ലിവിംഗ് ടുഗെതറിലെ സാമ്പത്തിക അച്ചടക്കം

വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്ന ലിവിംഗ് ടുഗെതര്‍ രീതി പുതുമയല്ല. വിവാഹത്തിന്റേതായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ മാത്രമല്ല ഈ രീതി തെരഞ്ഞെടുക്കുന്നത്. പരസ്പരം മനസിലാക്കാനും ഭാവിയില്‍ വിവാഹത്തിലേക്ക് കടക്കണമോ എന്ന നിര്‍ണായ തീരുമാനം എടുക്കാനും ലിവിംഗ് ടുഗതെര്‍ പോലെ അനിയോജ്യമായ മറ്റൊന്നില്ല.

നേരത്തെ വന്‍ നഗരങ്ങളിലേക്ക് ജോലിക്ക് പോവുന്നവരാണ് ലിവിംഗ് ടുഗതെര്‍ നയിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. കോളജ് പഠന കാലത്ത് തന്നെ ഒന്നിച്ച് താമസിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ച ശേഷം ചെലവാക്കിയ പൈസയുടെ കണക്ക് പറയുന്നവരെ കണ്ടിട്ടുണ്ട്. ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാനും നല്ല രീതിയില്‍ അവസാനിപ്പിക്കാനും സാമ്പത്തിക അച്ചടക്കം കൂടി വേണം. ഭാവിയിലെ കണക്കുപറച്ചിലുകള്‍ ഒഴിവാക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ചെലവുകള്‍ ഒരുമിച്ച് പങ്കിടാം- പങ്കാളികളില്‍ കൂടുതല്‍ ശമ്പളമുള്ളയാള്‍ അധികം പണം ചെലവഴിക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഭാവിയില്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. വിദ്യാഭ്യാസ വായ്പ, വാഹന വായ്പ അടക്കമുള്ള ചുമതലകളുമായാണ് ഭൂരിഭാഗം പേരും കരിയര്‍ ആരംഭിക്കുന്നത്. സ്വന്തം ആവശ്യങ്ങളും ചെലവുകളും കൃത്യമായി പങ്കാളിയോട് പറയാം. രണ്ടുപേര്‍ക്കും താങ്ങാനാവുന്ന വിധം ചെലവുകള്‍ പുനക്രമീകരിക്കാം.

നിത്യച്ചെലവിനായി ഒരു അക്കൗണ്ട്- ഒന്നിച്ച് താമസിക്കുന്ന സമയം വീട്ടിലെ ചിലവുകള്‍ക്കായി ഒരു ജോയിന്റ് അക്കൗണ്ട് എടുക്കാം. എല്ലാ മാസവും ആ അക്കൗണ്ടിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഇത് കൂടാതെ അപ്രതീക്ഷിതമായി എത്തുന്ന ചെലവുകള്‍ക്കായി ഒരു തുകയും മാറ്റിവെക്കാം, ഉദാഹരണത്തിന് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ ഒരു തുക. കണക്കുകള്‍ സൂക്ഷിക്കുന്നതിനൊപ്പം അവ കൃത്യമായി വീതിക്കാനും ശ്രദ്ധിക്കണം.

പങ്കാളിക്ക് ഭാരമാവരുത് -ലിവിംഗ് ടുഗതെറോ വിവാഹമോ ആയിക്കോട്ടെ, പങ്കാളിക്ക് ഒരു ഭാരമായി മാറരുത്. ആരോഗ്യ ഇന്‍ഷുറന്‍സും സ്വന്തമായൊരു സേവിംഗ്‌സും ഉണ്ടായിരിക്കണം. പരസ്പരം കടം വാങ്ങുന്നത് ഇതിലൂടെ ഒഴിവാക്കാം

ഒന്നിച്ചു കാണുന്ന സ്വപ്‌നങ്ങള്‍ - ഒരുമിച്ച് താമസിക്കുമ്പോള്‍ വിദേശ യാത്രകളടക്കം പ്ലാന്‍ ചെയ്യുന്നവരാണ് ഭൂരിഭാഗവും. വര്‍ഷത്തില്‍ 1-2 തവണ മാത്രം നടത്തുന്ന ഇത്തരം യാത്രകള്‍ക്കായി പണം മുന്‍കൂട്ടി കരുതി വയ്ക്കാം. ഹ്രസ്വകാല നിക്ഷേപ പദ്ധതികള്‍ ഇതിനായി തെരഞ്ഞെടുക്കാം.

ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഒരുമിച്ച് ചെയ്യരുത്- ലിവിംഗ് ടുഗതെര്‍ ആയതുകൊണ്ട് തന്നെ ദീര്‍ഘകാല നിക്ഷേപങ്ങളും വീട് വാങ്ങലുമൊന്നും ഒരുമിച്ച് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ മറ്റൊരാളുടെ ആവശ്യം ഇല്ല. നിങ്ങളുടെ റിട്ടയര്‍മെന്റ് പ്ലാനും സാമ്പത്തിക നിലയുമൊക്ക പരിഗണിച്ച് ഒരു ദീര്‍ഘകാല നിക്ഷേപം പരിഗണിക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it