ജോലിയിലെ ഏകാഗ്രത വര്‍ധിപ്പിക്കാം, ഇതാ 5 കാര്യങ്ങള്‍

ജോലിയില്‍ നിന്നും ഏകാഗ്രത പോകുന്നുവെന്ന് പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. ചിലര്‍ക്ക് ജോലി സമ്മര്‍ദ്ദം, മറ്റ് ചിലര്‍ക്ക് കോവിഡ് പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിന്റെ വിവിധ പ്രശ്‌നങ്ങള്‍ മറ്റുചിലര്‍ക്ക് അമിതമായ സോഷ്യല്‍മീഡിയ ഉപയോഗം തുടങ്ങി ഇതിന് വിവിധ കാരണങ്ങളാണുള്ളത്. ഇത് തിരിച്ചറിയുക എന്നതാണ് പ്രധാനം. എന്നാല്‍ കാരണം കണ്ടെത്തിയാലും എങ്ങനെയാണ് ഈ പ്രശ്‌നത്തെ പരിഹരിക്കുക എന്നതാണ് പ്രധാനം. അതിന് ചില വഴികള്‍ നോക്കാം.

'To Do' ലിസ്റ്റും ആസൂത്രണവും
ഒരു ദിവസം തുടങ്ങും മുമ്പ് തന്നെ ചെയ്യേണ്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനായി 15 മിനിറ്റ് സമയം എടുക്കുക. ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം എഴുതി വയ്ക്കുകയും അതിനനുസരിച്ച് നിങ്ങളുടെ സമയം ക്രമീകരിക്കുകയും ചെയ്യുക. ഈ രീതി പരിശീലിക്കുന്നത് വഴി നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാം എന്നത് മാത്രമല്ല ഗുണം, നിങ്ങള്‍ മുന്നിലുള്ള ദിവസത്തെ കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ട് സമയമനുസരിച്ച് നിങ്ങള്‍ക്ക് ജോലികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിയും എന്നതുമാണ്. നിങ്ങളുടെ ഏകാഗ്രത നില ഏറ്റവും ഉയര്‍ന്ന സമയത്ത് ചെയ്യാന്‍ കഠിനമായ ജോലികള്‍ മാറ്റിവയ്ക്കുന്ന തരത്തില്‍ ക്രമപ്പെടുത്തുക. ചെയ്യേണ്ട ജോലികള്‍ ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പും താന്‍ എന്താണ് ചെയ്യാനൊരുങ്ങുന്നത് എത്ര സമയം വേണം എന്ത് മുന്നൊരുക്കം വേണം എന്നതും മനസ്സിലാക്കിയിരിക്കണം.
ഭക്ഷണം ഒഴിവാക്കരുത്
ആരോഗ്യ വിദഗ്ധര്‍ പറയുന്നത് കഴിക്കുന്ന ഭക്ഷണവും ഏകാഗ്രതയും തമ്മില്‍ ബന്ധമുണ്ട് എന്നാണ്. നിങ്ങളുടെ തലച്ചോറിനെ ഏറ്റവും ആരോഗ്യകരമായി നിലനിര്‍ത്താന്‍ ശരിയായ ഭക്ഷണം സമയത്ത് കഴിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് പ്രഭാത ഭക്ഷണം. പ്രൊട്ടീന്‍ റിച്ച് ആയ പ്രഭാത ഭക്ഷണം പിന്തുടരുന്നവരില്‍ ഉയര്‍ന്ന ഉന്മേഷവും ഏകാഗ്രതയും കാണപ്പെടാറുണ്ടെന്ന് മെയോ ക്ലിനിക് ജേണലില്‍ പറയുന്നു. ശരീരത്തിലെ അഡ്രിനാലിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താനും സമ്മര്‍ദ്ദം ഉണ്ടാകുന്നത് തടയുന്നതിനുമായി രാവിലെ സമീകൃത ആഹാരം കഴിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാം. നിര്‍ജ്ജലീകരണം നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കുമെന്നതിനാല്‍ നിങ്ങള്‍ ജോലി ചെയ്യുന്ന ഡെസ്‌കില്‍ എല്ലായ്‌പ്പോഴും ഒരു കുപ്പി വെള്ളം കരുതാം. തിരക്കിനിടയില്‍ അലാം വച്ചും വെള്ളം കുടിക്കണമെങ്കില്‍ അത് ചെയ്യാം.
റോബോട്ടുകളാകരുതേ
പലരും ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യുന്നത് കാണാറുണ്ട്. ഉദാഹരണത്തിന് പ്രധാനപ്പെട്ട ക്ലയന്റ് കോളിനിടയില്‍ ഓഫീസിലെ ഡെസ്‌ക് ജോലികളും ചെയ്യുന്നത് പോലുള്ളവ. ഇത് രണ്ട് ജോലികളിലെയും ഏകാഗ്രതയെ നശിപ്പിക്കും. മള്‍ട്ടി ടാസ്‌ക് ചെയ്യുവാനായി നിങ്ങള്‍ റോബോട്ടുകള്‍ അല്ല. ഇതിനു പകരം, ഒരു സമയം ഒരു ടാസ്‌ക്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മികച്ച ഫലങ്ങള്‍ ആയിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.
ബ്രേക്ക് വേണം
ഒരു കാര്യം പൂര്‍ത്തിയാക്കിക്കഴിഞ്ഞു അടുത്ത കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നതിന് മുന്‍പായി ഒരു ചെറിയ ഇടവേള എടുക്കാനും മറക്കരുത്. സ്വന്തം ശരീരത്തെയും മനസ്സിനെയും ഒന്ന് തണുപ്പിക്കാനായി വെറുതെ കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുപോലും നിങ്ങളുടെ ഏകാഗ്രത മെച്ചപ്പെടുത്തുകയും വീണ്ടും ജോലി ആരംഭിക്കുവാനുള്ള ഉന്മേഷം പകരുകയും ചെയ്യും. ഇതുവഴി കൂടുതല്‍ ഉല്‍പ്പാദനക്ഷമത ഉള്ളവരായി മാറുവാനും കൂടുതല്‍ കാര്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കഴിയുമെങ്കില്‍ വെറുതെ കുറച്ചുനേരം വിദൂരതയിലേക്ക് നോക്കി നില്‍ക്കാനോ മനോഹരമായ ഭൂപ്രകൃതിയില്‍ സമയം ചെലവഴിക്കാനോ ശ്രമിക്കുക. ഡിജിറ്റല്‍ ഉപകരണങ്ങള്‍ മനസ്സിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കും. ഇത് ഒഴിവാക്കാം. ധ്യാനം പോലുള്ളവ പ്രാക്റ്റീസ് ചെയ്യാം. മ്യൂസിക് തെറപ്പിയും എടുക്കാം. കണ്ണടച്ച് പാട്ട് കേള്‍ക്കാം. തിരികെ ജോലികളിലേക്ക് എത്തണം എന്ന ബോധ്യത്തോടെ ബ്രേക്ക് എടുക്കുക.
സോഷ്യല്‍മീഡിയ സമയം
ഇന്ന് ജോലിയും ജീവിതവുമെല്ലാം 'റിമോട്ട്' ആയതോടെ ഓരോ മിനിറ്റിലും ആളുകള്‍ അവരുടെ സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ സന്ദേശങ്ങള്‍ പരിശോധിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ജോലി സമയങ്ങള്‍ക്കിടയില്‍ ഏകാഗ്രമായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്ന സമയങ്ങളിലും ഇത്തരം അശ്രദ്ധ ഒഴിവാക്കുന്നതാണ് നല്ലത്. ഒരു പ്രധാന കര്‍ത്തവ്യം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഫോണുകള്‍ മാറ്റി വയ്ക്കുക. ജോലിസ്ഥലത്ത് വച്ച് നിരന്തരമായി ഇമെയിലുകള്‍ വരുമ്പോള്‍ ഉണ്ടാവുന്ന ഓവര്‍ലോഡും ഒരു വ്യക്തിയുടെ ഏകാഗ്രതയെ ബാധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഒരു പ്രത്യേക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ ഇമെയില്‍ അറിയിപ്പുകള്‍ നിശബ്ദമാക്കുക. എന്നാല്‍ അതിനുശേഷം ഓര്‍ത്തു തന്നെ അവ പരിശോധിക്കുക. സോഷ്യല്‍മീഡിയ ഉപയോഗം അളക്കാന്‍ ഇടയ്ക്ക് മൊബൈലില്‍ ഒരു സോഷ്യല്‍മീഡിയ ടൈമര്‍ വയ്ക്കാം. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ലാതെ ജോലി സമയത്തിനിടയില്‍ അധികനേരം സോഷ്യല്‍മീഡിയ ഉപയോഗിക്കില്ല എന്ന് സ്വയം പ്രതിജ്ഞയെടുക്കാം.


Related Articles

Next Story

Videos

Share it