

ബഹുരാഷ്ട്ര യുഎസ് ടെക് കമ്പനിയായ മൈക്രോസോഫ്റ്റിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ടെക്കിയുടെ ജീവിതം ശ്രദ്ധേയമാകുന്നു. ഉജ്ജ്വൽ ചന്ദ എന്ന സോഫ്റ്റ്‌വെയർ ഡെവലപ്പറാണ് തന്റെ ജീവിതം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി വ്യക്തമാക്കി രംഗത്തെത്തിയത്. യു.എസിലെ സിയാറ്റിലിൽ നിന്ന് ഡൽഹിയിലേക്ക് മാറി റിമോട്ട് ജോലി സ്വീകരിച്ചതോടെ സാമ്പത്തിക നിലയും ജീവിത നിലവാരവും ഗണ്യമായി മെച്ചപ്പെട്ടതായി ഉജ്ജ്വൽ പറയുന്നു.
സിയാറ്റിലിൽ വർഷം 2,50,000 ഡോളർ (ഏകദേശം 2.26 കോടി രൂപ) ശമ്പളം ഉണ്ടായിരുന്നെങ്കിലും ഉയർന്ന ജീവിതച്ചെലവ് കാരണം സമ്പാദ്യം പരിമിതമായിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് മടങ്ങുകയും കുടുംബവീട്ടിൽ താമസം തുടങ്ങുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ വീട്ടുവാടകയിൽ 80 ശതമാനം കുറവുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ സമ്പാദ്യ നിരക്ക് 90 ശതമാനമായി ഉയർന്നു. റെസ്റ്റോറന്റുകളിൽ പോകുമ്പോൾ ഭക്ഷണത്തിന്റെ വില നോക്കാതെ ഓർഡർ ചെയ്യാൻ സാധിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം ഇത് നൽകിയെന്നും ഉജ്ജ്വൽ പറഞ്ഞു.
സാമ്പത്തിക നേട്ടത്തിനപ്പുറം ജീവിതത്തിന്റെ ഗുണനിലവാരത്തിലും വലിയ പുരോഗതിയുണ്ടായി. സിയാറ്റിലിലെ തണുപ്പുകാലത്തെ ഏകാന്തതയും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും ഒഴിവാക്കാൻ സാധിച്ചു. ഇപ്പോൾ എല്ലാ വൈകുന്നേരവും മാതാപിതാക്കളോടൊപ്പം ചായ കുടിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും തനിക്ക് കഴിയുന്നു. പാചകക്കാരനെയും ഡ്രൈവറെയും നിയമിച്ചതിലൂടെ വീട്ടുജോലികൾക്ക് ചെലവാകുന്ന സമയം ലാഭിക്കാനും അത് സ്വന്തം ആശയങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കുന്നു. വീസ സംബന്ധമായ ആശങ്കകളില്ലാതെ റിമോട്ട് ആയി സോഫ്റ്റ്‌വെയർ ഡെവലപ്പമെന്റ് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നുവെന്നും, താൻ അമേരിക്ക വിട്ടത് വിരമിക്കാനല്ല മറിച്ച് 'യഥാർത്ഥത്തിൽ ജീവിക്കാനാണെന്നും' ഉജ്ജ്വൽ വ്യക്തമാക്കുന്നു.
Indian techie leaves $250K US job, finds better savings and quality of life after returning to India.
Read DhanamOnline in English
Subscribe to Dhanam Magazine