children.
Read DhanamOnline in English
Subscribe to Dhanam Magazine