ആത്മവിശ്വാസം വര്‍ധിപ്പിച്ച് മുന്നേറാം ഏത് മേഖലയിലും: നിങ്ങളെ സഹായിക്കും ഈ 4 കാര്യങ്ങള്‍

ഏത് മേഖലയിലും പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ ആരോഗ്യത്തിനും മനഃശാസ്ത്രപരമായ ക്ഷേമത്തിനും ആത്മവിശ്വാസം പ്രധാനമാണ്. ആരോഗ്യകരമായ ആത്മവിശ്വാസം നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കും. എന്നാല്‍, പലപ്പോഴും ചില സംഭവങ്ങളോ വ്യക്തികളോ സാഹചര്യങ്ങളോ നമ്മുടെ ആത്മവിശ്വാസം കുറക്കാറുണ്ട്. ഇത് മറികടക്കാനുള്ള നാല് വഴികളാണ് ഇവിടെ പറയുന്നത്. ഇവ ജീവിതത്തില്‍ നടപ്പാക്കി നോക്കൂ.

'സെല്‍ഫ് ലൗ' തന്നെ വഴി

സെല്‍ഫ് ലൗ അഥവാ നിങ്ങള്‍ക്ക് നിങ്ങളോടുള്ള സ്‌നേഹം വര്‍ധിപ്പിക്കുക. ഇതിന് ചില വഴികളുണ്ട്. ആദ്യം തന്നെ നിങ്ങളുടെ ബാഹ്യ സൗന്ദര്യം, തൊഴില്‍, സാമ്പത്തിക നിലവാരം തുടങ്ങിയ കാര്യങ്ങള്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക.

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്ന ആളുകളില്‍ അസൂയ വളരുകയും ഇത് മാനസിക സന്തോഷത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. മറ്റൊരാളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് അസൂയ തോന്നുന്നുവെങ്കില്‍, നിങ്ങളുടെ സ്വന്തം ശക്തികളെയും വിജയങ്ങളെയും കുറിച്ച് സ്വയം ഓര്‍മിപ്പിക്കുക, കുറിച്ചു വയ്ക്കുക.

നിങ്ങള്‍ ഒരിക്കലും മറ്റൊരാളേക്കാള്‍ മോശക്കാരന്‍/ മോശക്കാരി അല്ലെന്ന് തിരിച്ചറിയുക. യാതൊരു കഴിവും ഗുണങ്ങളും ഇല്ലാത്തവരായി ഈ ലോകത്ത് ആരുമില്ല. നമ്മുടെ ഉള്ളിലുള്ള ഗുണങ്ങളെ സ്വയം തിരിച്ചറിഞ്ഞ് അത് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക.

നിങ്ങള്‍ നിങ്ങളെ തന്നെ മോട്ടിവേറ്റ് ചെയ്യുക. എനിക്ക് ചെയ്യാന്‍ കഴിയില്ല, ഇത് എനിക്ക് ശരിയാവില്ല, വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് തുടങ്ങിയ സ്വയം തോന്നലുകള്‍ മാറ്റിവച്ച് 'ഇത് എന്നെക്കൊണ്ട് സാധിക്കും' എന്ന വിശ്വാസം വളര്‍ത്തിയെടുക്കുക. 'എനിക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ല' അല്ലെങ്കില്‍ 'ഇത് അസാധ്യമാണ്' എന്ന് സ്വയം പറയുന്നതിനുപകരം 'നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും' അല്ലെങ്കില്‍ 'ശ്രമിച്ചാല്‍ എനിക്ക് ചെയ്യാന്‍ കഴിയും' എന്ന് സ്വയം ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുക.

ഇനി എന്തെകിലും ഒരു തെറ്റ് നിങ്ങളുടെ ഭാഗത്തു നിന്ന് വന്നുപോയാല്‍ 'എനിക്ക് ഒന്നും ശരിയായി ചെയ്യാന്‍ കഴിയില്ല' എന്ന് സ്വയം പറയുന്നതിനുപകരം, 'അടുത്ത തവണ എനിക്ക് നന്നായി ചെയ്യാന്‍ കഴിയും,' അല്ലെങ്കില്‍ 'ഈ തെറ്റില്‍ നിന്നും ഞാന്‍ ചിലത് പഠിച്ചു' എന്ന് സ്വയം ഓര്‍മിപ്പിക്കുക.

ആരോഗ്യം പരിപാലിക്കുക

ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസും ചിന്തകളും ഉണ്ടാകും. അതിനാല്‍, പോഷക ഗുണങ്ങളുള്ള ആഹാരം കഴിക്കുക, വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക.

ഭയത്തെ നേരിടുക

എന്തെങ്കിലും ഒരു കാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ഭയം തോന്നുന്നുവെങ്കില്‍, ആ ഭയം മാറുന്നതുവരെ അക്കാര്യം മാറ്റിവെക്കാന്‍ ശ്രമിക്കാതെ, അതിനെ അപ്പോള്‍ തന്നെ നേരിടുക. നിങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിനും ഭയത്തെ ഇല്ലാതാക്കുന്നതിനും അതിനെ ഒരു അവസരമായി കാണുക. ആത്മവിശ്വാസക്കുറവ് മൂലമുണ്ടാകുന്ന നിങ്ങളുടെ ചില ഭയങ്ങളെ അഭിമുഖീകരിക്കാന്‍ പരിശീലിക്കുക.

പോസിറ്റീവ് എനര്‍ജി നല്‍കുന്ന വ്യക്തികളെ കൂടെ കൂട്ടുക

ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിട്ട് കാര്യമില്ല. നിങ്ങളെ നിങ്ങളായി തന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ സുഹൃത്തുക്കളാക്കുക. നിങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നവരാണോ അതോ താഴ്ത്തികെട്ടുന്നവരാണോ ഒപ്പം ഉള്ളതെന്ന് തിരിച്ചറിയാന്‍ ശ്രമിക്കുക.

ജീവിതക്കുറിച്ചും നിങ്ങളെക്കുറിച്ചും സ്വയം അവരെ കുറിച്ചും ശുഭാപ്തി വിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നവരാണ് നിങ്ങളുടെ സുഹൃത്തുക്കളെങ്കില്‍ അവരെ നഷ്ടപ്പെടുത്താതിരിക്കുക. ജീവിതത്തിലെ ഏത് സാഹചര്യത്തെയും വളരെ സംയമനത്തോടെ കൈകാര്യം ചെയ്യുന്ന, നല്ല ചിന്തകളും പ്രവര്‍ത്തികളും ഉള്ളവര്‍ കൂടെ ഉണ്ടെങ്കില്‍ അവരിലുള്ള ആത്മവിശ്വാസം നാം പോലുമറിയാതെ നമ്മളിലേക്ക് കടന്നുവരും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it