കേരളത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ താരം സ്റ്റാര്‍ ഹെല്‍ത്ത്; വിപണി വിഹിതം 70%

നടപ്പുവര്‍ഷത്തെ ആദ്യപാതിയില്‍ കമ്പനി കേരളത്തില്‍ ക്ലെയിം നല്‍കിയത് ₹349 കോടി
Star Health Logo
Image : Canva,Star Health
Published on

ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്തിന് (STAR HEALTH) കേരളത്തിലുള്ളത് 70% വിപണി വിഹിതം. കമ്പനിയുടെ ഇന്ത്യയിലെ മൊത്തം ബിസിനസില്‍ 10 ശതമാനം പങ്കാളിത്തവുമായി മുന്‍നിരയിലുമാണ് കേരളം.

സംസ്ഥാനത്ത് നടപ്പുവര്‍ഷം (2023-24) ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) 349 കോടി രൂപയാണ് കമ്പനി ക്ലെയിം ഇനത്തില്‍ വിതരണം ചെയ്തതെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് ചീഫ് ക്ലെയിംസ് ഓഫീസര്‍ കെ. സനത് കുമാര്‍ പറഞ്ഞു. 7.70 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 2022-23ലെ മൊത്തം ക്ലെയിം വിതരണം സംസ്ഥാനത്ത് 740 കോടി രൂപയായിരുന്നു. നടപ്പുവര്‍ഷം ഇത് ഭേദിക്കുമെന്നാണ് വിലയിരുത്തല്‍. പൊതുവേ സാമ്പത്തിക വര്‍ഷങ്ങളുടെ രണ്ടാംപാതിയിലാണ് കൂടുതല്‍ ക്ലെയിം സെറ്റില്‍മെന്റുകള്‍ നടക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതലും സര്‍ജിക്കല്‍ വിഭാഗത്തില്‍

നടപ്പുവര്‍ഷം ആദ്യപകുതിയില്‍ വിതരണം ചെയ്ത 349 കോടി രൂപയുടെ ക്ലെയിമില്‍ 201 കോടി രൂപ സര്‍ജിക്കല്‍ വിഭാഗത്തിലും (ശസ്ത്രക്രിയയും ദീര്‍ഘകാല ആശുപത്രിവാസവും അടക്കമുള്ളവ) ബാക്കി നോണ്‍-മെഡിക്കല്‍ വിഭാഗത്തിലുമായിരുന്നു. നോണ്‍-മെഡിക്കലിലെ ശരാശരി ക്ലെയിം വിതരണം 39,000 രൂപയും സര്‍ജിക്കല്‍ വിഭാഗത്തില്‍ 70,000 രൂപയുമായിരുന്നു. മൊത്തം ക്ലെയിമില്‍ 187 കോടി രൂപ പുരുഷന്മാര്‍ക്കും 162 കോടി രൂപ വനിതകള്‍ക്കുമായിരുന്നു.

കാഷ്‌ലെസിന് പ്രാമുഖ്യം

ഈ വര്‍ഷം ആദ്യപാതിയിലെ മൊത്തം ക്ലെയിമില്‍ 312 കോടി രൂപയും സ്റ്റാര്‍ ഹെല്‍ത്തിന്റെ നെറ്റ്‌വര്‍ക്ക് ആശുപത്രികളിലായിരുന്നു. ബാക്കി 37 കോടി രൂപ കമ്പനിയുമായി കരാറില്‍ എര്‍പ്പെട്ടിട്ടില്ലാത്ത ആശുപത്രികളിലും. സംസ്ഥാനത്ത് 768 എംപാനല്‍ഡ് ആശുപത്രികള്‍ കമ്പനിയുടെ ശൃംഖലയിലുണ്ട്.

മൊത്തം ക്ലെയിമില്‍ 314 കോടി രൂപയും കാഷ്‌ലെസ് സെറ്റില്‍മെന്റായിരുന്നു എന്ന് കെ. സനത് കുമാര്‍ പറഞ്ഞു. രണ്ടുമണിക്കൂറിനകം കാഷ്‌ലെസ് സെറ്റില്‍മെന്റ് തീര്‍പ്പാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. 35 കോടി രൂപയുടേതായിരുന്നു റീഇമ്പേഴ്‌സ്‌മെന്റ് ക്ലെയിമുകള്‍. 7 ദിവസത്തിനകമാണ് ഈ ക്‌ളെയിമുകള്‍ തീര്‍പ്പാക്കിയത്.

വലിയ സാന്നിദ്ധ്യം

34 ശതമാനം വിപണിവിഹിതവുമായി ഇന്ത്യയിലെ തന്ന ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയാണ് ചെന്നൈ ആസ്ഥാനമായ സ്റ്റാര്‍ ഹെല്‍ത്തെന്നും രണ്ടാമതുള്ള കമ്പനിയുടെ വിപണിവിഹിതം 18 ശതമാനം മാത്രമാണെന്നും കെ. സനത് കുമാര്‍ പറഞ്ഞു.

കേരളത്തില്‍ 43,700 ഏജന്റുമാര്‍ കമ്പനിക്കുണ്ട്. 60 ശാഖകളും 120 സിംഗിൾമാന്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. 5.5 ലക്ഷത്തോളം പോളിസികളാണ് കഴിഞ്ഞവര്‍ഷം വിതരണം ചെയ്തത്. 50,000 രൂപവരെയുള്ള ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ 25 ഡോക്ടര്‍മാരടങ്ങിയ ക്ലെയിം സെറ്റില്‍മെന്റ് വിഭാഗവും കമ്പനിക്ക് കേരളത്തിലുണ്ട്.

ടെലിമെഡിസിനും മൊബൈല്‍ ആപ്പും

കൊവിഡ് കാലത്ത് ആരംഭിച്ച വെല്‍നെസ് ആന്‍ഡ് ടെലിമെഡിസിന്‍ സേവനം കമ്പനി കൂടുതല്‍ വ്യാപകമാക്കുമെന്ന് കെ. സനത് കുമാര്‍ പറഞ്ഞു. സ്റ്റാര്‍ ഹെല്‍ത്തിന്റെ പോളിസി ഉടമകളല്ലാത്തവര്‍ക്കും സേവനം നേടാം. സ്റ്റാര്‍ഹെല്‍ത്ത് മൊബൈല്‍ ആപ്പ് വഴി ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍ അടക്കമുള്ള സേവനങ്ങളും 24 മണിക്കൂറിലും നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 60 കോടിയിലധികം പേര്‍ ഇപ്പോഴും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്താണ്. ഇന്ത്യയില്‍ ആരോഗ്യ പരിരക്ഷാ മേഖലയക്ക് ഇനിയും വലിയ സാധ്യതകളുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് സ്റ്റാര്‍ ഹെല്‍ത്ത് (STARHEALTH). ഇന്ന് 2.29 ശതമാനം അഥവാ 13.75 രൂപ താഴ്ന്ന് 564.35 രൂപയിലാണ് ബി.എസ്.ഇയില്‍ ഓഹരി വ്യാപാരം പുരോഗമിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com