വിരമിക്കുമ്പോള്‍ കൈയില്‍ മിച്ചസമ്പാദ്യം എത്ര വേണം, സമാധാന ജീവിതത്തിന്? കോടിയൊന്നും ഒരു വലിയ തുകയല്ല; ഇന്ത്യക്കാരെക്കുറിച്ച് പുതിയ എച്ച്.എസ്.ബി.സി റിപ്പോര്‍ട്ട്

രാജ്യത്തെ ജീവിതച്ചെലവുകള്‍ വര്‍ധിക്കുന്നതിന്റെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെയുമാണ് റിപ്പോര്‍ട്ട് അടിവരയിടുന്നതെന്നാണ് വിലയിരുത്തല്‍
old indian couple smiling
canva
Published on

സുരക്ഷിതവും സന്തോഷകരവുമായ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കാന്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞത് 3.5 കോടി രൂപയെങ്കിലും നീക്കിയിരുപ്പ് വേണമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ബ്രിട്ടീഷ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ എച്ച്.എസ്.ബി.സി (The Hongkong and Shanghai Banking Coporation) പ്രസിദ്ധീകരിച്ച അഫ്‌ളുവന്റ് ഇന്‍വെസ്റ്റേഴ്‌സ് സ്‌നാപ്‌ഷോട്ട് 2025 റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തെ ജീവിതച്ചെലവുകള്‍ വര്‍ധിക്കുന്നതിന്റെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെയുമാണ് റിപ്പോര്‍ട്ട് അടിവരയിടുന്നതെന്നാണ് വിലയിരുത്തല്‍.

ആരാണ് അഫ്‌ളുവന്റ് ഇന്‍വെസ്റ്റര്‍

ഒരു ലക്ഷം മുതല്‍ 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം 87 ലക്ഷം രൂപ മുതല്‍ 17 കോടി രൂപ വരെ) നിക്ഷേപ ആസ്തിയായി കൈവശമുള്ളവരെയാണ് അഫ്‌ളുവന്റ് നിക്ഷേപകന്‍ എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള 1,006 പേരെയാണ് സര്‍വേയുടെ ഭാഗമാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്ന് 10,000 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

ഇതില്‍ പലയാളുകളും യാത്ര, വിദ്യാഭ്യാസം, സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും സര്‍വേ പറയുന്നു. എന്നാല്‍ സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ട് നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കൂടിവരുകയാണ്. മാനേജ്ഡ് ഇന്‍വെസ്റ്റ്‌മെന്റ്, ഓഹരി, സ്വര്‍ണം തുടങ്ങിയവയിലാണ് ഇപ്പോഴും ആളുകള്‍ക്ക് താത്പര്യം.

ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ജീവിതച്ചെലവ് വര്‍ധിക്കുന്നതിലും സാമ്പത്തിക അസ്ഥിരതയിലും ആശങ്കയുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്ന ആത്മവിശ്വാസവും ഇവര്‍ക്കുണ്ട്. റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം, കുടുംബത്തിനുള്ള സാമ്പത്തിക സഹായം, വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള നീക്കിയിരുപ്പ് തുടങ്ങിയ കാര്യങ്ങളിലാണ് ഇന്ത്യന്‍ നിക്ഷേപകരുടെ കൂടുതല്‍ ശ്രദ്ധ. കഴിഞ്ഞ 12 മാസത്തിനിടെ സ്വര്‍ണ നിക്ഷേപത്തില്‍ വലിയ വര്‍ധനയുണ്ടായെന്നും എച്ച്.എസ്.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിരമിക്കാന്‍ പ്ലാനിംഗ് തുടങ്ങണം

സന്തോഷകരമായ റിട്ടയര്‍മെന്റ് ജീവിതത്തിനുള്ള പ്ലാനിംഗ് നേരത്തെ തുടങ്ങണമെന്നും എച്ച്.എസ്.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതുകളുടെ തുടക്കത്തില്‍ റിട്ടയര്‍മെന്റ് പ്ലാനിംഗ് തുടങ്ങുന്നവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ എളുപ്പമാണ്. അതുകഴിഞ്ഞാല്‍ റിട്ടയര്‍മെന്റ് ജീവിതം സംബന്ധിച്ച സങ്കല്‍പ്പങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മറ്റ് രാജ്യങ്ങളില്‍ എങ്ങനെ

ഓരോ രാജ്യങ്ങളിലും സുഖകരമായ റിട്ടയര്‍മെന്റ് ജീവിതത്തിന് നീക്കിയിരുത്തേണ്ട തുക വ്യത്യാസമാണെന്നും റിപ്പോര്‍ട്ട് തുടരുന്നു. സിംഗപ്പൂരില്‍ സന്തോഷകരമായ റിട്ടയര്‍മെന്റ് ജീവിതത്തിന് ആവശ്യമായി വരുന്നത് ഏകദേശം 12 കോടി രൂപയോളമാണ്. ഹോംഗ് കോംഗിലിത് 9.61 കോടി രൂപ മതി. യു.എസില്‍ 13.72 കോടി രൂപയും ചൈനയില്‍ 9.5 കോടി രൂപയും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com