കൊറിയയിൽ സ്വർണം സൂപ്പർമാർക്കറ്റിലെ വെൻഡിങ് മെഷീനിലൂടെ

ദക്ഷിണ കൊറിയയില്‍ ഉപയോക്താക്കള്‍ക്ക് സ്വര്‍ണ കട്ടികള്‍ വാങ്ങാന്‍ ആഭരണ കടകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. പലചരക്കും പച്ചക്കറികളും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ കൂടെ സ്വര്‍ണവും വാങ്ങാം.

ജി.എസ് റീറ്റെയ്ല്‍ എന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് 2022 സെപ്റ്റംബറില്‍ ദക്ഷിണ കൊറിയയിലെ അഞ്ച് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ച് സ്വര്‍ണ കച്ചവടം ആരംഭിച്ചത്. കാര്‍ഡ് ഉപയോഗിച്ച് ഇതുവഴി വിവിധ അളവിലുള്ള സ്വര്‍ണ കട്ടികള്‍ വാങ്ങാം. പരീക്ഷണ അടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി വിജയമായതോടെ 29 സ്റ്റോറുകളിലേക്ക് സ്വര്‍ണ വില്‍പ്പന വ്യാപിപ്പിച്ചു. മെയ് വരെ ഉള്ള 9 മാസകാലയളവില്‍ വിറ്റഴിച്ചത് 1.9 കോടി ഡോളര്‍ മൂല്യമുള്ള സ്വര്‍ണ കട്ടികളാണ്.
കൗതുകത്തിന് സ്വര്‍ണം വാങ്ങുന്നവര്‍!
ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ കട്ടികളുടെ വില്‍പ്പന 50 സ്റ്റോറുകളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. 3.68 ഗ്രാം മുതല്‍ 36.84 ഗ്രാം വരെ തൂക്കമുള്ള കട്ടികള്‍ ലഭ്യമാണ്. ഏറ്റവും കുറവ് തൂക്കമുള്ള ( 3.68 ഗ്രാം) കട്ടിക്ക് വില 18,450 രൂപ. പണപ്പെരുപ്പം വര്‍ധിക്കുന്നത് കൊണ്ട് ദക്ഷിണ കൊറിയന്‍ ജനങ്ങള്‍ സ്വര്‍ണം കൂടുതല്‍ വാങ്ങി കൂട്ടുകയാണ്. കൂടുതലും 20 മുതല്‍ 30 വയസ് വരെ ഉള്ള യുവാക്കളാണ് സ്വര്‍ണ കട്ടികള്‍ വെന്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് വാങ്ങുന്നത്.
സ്വര്‍ണത്തില്‍ ഗൗരവമായി നിക്ഷേപിക്കുന്നവരല്ല വെന്‍ഡിങ് മെഷീനില്‍ നിന്ന് വാങ്ങുന്നത് എന്ന് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ പറയുന്നു. ഒരു രസത്തിനോ കൗതുകം കൊണ്ടാ വാങ്ങുന്നവരാകാം ഭൂരിപക്ഷവും. യു.എ.ഇയില്‍ നേരത്തേ തന്നെ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ച് സ്വര്‍ണ വില്‍പന ആരംഭിച്ചിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it