ഹാപ്പി ലുക്ക്, ഹാപ്പി ഫുഡ്, ഹാപ്പി ഓണം

ഹാപ്പി ലുക്ക്, ഹാപ്പി ഫുഡ്, ഹാപ്പി ഓണം
Published on

by കെ.എല്‍ മോഹനവര്‍മ്മ

ഓണത്തിന് ഉറുമ്പും കരുതും എന്നാണ് പഴഞ്ചൊല്ല്. പക്ഷെ നമ്മള്‍, മലയാളികള്‍ പൊതുവെ ഓണത്തിനു വേണ്ടിപ്പോലും കരുതി വയ്ക്കുന്ന പതിവ് ഉണ്ടായിരുന്നതായി ചരിത്രമില്ല. ഓണത്തിന് രണ്ടാണ് പ്രധാനം. ഓണക്കോടിയും ഓണസദ്യയും. കാണം വിറ്റും ഓണം ഉണ്ണണം എന്ന മറ്റൊരു പഴഞ്ചൊല്ലാണ് ശരിക്കും നമ്മുടെ സ്വഭാവം.

ഓണക്കോടി സിംപിളായിരുന്നു. നൂറു വര്‍ഷം മുമ്പു വരെ ഷര്‍ട്ടും സാരിയും പോലും പൊതു വസ്ത്രമായി വരുന്നതിനു മുമ്പ് കസവുള്ള കോടിമുണ്ടും നേരിയതു മായിരുന്നു അപ്പര്‍ ക്ലാസിന്റെ ഓണക്കോടി. ലോവര്‍ ക്ലാസിന് മേല്‍മുണ്ട് പാടില്ല., ഒരു കോടിത്തോര്‍ത്ത്. ഈ ഓണക്കോടി നല്‍കുക എന്നത് അക്കാലത്തെ, ഇന്ന് അവിശ്വസനീയവും അത്ഭുതകരവുമായി തോന്നുന്ന, ഫ്യൂഡല്‍ ജാതിവിവേചന കേരളീയ സമൂഹത്തില്‍ ജന്മിയുടെ ചുമതല ആയിരുന്നു. മഹാരാജാവ് ഓണത്തിന് മുഖം കാണിക്കാനെത്തുന്ന ബന്ധുക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവരവരുടെ നിലയും വിലയുമനുസരിച്ചുള്ള ഓണക്കോടി നല്‍കും. കസവുകരയുടെ വീതിയാണ് ഗ്രേഡിംഗ് ഘടകം. ഈ രീതി എല്ലാ പടികളിലും നില നിന്നിരുന്നു. ലക്ഷ്വറിയുടെ മലയാളി സിംബലാണ് കസവ്.

തകഴി ശിവശങ്കരപ്പിള്ള എന്ന തകഴിച്ചേട്ടന്‍ ചെമ്മീനില്‍ ഇത് കാട്ടിത്തന്നു. പളനിയെന്ന ഒറ്റയാന്‍ കറുത്തമ്മയെ കെട്ടി ത്യക്കുന്നപ്പുഴ കടപ്പുറത്ത് താമസം തുടങ്ങി. കുടിലില്‍ വീട്ടു സാധനങ്ങള്‍ ഒന്നുമില്ല. വൈകിട്ട് മണ്ണാര്‍ശാലയില്‍ ഉത്സവം കൂടാന്‍ കൂട്ടരുമായി പോയ പളനി രാത്രിയില്‍ പാട്ടും പാടി ആടി തിരികെ വന്നപ്പോള്‍ വാങ്ങിക്കൊണ്ടുവരുമെന്ന് ആണയിട്ടിരുന്ന ഒന്നും കൈയിലില്ല. കൈയിലൊരു പൊതി മാത്രം. പൊതി തുറന്ന കറുത്തമ്മയുടെ മുഖം നിമിഷം കൊണ്ട് അതി മനോഹരമായി മാറി; ഒരു കസവുനേരിയത്.

തകഴിച്ചേട്ടന്‍ മലയാളി കണ്‍സ്യൂമറിസപ്പരമസ്സത്യം പറഞ്ഞു.

ജീവിതം ചട്ടിയും കലവും മാത്രമല്ല, ഒരു നേരിയതും കൂടിയാണ്.

എന്നിട്ട് വേറൊരു പഴഞ്ചൊല്ലു പറയുന്നതുപോലെ, ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര. കുഴപ്പമില്ല.

സ്വത്തു നഷ്ടപ്പെട്ടാലും ആഘോഷം ഗംഭീരമാകണം.

ഫുഡ്ഡും ഡ്രസ്സും. പണ്ടും ഇന്നും യാതൊരു ബേസിക്ക് വ്യത്യാസവുമില്ല.

ഇന്ത്യയില്‍ എല്ലായിടവും ഉത്സവവും ആഘോഷവുമുണ്ട്. ദസ്റാ, ദീപാവലി, ഹോളി, ഗണേശ് ചതുര്‍ത്ഥി, അഷ്ടമിരോഹിണി, ശിവരാത്രി, ക്രിസ്മസ്, ഈസ്റ്റര്‍, ബക്രീദ്. പക്ഷെ ഇവയെല്ലാം തികച്ചും മതപരമായ ആചാരദിനങ്ങളാണ്. ഓണവും, അമ്പതു കൊല്ലം മുമ്പുവരെ, മിക്കവാറും ഓണത്തപ്പനെ ചുറ്റിപ്പറ്റിയുള്ള വീട്ടു മുറ്റത്ത് പൂക്കളമിട്ട് ബുദ്ധസന്യാസി രൂപമായി ഒതുക്കിയ ഹൈന്ദവ ആഘോഷമായിരുന്നു. പക്ഷെ കേരളം ഇന്നത്തെ രൂപത്തില്‍ വന്നതിനുശേഷം മലയാളി സൈക്കേയുടെ ശരിക്കുള്ള പ്രതിഫലനമായി ഓണം എല്ലാ മതസ്ഥരുടെയും ആഘോഷമായി മാറി. ഓണദിവസം കടുത്ത ഹിന്ദു തീവ്രവാദികള്‍ പോലും അമ്പലത്തില്‍ പോകാറില്ല. കാരണം ഒരു ലക്ഷത്തിലേറെ അമ്പലങ്ങളും കാടുകളുമുള്ള നൂറു കണക്കിനു ദേവതകളെ ആരാധിക്കുന്ന കേരളത്തില്‍ വിരലിലെണ്ണാവുന്ന ഉപദേവതാസ്ഥാനം പോലും വാമനനോ മഹാബലിക്കോ ഇല്ല.

ഇനി ജസ്റ്റിഫിക്കേഷന്‍. ആഘോഷം വലുതാകണം. ഓരോ വര്‍ഷവും. ഇപ്പോള്‍ മൂന്ന് ശതമാനത്തില്‍ കുറവ് വളര്‍ച്ച റിസഷനായാണ് ഇക്കണോമിസ്റ്റുകള്‍ കണക്കാക്കുന്നത്. എന്നാല്‍ കേരളപ്പിറവി മുതല്‍ കഴിഞ്ഞ എഴുപത് കൊല്ലമായി ഓണക്കാലത്തെ കണ്‍സ്യൂമര്‍ ഇക്കോണമി പതിനഞ്ചോ ഇരുപതോ വേഗതയില്‍ വളരുകയായിരുന്നു.

അതിനു കാരണവുമുണ്ട്. നമ്മുടെ കേരളീയ മാവേലി പുരാണത്തിന്റെ അഡാപ്റ്റബിലിറ്റി. പൊരുത്തപ്പെടല്‍. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒരു ഡസനോളം മഹാബലി വാമനപുരാണകഥകള്‍ പ്രചാരത്തിലുണ്ട്. പക്ഷെ അവയൊന്നും ജനകീയമോ മനോഹരമായ ഒരു

നൊസ്റ്റാള്‍ജിയ സൃഷ്ടിക്കുന്നതോ അല്ല.

നമ്മുടേത് നോക്കൂ. മാവേലി എല്ലാക്കൊല്ലവും വരും. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഉണ്ടായിരുന്ന പ്രജകളുടെ സമ്പത്തും സന്തോഷവും കാണാന്‍. ഒരു പീരീയേഡ് മുഖം മിനുക്കല്‍ നമുക്കു നടത്തിയേ തീരൂ.

ചട്ടിയും കലവും കസവു നേരിയതും

ഫുഡ്ഡും ഡ്രസ്സും. ബ്രാന്‍ഡഡ് കമേഴ്സിയലിസം അറ്റ് ദി ബെസ്റ്റ്!

മാവേലി ചിങ്ങമാസത്തിലെ തിരുവോണത്തിനു മാത്രമേ വരികയുള്ളോ അതോ അത്തം മുതല്‍ ഉത്ത്യട്ടാതി വരെയുള്ള പതിനാലു ദിവസവും അദ്ദേഹം കേരളഭൂമിയില്‍ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് ഇന്നുവരെ ക്യത്യമായ ഒരു ലെജന്‍ഡോ പുരാണമോ നമുക്കില്ല. സംഭവത്തെക്കുറിച്ച് ഓണം കൊണ്ട് ഏറ്റവുമധികം സന്തോഷം നേടുന്ന എന്റെ ഉത്തരേന്ത്യന്‍ അല്ലെങ്കില്‍ മറുനാടന്‍ സുഹ്യത്തുക്കളായ ബിസിനസുകാര്‍ പറഞ്ഞു.

വര്‍മ്മാജി, ആപ്കാ ഓണത്തിന്റെ പീരീയേഡ് ഓരോ കൊല്ലവും നീളം കൂടി വരും. ഇക്കൊല്ലം ജൂലായ് പതിനഞ്ചിന് തുടങ്ങേണ്ടതായിരുന്നു. ആപ്കാ ആ കര്‍ക്കിടകമില്ലേ, രാമായണം. ഞങ്ങളുടെ നാട്ടില്‍ മണ്‍സൂണ്‍.

മഴ കനക്കുന്നതിനു മുമ്പ് ഇവിടെ സ്റ്റോക്ക് എത്തണം. ഇക്കൊല്ലം ശകലം താമസിച്ചു. ഇവിടെ ഉരുള്‍ പൊട്ടല്‍. സാരമില്ല. ഇനി ഓണം ഇത്തവണ ഒക് റ്റോബര്‍ വരെ നീളും.

റിസഷനല്ലേ, ഇത്തവണ ഓണം മാര്‍ക്കറ്റ് പതിവു ഡിസ്‌ക്കൗണ്ട് മാര്‍ക്കറ്റല്ല, ഡിസ്പോസല്‍ മാര്‍ക്കറ്റായിരിക്കും.

എന്റെ നമ്പര്‍ ടു പേരമകന്‍ ആര്യന് ഏഴാം ക്ലാസിലെത്തിയപ്പോഴേക്കും തനിക്ക് വലുതാകുമ്പോള്‍ ആരാകണമെന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. ഗാന്ധിജി, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി അവസാനം റോക്കറ്റ് എന്‍ജിനീയറിംഗിലും സെവന്‍ സ്റ്റാര്‍ ലോകം ചുറ്റുന്ന കൂറ്റന്‍ ഉല്ലാസ നൗകയിലെ ഷെഫിലും ചെന്നെത്തി. എന്റെ മൂന്നാമത്തെ പേരമകന്‍ അശ്വിന്‍ ബഹുമുഖപ്രതിഭയാണ്. അവന്‍ ഒരു സമന്വയമായി ഉപദേശിച്ചു.

നീ തിരുവനന്തപുരത്ത് തുമ്പയിലെ ബഹിരാകാശ റോക്കറ്റ് സെന്ററിലെ കാന്റീനും അടുത്തു തന്നെയുള്ള വേളിക്കായലിലെ ടൂറിസ്റ്റ് റെസ്റ്റൊറന്റും നടത്ത്. നിന്റെ രണ്ട് അംബിഷനും നടക്കും.

അശ്വിന്‍ എന്നോടു പറഞ്ഞു.

അപ്പൂപ്പാ, ഇനിയുള്ള കാലത്ത് ഇപ്പോഴത്തെ സിക്സ് ഡേ ഫൈവ് ഡേ വീക്കിന്റെ സ്ഥാനത്ത് ത്രീ ഡേ വീക്കാകും. അപ്പോള്‍ ആഴ്ച്ചയിലെ ബാക്കി ഫോര്‍ ഡേയ്സ് എന്തു ചെയ്യും?

എന്തു ചെയ്യും ?

ഓണം. ഓണമായിരിക്കും.

മനസിലായില്ല.

ഓണം എന്നു വച്ചാല്‍ ആഘോഷം. ഫെലോഷിപ്പ് ഈ അപ്പൂപ്പന്റേമൊക്കെ റോട്ടറി ലയണ്‍സ് പരിപാടിയില്ലേ? അതുപോലെ.

പ്രായമായവരെ ഉപദേശിച്ച് നന്നാക്കാന്‍ പറ്റില്ല എന്ന മട്ടില്‍ ചിരിച്ച് അശ്വിന്‍ എന്നെ ഒഴിവാക്കി.

ആര്യന്‍ പന്ത്രണ്ടാം ക്ലാസു കഴിഞ്ഞ് ഹോട്ടല്‍ മാനേജ്മെന്റിലെ ഡിഗ്രി കോഴ്സിന് പ്രവേശനപ്പരീക്ഷ പാസായി തുമ്പയ്ക്കും വേളിക്കും അടുത്തു തന്നെയുള്ള കോവളത്ത് കോളെജില്‍ ചേര്‍ന്നു. ലക്ഷ്യം ഏകാഗ്രമാക്കി.

ഒരു മാസം മുമ്പ് വെള്ളപ്പൊക്ക അവധിക്ക് എറണാകുളത്ത് വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ തമാശയായി ചോദിച്ചു.

നിങ്ങള്‍ക്ക് അടുക്കളപ്പണി പ്രാക്ടിക്കല്‍ വല്ലതും തുടങ്ങിയോ? പാത്രം കഴുകല്‍. കഷണം അരിയല്‍ എന്തെങ്കിലും?

ആര്യന്‍ കാര്യമാത്ര പ്രസക്തനായി ടെക്കി മട്ടില്‍ പറഞ്ഞു.

സവാളയും കാരറ്റും കട്ടിംഗ്. അപ്പൂപ്പനറിയാമോ, മോര്‍ ദാന്‍ ടു ഡസന്‍ സ്‌റ്റൈലില്‍ ഈ രണ്ടു വെജ്ജും കട്ടു ചെയ്യാം. ഇനി ചെന്നാലുടന്‍ നെക്സ്റ്റ് പൊട്ടറ്റോയും ടൊമാറ്റോയുമാണ്.

ഞാന്‍ വാസ്തവത്തില്‍ പെട്ടെന്ന് നിശ്ശബ്ദനായി.

കേരളത്തിലെ വെജിറ്റേറിയന്‍ ഫുഡ് സംസ്‌ക്കാരത്തിലെ ഇന്ന് പ്രധാനമായി ഗണപതി പ്രസാദം പോലെ ആര്യന്‍ പഠിക്കുന്ന പച്ചക്കറികള്‍ ഒന്നും നമ്മുടെ കറിക്കൂട്ടുകളില്‍ ഉണ്ടായിരുന്നില്ല. ഇവയെല്ലാം ഞാന്‍ ആദ്യമായി കണ്ടത് 1951 ല്‍ പതിനഞ്ചാമത്തെ വയസില്‍ തിരുവനന്തപുരത്ത് കോളെജില്‍ ചേര്‍ന്ന് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസമാക്കിയപ്പോഴാണ്.

മാവേലിക്കരയിലും ചേര്‍ത്തലയിലും നഗരപ്രാന്തപ്രദേശത്ത് അന്നൊന്നും ഈ പച്ചക്കറികള്‍ ചന്തകളില്‍പോലും വരുമായിരുന്നില്ല.

അശ്വിന്‍ പറഞ്ഞ ഓണവും പഴയ എന്റെ ബാല്യകാലത്തെ ഓണവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതായിരുന്നു.

അപ്പോഴാണ് വാര്‍ത്ത കണ്ടത്. റിസഷന്‍. ആകെ കുഴങ്ങുമോ? ഞാന്‍ എന്റെ വണിക്ക് സുഹ്യത്തുക്കളോട് ചോദിച്ചു. അമേരിക്കയുടെ ട്രംപ് ഒരു വര്‍ഷമായി ചൈനയുടെയും ഇന്ത്യയുടെയും ട്രേഡിംഗ് ശക്തി കുറയ്ക്കുക ആയിരുന്നു എന്നത് അറിയാമല്ലോ. റിസഷന്‍, ഡിപ്രഷന്‍ എന്നൊക്കെ മീഡിയായും പേടിപ്പിക്കും. വാസ്തവത്തില്‍ കുറച്ചു ശരിയാണ്. പക്ഷെ ഈ രണ്ടിടത്തും ഇപ്പോള്‍ പ്രൊഡക്ഷന്‍ ടെക്നോളജി പെട്ടെന്ന് റോബട്ടിക്കും എഫിഷ്യന്റും ആകുകയാണ്. കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍ കുറയുന്നു. ക്വാളിറ്റി ബെറ്ററാകുന്നു. ഇനെഫിഷ്യന്റ് കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. പക്ഷെ ഇതിന് കുറച്ചു ടൈം വേണം. അതു വരെ ഇപ്പോഴുള്ള എക്സസ് സ്റ്റോക്ക് നഷ്ടത്തിലായാലും വിറ്റേ മതിയാകൂ. മലയാളിക്ക് വലിയ കുഴപ്പം വരികയില്ല. കാരണം രൂപയുടെ വില കുറയുന്നത് മണിയോര്‍ഡര്‍ ഇക്കോണമിയില്‍ വളരുന്ന കേരളത്തിന് ഗുണകരമാകും.

കമോണ്‍ ഫോര്‍ ഓണം സെയ്ല്‍.

ഹാപ്പി ലുക്ക്, ഹാപ്പി ഫുഡ്, ഹാപ്പി ഓണം!

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com