ചിന്തകളെ വിജയകരമായ പ്രവൃത്തികള്‍ ആക്കാന്‍ വഴികള്‍

ചിന്തകളെ വിജയകരമായ പ്രവൃത്തികള്‍ ആക്കാന്‍ വഴികള്‍
Published on

എന്തിനെക്കുറിച്ചെങ്കിലും എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കാത്ത ഒരു നിമിഷം പോലും നിങ്ങളുടെ ജീവിതത്തിലില്ല എന്ന് നിങ്ങള്‍ക്കറിയാമോ? ഈ ലോകത്ത് എന്ത് സംഭവിച്ചാലും അതെല്ലാം ആരുടെയെങ്കിലും ചിന്തകളില്‍ നിന്ന് ഉല്‍ഭവിച്ചതാണെന്നറിയാമോ? അതുകൊണ്ടു തന്നെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് ചിന്തകള്‍. സ്വന്തം ചിന്തകളെ ശരിയായി കൈകാര്യം ചെയ്യാനുള്ള വഴികള്‍ ഇതാ

ചിന്തകളെ നിരീക്ഷിക്കുക

ആദ്യം നിങ്ങള്‍ നിങ്ങളുടെ ചിന്തകളെ നിരീക്ഷിക്കുക. അവയെ വിവേചിച്ചറിയാനൊന്നും നില്‍ക്കേണ്ട. വെറുതെ അതിനെ നിരീക്ഷിക്കുക. ചിലപ്പോള്‍ നിങ്ങളുടെ ചിന്തകളെക്കുറിച്ച് നിങ്ങള്‍ ആവേശഭരിതനായെന്നുവരാം. വിട്ടുകളയുക. ചിന്തകളെ ആദ്യം നിരീക്ഷിച്ചുതുടങ്ങുമ്പോള്‍ ആര്‍ക്കും ആദ്യം ഇങ്ങനെ തോന്നും. ഇങ്ങനെ ആവേശം തോന്നുന്ന സമയം അത് നിര്‍ത്തി വീണ്ടും ചിന്തകളെ നിരീക്ഷിക്കുന്ന പ്രവൃത്തിയിലേക്ക് മടങ്ങിവരുക. ചിന്തകളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുകയും വേണ്ട. നിങ്ങള്‍ അങ്ങനെയൊക്കെ ചിന്തിച്ചല്ലോ എന്നോര്‍ത്ത് ലജ്ജിക്കുകയോ ന്യായീകരിക്കുകയോ വേണ്ട. അവയെ നിയന്ത്രിക്കാനും ശ്രമിക്കേണ്ട. ഇത്തരം ചിന്തകള്‍ക്ക് പകരംവെക്കാവുന്ന പോസിറ്റീവായ ചിന്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിലൂടെ നമ്മള്‍ ശ്രമിക്കുന്നത് അനാവശ്യമായ ചിന്തകളുടെ എണ്ണം കുറയ്ക്കാനും നമുക്ക് ആവശ്യമായ ചിന്തകളുടെ എണ്ണം കൂട്ടാനുമാണ്. എപ്പോഴും കര്‍മനിരതനായിരിക്കുക. അലസത പാടില്ല. ലഘുവായ ഭക്ഷണവും മിത വ്യായാമവും ധ്യാനവും ചിന്തകളെ വരുതിയിലാക്കാന്‍ നിങ്ങളെ സഹായിക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ അമിത പ്രതീക്ഷ പുലര്‍ത്തരുത്. നെഗറ്റീവ് ചിന്തകള്‍ വരുന്ന വഴി ഇതിലൂടെ കുറെയൊക്കെ അടയ്ക്കാന്‍ കഴിയും.

നെഗറ്റീവ് ചിന്തകളെ തിരിച്ചറിയുക

ഇതിനായി ആദ്യം ചിന്തകളെല്ലാം ഒരു ബുക്കില്‍ കുറിച്ചുവെക്കുക. ആ ദിവസത്തെ സംഭവ വികാസങ്ങളും കുറിച്ചുവെക്കുക. നിങ്ങള്‍ക്ക് അവ ഉചിതവും ശരിയായതും പോസിറ്റീവായതുമായിരുന്നോ അതോ ഉപരിപ്ലവും നെഗറ്റീവും ആശയക്കുഴമുണ്ടാക്കുന്നതും ആയിരുന്നോ? അന്ന് നടന്ന സംഭവവികാസങ്ങളും അതിനോടുള്ള നിങ്ങളുടെ പ്രതികരണത്തിനും ഇടയിലെ ഇടവേള നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ? നിങ്ങളുടെ നെഗറ്റീവ് ചിന്തകളെ ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ? കഴിയുന്നില്ല എങ്കില്‍ നിങ്ങള്‍ എന്തുചെയ്താല്‍ നിങ്ങള്‍ക്ക് ഈ ഇടവേളയെക്കുറിച്ച് എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിയും എന്ന് ആലോചിക്കുക. വാക്കുകള്‍ക്കും ചിന്തകള്‍ക്കും ഇടയില്‍ എന്തെങ്കിലും വേര്‍തിരിവുകള്‍ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു എങ്കില്‍ അത് ന്യായീകരിക്കത്തക്കതാണോ? ചിന്തകളും വാക്കുകളും തമ്മില്‍ പൊരുത്തെടുന്ന മികച്ച മറ്റൊരു വഴി നിങ്ങള്‍ക്ക് ആവിഷ്‌കരിക്കാന്‍ കഴിയുമോ? നിങ്ങളുടെ വാക്കുകള്‍ ഉപയോഗിച്ചുള്ള പ്രകടനം പര്യാപ്തമായിരുന്നോ? ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുക.

ചിലപ്പോള്‍ നാം മറ്റുള്ളവരോടോ മറ്റുള്ളവര്‍ നമ്മോടോ സംസാരിക്കാറില്ലേ. ഒരു സംഭാഷണം തുടങ്ങിവെക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ് എന്ന് സ്വയം ചോദിക്കുക. അത് അത്യാവശ്യമായിരുന്നോ? അങ്ങനെ ചെയ്തതിന്റെ ലക്ഷ്യം എന്തായിരുന്നു? അത് സാധിച്ചോ? സാധിച്ചില്ല എങ്കില്‍ എന്തുകൊണ്ട്? നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള അനാവശ്യമോ നെഗറ്റീവായതോ ആയ വാക്കുകള്‍ ഉപയോഗിച്ചിരുന്നോ? നിങ്ങള്‍ ഉപയോഗിച്ച വാക്കുകള്‍ പര്യാപ്തമായതായിരുന്നോ? സംഭാഷണത്തിനുശേഷം നിങ്ങള്‍ സംതൃപ്തനായിരുന്നോ? ചിന്തകള്‍ കുറിച്ചുവെക്കാന്‍ പറഞ്ഞത് നിങ്ങളുടെ നെഗറ്റീവ് ചിന്തകളെ തിരിച്ചറിയാനാണ്. ഇത്തരം ചിന്തകള്‍ ഉണ്ടാകുമ്പോള്‍ തന്നെ അവയെക്കുറിച്ച് അറിയുന്നതാണ് ഉചിതം. അല്ലാതെ അവയെക്കുറിച്ച് പിന്നീട് വിശകലനം ചെയ്യുന്നതല്ല.

പോസിറ്റീവ് ചിന്തകളെ പകരം വെക്കുക

ഉള്ളില്‍ നെഗറ്റീവ് ചിന്തകള്‍ ഉണ്ടാകുമ്പോള്‍ തന്നെ അതിനെ പോസിറ്റീവ് ചിന്തകൊണ്ട് നേരിടണം. എത്ര വേഗം ഇത് ചെയ്യുന്നുവോ അത്രയും നന്ന്. വൈകുന്തോറും അതുകൊണ്ടുള്ള പ്രയോജനം കുറയും. ജീവിതത്തില്‍ വിജയം സ്വന്തമാക്കണമെങ്കില്‍ ഒരു ലക്ഷ്യം നിശ്ചയിച്ച് അത് കൈവരിക്കാനായി നിരന്തരം പരിശ്രമിക്കണം. അതിന് കഴിയണമെങ്കില്‍ ചിന്തകളെ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും കഴിയണം. ബാഹ്യമായ പല കാര്യങ്ങള്‍ക്കും മറ്റുള്ളവരുടെ പരാമര്‍ശങ്ങള്‍ക്കും നമ്മുടെ ചിന്തകളെ മോശമാക്കാന്‍ കഴിയും. എന്നാല്‍ നമ്മള്‍ അതിന് അവരെ അനുവദിക്കുകയാണെങ്കില്‍ മാത്രമേ അങ്ങനെ കഴിയൂ. അതുകൊണ്ട് പോസിറ്റീവായി ചിന്തിക്കൂ. പോസിറ്റീവായി സംസാരിക്കൂ. പോസിറ്റീവായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും നിങ്ങളുടെ മുറിയില്‍ നിറയ്ക്കുക. ദിവസവും നിങ്ങള്‍ക്ക് കാണാന്‍ പാകത്തില്‍ എവിടെയൊക്കെ അത് വെക്കാമോ അവിടെയൊക്കെ അത് വെക്കുക. പ്രശസ്തരായവരുടെ ഉദ്ധരണികള്‍ വായിക്കുക. നെഗറ്റീവായ ചിന്തകളുണ്ടാകുമ്പോള്‍ അത് പോസിറ്റീവാക്കി മാറ്റാന്‍ ഇതൊക്കെ ഉപയോഗിക്കുക.

നെഗറ്റീവ് ചിന്തകള്‍ക്ക് പകരം പോസിറ്റീവ് ചിന്തകള്‍ നിറയ്ക്കുന്നത് എല്ലാ അര്‍ത്ഥത്തിലും പോസിറ്റീവായ നടപടിയാണ്. ഉള്ളില്‍ നെഗറ്റീവ് ചിന്ത ഉണ്ടാകുമ്പോള്‍ മനസിനോട് അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ വെറുതെ പറഞ്ഞാല്‍ പോര. ഉദാഹരണത്തിന് 'എനിക്കൊരിക്കലും വിജയിക്കാന്‍ കഴിയില്ല' എന്ന നെഗറ്റീവ് ചിന്ത ഉണ്ടാകുമ്പോള്‍ മനസേ അതിനെ പ്രതിരോധിച്ച് പോസിറ്റീവാക്കി മാറ്റൂ എന്ന് പറഞ്ഞ് വെറുതെ ഇരുന്നാല്‍ പോര.

പകരം ഇങ്ങനെ ചിന്തിക്കണം: എനിക്ക് വിജയിക്കാന്‍ കഴിയും. മുന്‍കാലങ്ങളിലെ പരാജയങ്ങളില്‍ നിന്ന് ഞാന്‍ ഏറെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. പരാജയം സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്ന കാര്യം എനിക്കിപ്പോള്‍ അറിയാം. ഞാന്‍ അത് കൃത്യമായി എഴുതിവെക്കുകയും നിരന്തരം അത് പിന്തുടരുകയും ചെയ്യും. ഇനി ഞാന്‍ യാതൊരു തരത്തിലും പരാജയപ്പെടാന്‍ സാധ്യതയില്ല. ചെയ്യാനുള്ള കാര്യങ്ങള്‍ ഞാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും കൃത്യമായി അവ ചെയ്യുന്നുണ്ടോ എന്ന് കൂടെക്കൂടെ നിരീക്ഷിക്കുകയും ചെയ്യും''

ആവര്‍ത്തിച്ചുറപ്പിക്കുക

മുകളില്‍ സൂചിപ്പിച്ചതരം ചിന്തകള്‍ നിങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം നിറയ്ക്കും. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നെഗറ്റീവായ ചിന്തകള്‍ മാത്രമേ മനസില്‍ വരുന്നുള്ളൂ എങ്കില്‍ കഴിഞ്ഞ കാലത്ത് നടന്ന സമാനവും സന്തുഷ്ടവുമായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് പോസിറ്റീവ് എനര്‍ജി നേടുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com