10-5 ഓഫീസ് രീതി ഇനി എത്ര നാള്‍? സ്ഥിരം മേശ ഇല്ലാതാവുന്നു, തൊഴില്‍ സംവിധാനം വലിയ മാറ്റങ്ങളില്‍

ഓഫീസ് സംസ്‌കാരത്തില്‍ മാറ്റം വരുകയാണ്. ലോകമെമ്പാടുമുള്ള ഓഫീസ് ഹാജര്‍ കോവിഡ് മഹാമാരിക്കു മുന്‍പുള്ളതിനേക്കാള്‍ ഏകദേശം 30 ശതമാനം താഴെ
10-5 ഓഫീസ് രീതി ഇനി എത്ര നാള്‍? സ്ഥിരം മേശ ഇല്ലാതാവുന്നു, തൊഴില്‍ സംവിധാനം വലിയ മാറ്റങ്ങളില്‍
ChatGPT
Published on

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഓഫീസിലിരുന്ന് ജോലി ചെയ്യുന്നൊരു കാലം അവസാനിക്കുകയാണോ? നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെങ്കിലും, ഇത്തരമൊരു ഓഫീസ് രീതി മാറുകയാണെന്ന് പുതിയ വിലയിരുത്തലുകള്‍. സാങ്കേതിക വിദ്യയും നിര്‍മിത ബുദ്ധിയും ജോലിയുടെ സ്വഭാവവും എല്ലാം ചേര്‍ന്നാണ് നിലവിലെ രീതി പൊളിച്ചെഴുതുന്നത്.

ഓഫീസ് എന്നു പറയുന്നത് പ്രകൃതി നിയമം പോലെ ഒന്നല്ല. ഏകദേശം 300 വര്‍ഷം മാത്രം പഴക്കമുള്ള ഒരു തൊഴില്‍സംവിധാനമാണെന്നും മാര്‍സെല്ലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്‌സിലെ സൗരഭ് മുഖര്‍ജിയും നന്ദിത രാജ്ഹന്‍സയും വിലയിരുത്തുന്നു. ആധുനിക മനുഷ്യന്‍ ഏകദേശം മൂന്ന് ലക്ഷം വര്‍ഷമായി ഭൂമിയിലുണ്ടെങ്കിലും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഓഫീസ് കെട്ടിടങ്ങളുടെ ചരിത്രം തുടങ്ങുന്നത് 1726-ല്‍ നിര്‍മിച്ച ലണ്ടനിലെ ഓള്‍ഡ് അഡ്മിറല്‍റ്റിയില്‍ നിന്നാണ്. മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗം കാലത്തും ഉപജീവനത്തിനായി ആളുകള്‍ ഓഫീസുകളില്‍ പോയിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ ഈ ഓഫീസ് സംസ്‌കാരത്തില്‍ മാറ്റം വരുകയാണ്. ലോകമെമ്പാടുമുള്ള ഓഫീസ് ഹാജര്‍ കോവിഡ് മഹാമാരിക്കു മുന്‍പുള്ളതിനേക്കാള്‍ ഏകദേശം 30 ശതമാനം താഴെയാണ്. കമ്പനികള്‍ ഓഫീസ് വിസ്തീര്‍ണം കുറയ്ക്കുകയുമാണ്. ഇത് താല്‍ക്കാലികമായ മാറ്റമല്ല. മൂന്ന് വലിയ ഘടകങ്ങള്‍ ഇതിനു പിന്നിലുണ്ട്. ഘടനാപരമായ പരിവര്‍ത്തനമാണെന്നാണ് വിലയിരുത്തല്‍.

സാങ്കേതിക വിദ്യ വളര്‍ന്നപ്പോള്‍ യാത്രയുടെ ആവശ്യം കുറഞ്ഞു

വിലകൂടിയ യന്ത്രങ്ങളും മറ്റു സൗകര്യങ്ങളും ഓഫീസില്‍ മാത്രമായിരുന്നപ്പോഴാണ് ജീവനക്കാര്‍ ദിവസവും ജോലി സ്ഥലത്തേക്ക് പോയിരുന്നത്. കുറെക്കാലം മുമ്പു വരെ ഒരു ഫോട്ടോകോപ്പി എടുക്കാന്‍ പോലും ചെലവും യാത്രയും കൂടുതലായിരുന്നു. വീഡിയോ കോളുകള്‍ ഓഫീസ് സാന്നിധ്യത്തിന്റെ ആവശ്യകത ഗണ്യമായി കുറച്ചു. വെര്‍ച്വല്‍ റിയാലിറ്റി അധിഷ്ഠിത സംവിധാനങ്ങളും അതിവേഗം വളരുകയാണ്. ബംഗളൂരു പോലുള്ള ടെക് കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഓഫീസിലെത്തുന്ന ഹൈബ്രിഡ് സംവിധാനമാണ് പലേടത്തും. 55 ശതമാനത്തിലധികം തൊഴിലാളികള്‍ ഹൈബ്രിഡ് മാതൃകയാണ് ഇഷ്ടപ്പെടുന്നതെന്നാണ് പഠനങ്ങള്‍.

ഓഫീസ് ജോലികളുടെ രീതി മാറ്റുകയാണ് എഐ

മുന്‍കാല സാങ്കേതിക ഉപകരണങ്ങളില്‍നിന്ന് വ്യത്യസ്തമായി റിപ്പോര്‍ട്ട് തയ്യാറാക്കല്‍, വിശകലനം, കോഡിങ് തുടങ്ങിയ വൈറ്റ് കോളര്‍ ജോലികള്‍ എഐയുടെ സ്വാധീനത്തില്‍ അതിവേഗം മാറുകയാണ്. ഇന്ത്യയിലെ വൈറ്റ് കോളര്‍ നിയമനം കഴിഞ്ഞ മൂന്നു വര്‍ഷമായി കാര്യമായ വളര്‍ച്ചയില്ലാതെ തുടരുന്നു. എഐയുമായി കൂടുതല്‍ സമ്പര്‍ക്കമുള്ള എന്‍ട്രി ലെവല്‍ തസ്തികകളിലെ തൊഴില്‍ 13 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. എഐയുടെ ആഘാതം പ്രധാനമായും പരമ്പരാഗത ഓഫീസ് ജോലികളിലായിരിക്കുമെന്നതാണ് പൊതുവായ നിഗമനം.

യാത്രാസമയം ലാഭം; തൊഴില്‍ സുരക്ഷയില്‍ തിരിച്ചടി

തൊഴില്‍ജീവിതത്തിലെ മാറ്റം പ്രഫഷണലുകള്‍ക്ക് നേട്ടവും നഷ്ടവും ഒരുപോലെ സമ്മാനിക്കുന്നു. വീട്ടിലിരുന്നോ ഹൈബ്രിഡ് രീതിയിലോ ജോലി ചെയ്യുന്നതിലൂടെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ കുറഞ്ഞത് 10 മണിക്കൂറെങ്കിലും യാത്രാസമയം ലാഭിക്കാനാകും. അതേസമയം, കൂടുതല്‍ ആളുകള്‍ എഐയുമായി ബന്ധപ്പെട്ട ഗിഗ് ജോലികളിലേക്കും ഫ്രീലാന്‍സ് തൊഴില്‍ രംഗത്തേക്കും മാറേണ്ടിവരും. ജനറേറ്റീവ് എഐ 9.2 കോടി തസ്തികകളെ മാറ്റിമറിക്കുമെന്നും, അതേസമയം 17 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്‍ഫോസിസ് വിലയിരുത്തുന്നു.

എന്നാല്‍ സ്ഥിരം ജീവനക്കാര്‍ക്കു ലഭിച്ചിരുന്ന തൊഴില്‍ സുരക്ഷാവലയം ഇനിയങ്ങോട്ട് ഉണ്ടാകില്ല. സാമ്പത്തിക അടിയന്തരാവശ്യങ്ങള്‍ക്കുള്ള കരുതല്‍നിധിയും ആരോഗ്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ തൊഴിലുടമകള്‍ വഹിച്ചിരുന്ന ചെലവുകള്‍ അവര്‍ സ്വയം കണ്ടെത്തേണ്ടിവരും.

ഓഫീസ് നിര്‍ബന്ധം മികച്ച ജീവനക്കാരെ അകറ്റും

പ്രതിഭകള്‍ക്ക് ക്ഷാമമുള്ള തൊഴില്‍വിപണികളില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് ഓഫീസിലേക്ക് തിരിച്ചുവിളിക്കുന്നത് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകും. മികച്ച ജീവനക്കാര്‍ വഴക്കമുള്ള തൊഴില്‍സാഹചര്യം നല്‍കുന്ന സ്ഥാപനങ്ങളിലേക്ക് മാറാനുള്ള സാധ്യത കൂടുതലാണ്. അതേസമയം, പരമ്പരാഗത മെട്രോ നഗരങ്ങളെ അപേക്ഷിച്ച് 30 മുതല്‍ 50 ശതമാനം വരെ തൊഴില്‍ അവസരങ്ങള്‍ ചെലവു കുറഞ്ഞ നഗരങ്ങളിലേക്ക് നീങ്ങുകയാണ്. തൊഴിലാളികള്‍ എവിടെയുണ്ടോ അവിടേക്കു ജോലി എത്തുന്ന പുതിയ ക്രമമാണ് രൂപപ്പെടുന്നത്.

ഓഫീസ് ഇല്ലാതാകില്ല; ഇല്ലാതാകുന്നത് സ്ഥിരം മേശ

പുതിയ പ്രവണതകളിലൂടെ ഓഫീസ് എന്നത് പൂര്‍ണമായി അപ്രത്യക്ഷമാക്കുമെന്ന് അര്‍ഥമില്ല. മികച്ച സൗകര്യങ്ങളുള്ള ഓഫീസ് കെട്ടിടങ്ങള്‍ക്ക് തുടര്‍ന്നും ആവശ്യക്കാരുണ്ടാകും. എന്നാല്‍ ഒരു ജോലി എന്നാല്‍ നിശ്ചിത നഗരത്തിലെ നിശ്ചിത ഓഫീസില്‍, നിശ്ചിത മേശയ്ക്കു മുന്നില്‍, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ഇരിക്കണമെന്ന ധാരണ മാറുകയാണ്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വഴക്കമുള്ള തൊഴില്‍രീതി സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും മികച്ച പ്രതിഭകളെ നിലനിര്‍ത്താനാവുകയെന്നതാണ് തൊഴില്‍ലോകം നല്‍കുന്ന മുന്നറിയിപ്പ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com