₹1,600 കോടിയുടെ സ്വിസ് വില്ല സ്വന്തമാക്കി ഇന്ത്യക്കാരന്‍

ലോകത്തെ ഏറ്റവും വിലയേറിയ വീടുകളിലൊന്ന്; മട്ടുപ്പാവില്‍ നിന്നുള്ള കാഴ്ചകളില്‍ യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയും
Villa Vari
Image Source : elle.in
Published on

സ്വിറ്റ്‌സര്‍ലന്‍ഡില്‍ 1,649 കോടി രൂപയുടെ ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ പങ്കജ് ഓസ്‌വാലും പത്‌നി രാധിക ഓസ്‌വാലും. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ വീടുകളിലൊന്നാണ് 'വില്ല വരി' (Villa Vari) എന്ന് പേരിട്ടിരിക്കുന്ന ഈ ആഡംബര സൗധം. 4.3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള വില്ലയാണിത്.

ഗ്രാമീണാന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന വില്ലയില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെ മനോഹരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മട്ടുപ്പാവിലെ സുന്ദരമായ കാഴ്ചകളില്‍ ഒന്ന് മഞ്ഞുപുതപ്പണിഞ്ഞ് നില്‍ക്കുന്ന ആൽപ്സ് പര്‍വത നിരകളും മോൺ ബ്ലാങ്കുമാണ് (Mont Blanc). യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൊടുമുടികളിലൊന്നാണ് മോൺ ബ്ലാങ്ക്.

ജിന്‍ജിന്‍സിലെ ആഡംബരം

സ്വിസ് നഗരമായ ജനീവയില്‍ നിന്ന് 15 മിനിട്ട് ദൂരം മാത്രം അകലെയുള്ള, മനോഹര ഗ്രാമമായ ജിന്‍ജിന്‍സിലാണ് (Gingins) വില്ല വരി സ്ഥിതിചെയ്യുന്നത്. പ്രമുഖ ഗ്രീക്ക് ഷിപ്പിംഗ് വ്യവസായിയായ അരിസ്റ്റോട്ടില്‍ ഒനാസസിന്റെ മകള്‍ ക്രിസ്റ്റീന ഒനാസിസില്‍ നിന്നാണ് പങ്കജ് ഓസ്‌വാല്‍ ഈ വില്ല സ്വന്തമാക്കിയത്.

വില്ല വാങ്ങിയതിന് പിന്നാലെ പ്രമുഖ ഇന്റീരിയര്‍ ഡിസൈനറായ ജെഫ്രി വില്‍ക്‌സിന്റെ സഹായത്തോടെ, അകത്തളം കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട് ഓസ്‌വാല്‍.

മക്കളുടെ പേരില്‍ നിന്ന് വീടിന് പേര്

ഓസ്‌വാല്‍ ഗ്രൂപ്പ് ഗ്ലോബല്‍ മേധാവിയായിരുന്ന, അന്തരിച്ച അഭയ് കുമാര്‍ ഓസ്‌വാലിന്റെ പുത്രനാണ് പങ്കജ്. 2016ല്‍ പിതാവിന്റെ മരണത്തോടെ കമ്പനിയുടെ മേധാവിത്വം പങ്കജ് ഓസ്‌വാല്‍ ഏറ്റെടുത്തു.

ഓസ്‌വാല്‍ അഗ്രോ മില്‍സ്, ഓസ്‌വാല്‍ ഗ്രീന്‍ടെക് കമ്പനികളാണ് ഗ്രൂപ്പിന് കീഴിലുള്ളത്. പെട്രോകെമിക്കല്‍, റിയല്‍ എസ്‌റ്റേറ്റ്, വളം, ഖനനം തുടങ്ങിയ മേഖലകളിലാണ് സാന്നിദ്ധ്യം.

നേരത്തേ ഓസ്‌ട്രേലിയയില്‍ താമസിച്ചിരുന്ന പങ്കജ് ഓസ്‌വാലും കുടുംബവും അടുത്തിടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് മാറിയത്. പങ്കജിനും ഭാര്യ രാധികയ്ക്കും രണ്ട് പെണ്‍മക്കളാണ് - വസുന്ധര ഓസ്‌വാലും രിദി ഓസ്‌വാലും. മക്കളുടെ പേരിലെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്താണ് വില്ലയ്ക്ക് 'വരി' എന്ന് പേരിട്ടത്.

ആഡംബരമേ ഉലകം

ആഡംബരങ്ങളുടെ ലോകത്താണ് പങ്കജ് ഓസ്‌വാലിന്റെ കുടുംബ ജീവിതമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ജെറ്റ്, ആഡംബര നൗക, ബെന്റിലും ലംബോര്‍ഗിനിയുമൊക്കെ ഉള്‍പ്പെടുന്ന ആഡംബര സ്‌പോര്‍ട്‌സ് വാഹനങ്ങളുടെ ശേഖരം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഡംബര വീടുകള്‍ തുടങ്ങിയവ ഇവര്‍ക്കുണ്ട്. മൊത്തം 300 കോടി ഡോളറിന്റെ ആസ്തിയാണ് പങ്കജിനുള്ളത്; ഏകദേശം 25,000 കോടി രൂപ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com