എങ്ങനെയാണ് ജീവിതത്തിലുടനീളം നിങ്ങളെ 'മൈന്‍ഡ്-കണ്‍ട്രോള്‍' ചെയ്തിരിക്കുന്നത്?

'ഒരു വലിയ നുണ പറയുകയും അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്താല്‍ ആളുകള്‍ ഒടുവില്‍ അത് വിശ്വസിച്ചു തുടങ്ങും' ജോസഫ് ഗോബ്ള്‍സ്, നാസി ജര്‍മനിയുടെ പ്രൊപ്പഗാന്‍ഡ മന്ത്രി
lady and mindfullness
CANVA
Published on

'മൈന്‍ഡ്-കണ്‍ട്രോള്‍' എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നത് എന്താണ്? ഒരു പക്ഷേ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ നിങ്ങളുടെ മനസിലെത്താം. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഇതിന് ഒരു പ്രസക്തിയും ഇല്ലെന്ന് നിങ്ങള്‍ കരുതിയേക്കാം.

എന്നാല്‍ കുട്ടിക്കാലം മുതലേ നിങ്ങളറിയാതെ, നിങ്ങളുടെ മനസിനെ മറ്റുള്ളവര്‍ നിയന്ത്രിക്കുകയാണെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും? നിങ്ങളുടെ രക്ഷിതാക്കള്‍, സ്‌കൂള്‍, മാധ്യമങ്ങള്‍, സമൂഹം, മതം പരസ്യങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് അത് ആരംഭിക്കുന്നു. ഈ പ്രക്രിയയെ നിഷ്‌കളങ്കമായി സോഷ്യല്‍ കണ്ടീഷനിംഗ് അല്ലെങ്കില്‍ പ്രോഗ്രാമിംഗ് എന്ന് പരാമര്‍ശിക്കുന്നു. എന്നാല്‍ സംഭവിക്കുന്നത് ഒരേതരത്തിലുള്ള മാനസിക നിയന്ത്രണമാണ്. നിങ്ങള്‍ എന്ത് ചിന്തിക്കണം, നിങ്ങള്‍ ആരായിരിക്കണം, നിങ്ങള്‍ എന്ത് വിശ്വസിക്കണം തുടങ്ങി എല്ലാം മറ്റുള്ളവര്‍ നമ്മോട് പറയുന്നു.

ബാല്യം മുതല്‍ മറ്റുള്ളവര്‍ ചെയ്യുന്നതിനെ ചോദ്യങ്ങളൊന്നും കൂടാതെ അന്ധമായി അനുവര്‍ത്തിക്കുകയും അനുകരിക്കുകയും ചെയ്യുക എന്നതാണ് ഇതില്‍ നിന്നുള്ള സന്ദേശം. സമൂഹം നമുക്ക് പിന്തുടരാന്‍ അദൃശ്യമായ ഒരു തിരക്കഥ ഒരുക്കി നല്‍കുന്നു. നല്ല മാര്‍ക്ക് നേടുക-നല്ല കോളെജില്‍ പോകുക- സുരക്ഷിതമായ ജോലി നേടുക- പണമുണ്ടാക്കുക- വിവാഹം കഴിച്ച് കുട്ടികളുണ്ടാകുക- ഒരു വീടോ കാറോ വാങ്ങുക- റിട്ടയര്‍ ചെയ്യുക...എന്നാല്‍ ഈ മാതൃക എല്ലാവര്‍ക്കും അനുയോജ്യമല്ല. കാരണം സമൂഹം നമ്മെ മറ്റുള്ളവരെ പോലെയാക്കാന്‍ എത്ര ശ്രമിച്ചാലും വ്യത്യസ്തമായ താല്‍പ്പര്യങ്ങളും, കഴിവുകളും ആഗ്രഹങ്ങളുമുള്ള സവിശേഷ വ്യക്തിത്വങ്ങളാണ് ഓരോരുത്തരും എന്നതാണ് സത്യം.

ലോകത്തിലെ എല്ലാവര്‍ക്കും സൈസ് 8 ഷൂസ് നല്‍കി അതിലേക്ക് പാദങ്ങള്‍ പാകമാകണമെന്ന് പ്രതീക്ഷിക്കുന്നതു പോലെയാണ് ഇത്. ജനസംഖ്യയുടെ ചെറിയ ഒരു ഭാഗത്തിന് ഇത് പാകമാകുമെങ്കിലും മിക്ക ആളുകള്‍ക്കും അത് ഉപയോഗശൂന്യമായിരിക്കും.

അദൃശ്യ സ്വാധീന ശക്തികള്‍

നമ്മുടെ വിശ്വാസ വ്യവസ്ഥകളെ രൂപപ്പെടുത്തുന്നത് മാതാപിതാക്കള്‍, സ്‌കൂള്‍, മാധ്യമങ്ങള്‍, സമൂഹം, മതം, പരസ്യങ്ങള്‍ തുടങ്ങിയവ മാത്രമല്ല. അത് രൂപപ്പെടുന്നതില്‍ താഴെ പറയുന്നവയ്ക്കും പങ്കുണ്ട്.

  • സിനിമകള്‍, ടിവി ഷോകള്‍: സിനിമകളും ടിവി ഷോകളും കേവലം വിനോദോപാധികള്‍ മാത്രമല്ല. അത് നിങ്ങളുടെ വിശ്വാസത്തെ രൂപപ്പെടുത്തുകയും ചിന്തകളെയും ലോകവീക്ഷണത്തെയും സ്വാധീനിക്കുകയും ചെയ്യുന്നു.

  • വാര്‍ത്തകള്‍: ലോകത്തെ കുറിച്ചുള്ള തെറ്റായ വീക്ഷണം രൂപപ്പെടുത്തുന്നതിലും നിങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിലും വാര്‍ത്തകള്‍ക്ക് പങ്കുണ്ട്.

  • സോഷ്യല്‍ മീഡിയ: സമൂഹത്തെ അനുകരിക്കാനുള്ള മനോഭാവം, അരക്ഷിതാവസ്ഥ എന്നിവയും സാധൂകരണത്തിന്റെ ആവശ്യകതയും വര്‍ധിപ്പിക്കുന്നു.

  • സംസ്‌കാരവും പാരമ്പര്യവും: അന്ധവിശ്വാസങ്ങള്‍ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറുന്നു.

  • വലിയ കോര്‍പ്പറേറ്റുകള്‍: കോര്‍പ്പറേറ്റുകള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക മാത്രമല്ല ചെയ്യുന്നത്, ജീവിതശൈലികളും അഭിലാഷങ്ങളും വില്‍ക്കുക കൂടിയാണ്.

ഈ കണ്ടീഷനിംഗില്‍ ചിലവ നിരുപദ്രവകരമോ സഹായകരമോ ആയിരിക്കാം. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം എന്തെന്നാല്‍ സമൂഹം സത്യമെന്ന നിലയില്‍ അവതരിപ്പിക്കുന്നവയില്‍ ഭൂരിഭാഗവും നമ്മെ വളരാന്‍ അനുവദിക്കുന്നതിനേക്കാള്‍ പിന്നോക്കം വലിക്കുന്ന, തെറ്റായതും പരിമിതപ്പെടുത്തുന്നതുമായ വിശ്വാസങ്ങളില്‍ അധിഷ്ഠിതമായതാണ്. സമൂഹം നിങ്ങളുടെ ആവശ്യങ്ങള്‍ക്കോ സന്തോഷത്തിനോ പരിഗണന നല്‍കുന്നില്ലെന്ന്് മനസിലാക്കേണ്ടതുണ്ട്. അത് നിങ്ങളെ മറ്റുള്ളവരെ പോലെയാക്കാന്‍ മാത്രമേ ശ്രമിക്കുന്നുള്ളൂ. അതുകൊണ്ടാണ് സമൂഹത്തില്‍ നിന്നുള്ള ശബ്ദകോലാഹലങ്ങള്‍ ഒഴിവാക്കാന്‍ പഠിക്കേണ്ടത് വളരെ പ്രധാനമാകുന്നത്.

എന്നാല്‍ അത് എങ്ങനെ തുടങ്ങാം? അതിന്റെ മോശം ആഘാതം കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ചില കാര്യങ്ങളിതാ...

സാമൂഹിക നിയന്ത്രണത്തില്‍ നിന്ന് മോചനം നേടുക

അവബോധവും സ്വീകാര്യതയും: സോഷ്യല്‍ കണ്ടീഷനിംഗ് നമ്മെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് നമുക്ക് കരുതാം. പക്ഷേ നമ്മള്‍ നമ്മെ തന്നെ വിഡ്ഢികളാക്കുകയാണ് അതിലൂടെ ചെയ്യുന്നത്. വ്യത്യസ്ത അളവുകളിലാണെങ്കിലും നമ്മളെല്ലാവരും നമ്മള്‍ ജീവിക്കുന്ന സമൂഹത്താല്‍ സ്വാധീനപ്പെട്ടിരിക്കുന്നു എന്നതാണ് കാരണം. അതുകൊണ്ട് കണ്ടീഷനിംഗില്‍ നിന്ന് പുറത്തുകടക്കാന്‍ നമ്മുടെ മനസ് മറ്റുള്ളവരുടെ സ്വാധീനത്തിന് ഇരയാകുമെന്ന സത്യം മനസിലാക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടത്.

ധ്യാനിക്കുക (Meditate): മോശം കണ്ടീഷനിംഗില്‍ നിന്ന് മോചനം നേടാനുള്ള മികച്ച വഴികളിലൊന്ന് ദിവസേനയുള്ള ധ്യാന (Meditation) പരിശീലനമാണ്.

സോഷ്യല്‍ കണ്ടീഷനിംഗിന്റെ ഫലമായി നമ്മിലുണ്ടായിരിക്കുന്ന പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങളെയും ഉപബോധ മാനസിക ക്രമത്തെയും വെളിച്ചത്തു കൊണ്ട് വരാന്‍ ധ്യാനം സഹായിക്കുന്നു. കാലക്രമേണ ഇത് നിങ്ങളെ കൂടുതല്‍ ബോധവാന്മാരായിരിക്കാനും ജീവിതത്തിന്റെ ഓട്ടോ പൈലറ്റ് മോഡിലുള്ള പോക്ക് കുറച്ചു കൊണ്ടുവരാനും സഹായിക്കുന്നു.

നിങ്ങളുടെ ഹൃദയത്തെയും അന്തര്‍ജ്ഞാനത്തെയും ശ്രദ്ധിക്കുക: നമ്മുടെ മനസ് സമൂഹത്തിന്റെ പേടിപ്പെടുത്തുന്ന കണ്ടീഷനിംഗില്‍ കുടുങ്ങിക്കിടക്കുകയാകാം. എന്നാല്‍ നമുക്കെല്ലാം പ്രാപ്യമായതും എല്ലാ കണ്ടീഷനിംഗുകളില്‍ നിന്നും സ്വതന്ത്രമായതുമായ ഒന്നുണ്ട്. നമുക്ക് ശരിയായതെന്തെന്ന് അതിനറിയാം. അന്തര്‍ജ്ഞാനം അല്ലെങ്കില്‍ ആറാം ഇന്ദ്രിയം. സ്റ്റീവ് ജോബ്സിന്റെ അഭിപ്രായം കടമെടുത്താല്‍, 'മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ ശബ്ദകോലാഹലത്തില്‍ നിങ്ങളുടെ അന്തര്‍ജ്ഞാനത്തെ മുക്കിക്കളയാന്‍ അനുവദിക്കരുത്. നിങ്ങളുടെ ഹൃദയത്തെയും അന്തര്‍ജ്ഞാനത്തെയും പിന്തുടരാനുള്ള ധൈര്യം കാട്ടുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാകണമെന്ന് അവര്‍ക്ക് എങ്ങനെയോ അറിയാം'.

വേഗം കുറയ്ക്കുക, നിങ്ങള്‍ക്കായി സമയം ചെലവഴിക്കുക: നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റിവെച്ച് ബാഹ്യ ഉത്തേജനങ്ങളില്‍ നിന്നെല്ലാം മുക്തരായി എല്ലാ ദിവസവും കുറച്ചു സമയം തനിച്ച് ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. ഇത് നിങ്ങളുടെ മനസിനെ ശാന്തമാക്കും, ഉള്ളിലേക്ക് നോക്കി നിങ്ങളുടെ മുന്‍ഗണനകള്‍ ക്രമീകരിക്കാനും സമൂഹം നിങ്ങ ളില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളെ ഉപബോധമനസു കൊണ്ട് പിന്തുടരുകയെന്ന കെണിയില്‍ അകപ്പെടുന്നതിന് പകരം എന്താണ് നിങ്ങള്‍ക്ക് വേണ്ടതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനും സഹായിക്കും.

സെലക്ടീവ് ആയിരിക്കുക: നമ്മള്‍ കാണുന്നതോ വായിക്കുന്നതോ കേള്‍ക്കുന്നതോ ആയ കാര്യങ്ങള്‍ നമ്മുടെ ചിന്തകളെയും വിശ്വാസങ്ങളെയും പെരുമാറ്റങ്ങളെയും രൂപപ്പെടുത്തുന്നതില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് കരുതുന്നത് തികച്ചും വിഡ്ഢിത്തമാണ്. വാര്‍ത്തകള്‍ പ്രധാനമായും വില്‍ക്കുന്നത് ഭയം തന്നെയാണ്. മറ്റുള്ളവരുമായി മത്സരിക്കാനും താരതമ്യം ചെയ്യാനും സോഷ്യല്‍ മീഡിയയ്ക്ക് നമ്മുടെ മനസിനെ നമ്മളറിയാതെ തന്നെ സ്വാധീനം ചെലുത്താനാവും. ടിവി ഷോകളും സിനിമകളും നിങ്ങളെ ഹിപ്നോസിസിന് സമാനമായ ഒരു ബോധാവസ്ഥയിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ അവസ്ഥയില്‍ നിങ്ങളുടെ യുക്തി താല്‍ക്കാലികമായി ഇല്ലാതാകുകയും നിങ്ങളുടെ ഉപബോധമനസിനെ വളരെ എളുപ്പത്തില്‍ സ്വാധീനിക്കാനാവുകയും ചെയ്യുന്നു. അവയ്ക്ക് നമ്മുടെ വിശ്വാസങ്ങളെയും ചിന്താരീതികളെയും രൂപപ്പെടുത്താനുള്ള അപാരമായ കഴിവുണ്ടാകുന്നു. കണ്ടന്റുകള്‍ കാണാനുള്ള സമയം നിങ്ങള്‍ എങ്ങനെ ചെലവഴിക്കുന്നുവെന്നതിനെ കുറിച്ച് ബോധവാന്മാരാകുക. നിങ്ങള്‍ക്ക് പ്രയോജനകരമല്ലാത്ത കണ്ടന്റുകള്‍ മനസിലാക്കി ഉപേക്ഷിക്കുക.

സ്വയം ചിന്തിക്കുക, ചോദ്യങ്ങള്‍ ചോദിക്കുക: യുക്തിസഹമായി ചിന്തിക്കാന്‍ കഴിവുള്ള ജീവിവര്‍ഗമാണ് മനുഷ്യര്‍. എന്നാല്‍ വൈരുദ്ധ്യമെന്ന് പറയട്ടെ, ചിന്തിക്കാന്‍ പോലും മടിയന്മാരായ ജീവിവര്‍ഗമാണ് നമ്മളും. നമ്മളില്‍ മിക്കവരും ആഗ്രഹിക്കുന്നത് നമ്മള്‍ എന്തു ചെയ്യണമെന്ന് മറ്റാരെങ്കിലും പറഞ്ഞു തരണമെന്നാണ്. അല്ലെങ്കില്‍ ഭൂരിപക്ഷം പേരും ചെയ്യുന്നതു (അത് യുക്തിസഹമാണെങ്കിലും അല്ലെങ്കിലും) പിന്തുടരണമെന്നാണ്. താഴെ കൊടുത്തിരിക്കുന്ന കഥ ഇത് കൃത്യമായി വരച്ചു കാട്ടുന്നു.

അടുത്തിടെ വിവാഹിതനായ ഒരു യുവാവ് തന്റെ ഭാര്യ ബീഫ് റോസ്റ്റ് ഉണ്ടാക്കുമ്പോള്‍ മാംസത്തിന്റെ രണ്ടു ഭാഗത്തു നിന്നും ഒരു ഇഞ്ച് വീതം മുറിച്ചു കളയുന്നത് ശ്രദ്ധിച്ചു. കൗതുകത്തോടെ, അത് എന്തിനാണ് ചെയ്യുന്നതെന്ന് അയാള്‍ അവളോട് ചോദിച്ചു. 'അത് അങ്ങനെയാണ് ചെയ്യേണ്ടത്' എന്നായിരുന്നു മറുപടി. കൂടുതല്‍ ചോദിച്ചപ്പോള്‍ അത് തന്റെ അമ്മയില്‍ നിന്ന് പഠിച്ചതാണെന്ന് പറഞ്ഞു. ഇക്കാര്യം ഭാര്യാമാതാവിനോട് ചോദിച്ചപ്പോഴും അതേ ഉത്തരമാണ് ലഭിച്ചത്. പോട്ട് റോസ്റ്റ് ഉണ്ടാക്കേണ്ടത് അങ്ങനെയാണെന്നും താന്‍ അത് തന്റെ അമ്മയില്‍ നിന്നാണ് പഠിച്ചതെന്നും. ഒടുവില്‍ അയാള്‍ മുത്തശ്ശിയോട് തന്നെ ചോദിച്ചു. അവര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു; ' അങ്ങനെയല്ല, എന്റെ പാന്‍ വളരെ ചെറുതായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്. അക്കാലത്ത് ഞങ്ങള്‍ ദരിദ്രരായിരുന്നു. ആവശ്യത്തിന് പാത്രങ്ങള്‍ ഉണ്ടായിരുന്നില്ല. കൈയിലുണ്ടായിരുന്ന പാനില്‍ ഒതുങ്ങി നില്‍ക്കുന്നതിന് വേണ്ടിയാണ് രണ്ടറ്റവും മുറിച്ചിരുന്നത്.'

ഈ കഥയില്‍ കാണുന്നതു പോലെ ആളുകള്‍ അന്ധമായ അനുകരണത്തിലൂടെ അര്‍ത്ഥശൂന്യമായ പ്രവൃത്തികള്‍ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് എത്തിക്കുന്നു. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളും വ്യത്യസ്തമല്ല. കുട്ടികളുടേതായ ഒരു മനോഭാവം സ്വീകരിക്കുക. ജിജ്ഞാസുവായിരിക്കുക. എല്ലാറ്റിനെയും ചോദ്യം ചെയ്യുക. നിങ്ങളില്‍ ഉയര്‍ന്നു വരുന്ന ചിന്തകളെ ചോദ്യം ചെയ്യുകയും നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നുവെന്ന് പരിശോധിക്കുകയും ചെയ്യുക. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്നും സ്‌കൂളില്‍ നിന്നും മതങ്ങളില്‍ നിന്നും ലഭിച്ച ചിന്തകളും വിശ്വാസങ്ങളും, അവര്‍ നല്ല ഉദ്ദേശ്യത്തോടെയാണ് കൈമാറിയതെങ്കിലും, സത്യമല്ലെങ്കിലോ?

അവസാന വാക്ക്

'നമ്മുടെ സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കു തന്നെ വ്യക്തികളല്ല, അനുയായികളാകാനാണ് നമ്മെ പ്രോഗ്രാം ചെയ്തിരിക്കുന്നത്. പൊതുസമൂഹത്തെയും പൊതുജനാഭിപ്രായങ്ങളെയും സ്വീകരിക്കാനും വ്യത്യസ്തവും വേറിട്ടതുമായ കാര്യങ്ങളെ നിരസിക്കാനുമാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്.'സോഷ്യല്‍ കണ്ടീഷനിംഗ് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തിയിരിക്കുന്ന സ്വാധീനം പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതിന്റെപരിമിതപ്പെടുത്തുന്ന ചിന്താഗതികളില്‍ നിന്നും വിശ്വാസ സമ്പ്രദായങ്ങളില്‍ നിന്നും മോചിതരാകുന്നത് നിങ്ങളുടെ ജീവിതഗതിയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കും.

(ധനം മാഗസിനിൽ മേയ് 15 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com