
സ്വര്‍ണത്തിന് വില കൂടുന്തോറം ഇന്ത്യന്‍ വീടുകള്‍ക്കും സ്വര്‍ണത്തിളക്കം കൂടുകയാണ്. ലോകത്തിലെ പല സമ്പന്ന രാജ്യങ്ങളിലെയും ജനങ്ങള്‍ക്കില്ലാത്ത ഭ്രമമാണ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തിനോടുള്ളത്. ഏറ്റവുമധികം സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ചൈനയാണ് ഒന്നാമത്. അമേരിക്ക, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകളിലുള്ള സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ ഇന്ത്യയിലെ ജനങ്ങളുടെ കൈയ്യിലുണ്ട്.
ഇന്ത്യയില്‍ വീടുകളിലും മത സ്ഥാപനങ്ങളുലുമൊക്കെയായി 25,000 ടണ്‍ സ്വര്‍ണം ഇരിപ്പുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക്. ഏതാണ് 2.4 ട്രില്യണ്‍ ഡോളര്‍ ( 200 ലക്ഷം കോടി രൂപ) വിലമതിക്കുന്നതാണ് ഇത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 56 ശതമാനമാണ് ഇതിന്റെ മൂല്യം.
എച്ച്.എസ്.ബി.സിയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിലുള്ള സ്വര്‍ണം ലോകത്തെ 10 പ്രമുഖ കേന്ദ്രബാങ്കുകളിലെ സ്വര്‍ണ ശേഖരത്തേക്കാള്‍ കൂടുതലാണ്. യുഎസ്, ജര്‍മനി, ഫ്രാന്‍സ്, റഷ്യ, ചൈന, സ്വിറ്റ്‌സര്‍ലാന്റ്, ജപ്പാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ ശേഖരത്തിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയില്‍ സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ട്. ഇന്ത്യാ സര്‍ക്കാരിന്റെ സ്വര്‍ണ ശേഖരത്തെയും കടത്തി വെട്ടുന്നതാണ് വീടുകളിലെ സ്വര്‍ണത്തിന്റെ അളവ്. സര്‍ക്കാരുകള്‍ പണനയത്തിന്റെ ഭാഗമായാണ് സ്വര്‍ണം സൂക്ഷിക്കുന്നതെങ്കില്‍ ഇന്ത്യയിലെ ജനങ്ങള്‍ മഞ്ഞലോഹത്തോടുള്ള പ്രിയം കൊണ്ടാണ് കൈവശം വെക്കുന്നത്.
സ്വര്‍ണത്തിന്റെ ഉപയോഗത്തില്‍ ചൈനക്ക് പിന്നില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. പ്രതിവര്‍ഷം ഇന്ത്യയിലേക്ക് 700 മുതല്‍ 900 ടണ്‍ വരെ സ്വര്‍ണത്തിന്റെ ഇറക്കുമതി നടക്കുന്നു. 2023 ല്‍ മാത്രം എത്തിയത് 800 ടണാണ്. സുരക്ഷിതവും പണപ്പെരുപ്പത്തിനെതിരായ പ്രതിരോധവുമായാണ് ഇന്ത്യക്കാര്‍ സ്വര്‍ണത്തിലെ നിക്ഷേപത്തെ കാണുന്നത്. ആഗോള തലത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമ്പദ്ഘടനയെ ശക്തിപ്പടുത്താന്‍ രാജ്യങ്ങള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിച്ചു വരികയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ളത് 820 ടണ്‍ സ്വര്‍ണമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 14 ശതമാനത്തിന്റെ വര്‍ധന.
Read DhanamOnline in English
Subscribe to Dhanam Magazine