'നിങ്ങള്‍ മനസ്സ് തുറന്ന് ചിരിച്ചിട്ട് കാലമെത്രയായി, സ്വയം ചോദിക്കൂ'

നിങ്ങള്‍ മനസ്സ് തുറന്ന് ചിരിച്ചിട്ട് കാലമെത്രയായി?.....
സുഹൃത്തേ, ഉത്തരം മനസ്സില്‍ കിട്ടിയോ? ചിരി കഷ്ടനാളുകളെ മറികടക്കാനുള്ള ഒരു വഴിയാണ്. നിങ്ങളുടെ നൈരാശ്യത്തെ മറികടക്കാന്‍ വേദനകളിലും ചിരിക്കാന്‍ നോക്കുക. അമിത ഗൗരവത്തോടെ, വല്ലാത്ത ബലം പിടുത്തമുള്ള മനോഭാവത്തേക്കാള്‍ എന്തുകൊണ്ടും നല്ലത് അല്‍പ്പം ഫലിതം കലര്‍ത്തിയ ജീവിത വീക്ഷണമാണ്. അങ്ങനെയുള്ളവര്‍ക്ക് തിരിച്ചടികളിലും ആനന്ദം കണ്ടെത്താന്‍ പറ്റും. ചിരിക്കാന്‍ പറ്റും. മനസ്സ് ശാന്തമാകും. നമ്മുടെ തന്നെ അബദ്ധങ്ങളെ ഓര്‍ത്ത് ചിരിച്ചുനോക്കൂ. അത് വളരെ വലിയ തിരിച്ചറിവ് തരും. പ്രതിബന്ധങ്ങളെ ചിരി മാറ്റിയെടുക്കുമെന്നല്ല പറയുന്നത്. അവയെ സഹിക്കാനും മറികടക്കാനുമുള്ള സഹനശേഷി സമ്മാനിക്കും.
നമ്മള്‍ എപ്പോഴൊക്കെ ഭയത്തിന്റെയും പ്രശ്‌നങ്ങളുടെയും നേരെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നുവോ, അപ്പോഴൊക്കെ നമ്മുടെ ശ്രദ്ധ പ്രശ്‌നത്തില്‍ നിന്ന് പരിഹാരത്തിലേക്ക് മാറും. വിജയികളായ ആളുകള്‍ പ്രശ്‌നങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും സ്വയം കളിയാക്കി ചിരിച്ചും ഉല്ലസിച്ചും മനസ്സിനെ ശാന്തമാക്കി പ്രശ്‌നത്തിനുള്ള വ്യക്തമായ പരിഹാരം കണ്ടെത്തുന്നവരാണ്.
കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോഴും ചിരിക്കാന്‍ നിങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. നല്ലൊരു ചിരി മികച്ച ഔഷധം കൂടിയാണ്. ഓക്‌സിജന്‍ അകത്തേക്ക് എടുക്കുന്നത് ഇത് കൂട്ടും. എന്‍ഡോര്‍ഫിന്‍ ഉല്‍പ്പാദനവും വര്‍ധിക്കും.
അതുപോലെ തന്നെ എല്ലാ മാനസിക സമ്മര്‍ദ്ദവും മോശം കാര്യമല്ല. നിങ്ങളെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് വലിച്ചിടുന്ന സമ്മര്‍ദ്ദം ദീര്‍ഘകാലത്തേക്ക ഗുണം ചെയ്യും. കായിക താരങ്ങളുടെ പരിശീലനം ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ അതിസമ്മര്‍ദ്ദമുള്ള അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് പരിശീലനം നടത്തുക. അപ്പോള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തുവരും. അതുകൊണ്ട് ചില മാനസിക സമ്മര്‍ദ്ദങ്ങള്‍ നിങ്ങളുടെ വിജയത്തിന്റെ പങ്കാളി കൂടിയാണ്. സമ്മര്‍ദ്ദം അതിജീവിക്കാന്‍ മാനസികമായും ശാരീരികവുമായും കരുത്ത് വേണം. മാത്രമല്ല, സമയം നല്ല രീതിയില്‍ വിനിയോഗിക്കാനും പഠിക്കണം.
പലരും പലപ്പോഴും കാര്യങ്ങളുടെ പ്രാധാന്യം അനുസരിച്ചാവും മുന്‍ഗണനാക്രമം നിശ്ചയിക്കുക. നിങ്ങള്‍ക്ക് ചെയ്യാന്‍ ഒട്ടും ഇഷ്ടമില്ലാത്ത, എന്നാല്‍ ഒഴിവാക്കാനാവാത്ത കാര്യമുണ്ടെങ്കില്‍ അതു തന്നെ ആദ്യം ചെയ്യുക. അതോടെ ആ തലവേദന മാറും. മറ്റു കാര്യങ്ങള്‍ ശാന്തമായി, ഇഷ്ടത്തോടെ ചെയ്യാന്‍ പറ്റുകയും ചെയ്യും. മാനസിക സമ്മര്‍ദ്ദം ഒരുപരിധിവരെ ഒഴിവാകുകയും ചെയ്യും.
ഇനി നിങ്ങള്‍ ഒന്നു കണ്ണു ചിമ്മി തുറക്കൂ. ഒരു നിമിഷം ശാന്തമായി ആലോചിക്കൂ. ഈ കോവിഡ് കാലവും ഏറെ നന്മ സമ്മാനിച്ചില്ലേ? എവിടെയിരുന്നും ജോലി ചെയ്യാം. എന്തും എവിടെയിരുന്നും പഠിക്കാം. പുതിയ കാര്യങ്ങള്‍ ബിസിനസില്‍ കൊണ്ടുവരാന്‍ പറ്റി. അനാവശ്യ ചെലവുകള്‍ കുറഞ്ഞു. അപ്പോള്‍ കഷ്ടകാലം കുറേ നല്ലകാര്യങ്ങളും സൃഷ്ടിച്ചല്ലോ?
സൃഹൃത്തേ, ഇതാണ് പുതിയ സാധാരണത്വം. വെല്ലുവിളികള്‍ എവിടെയും അവസാനിക്കില്ല. അതുകൊണ്ട് തിരിച്ചടികളില്‍ അതില്‍ ആനന്ദം കണ്ടെത്തൂ. മുന്നേറൂ.




Paul Robinson
Paul Robinson  

പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമാണ്. ബെഗളൂരു ആസ്ഥാനമായ പോസിറ്റീവ് റെവൊല്യൂഷൻസിന്റെ സഹസ്ഥാപകനും കൂടിയാണ് അദ്ദേഹം.

Related Articles

Next Story

Videos

Share it