യോഗ ജീവിതത്തിന്റെ ഭാഗമാക്കിയ ബിസിനസ് നായകര്‍ ഇവര്‍

മനസിനും ശരീരത്തിനും ഉണര്‍വും ആരോഗ്യവും പകരുന്നതിന് പതിവായ യോഗ അഭ്യാസത്തിലൂടെ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് മുക്തിനേടുന്നതിനും യോഗ സഹായിക്കുന്നു. നിരന്തരമായി യോഗ പരിശീലിക്കുന്നത് ശാരീരിക സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണുകളില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതം നയിക്കുന്ന എല്ലാവര്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങളെ ലഘൂകരിക്കാന്‍ യോഗ സഹായിക്കും. പതിവായി യോഗ പരിശീലിക്കുന്നത് വഴി ജോലിയിലും സാമ്പത്തികവും സാമൂഹ്യവുമായ കാര്യങ്ങളിലും മകവ് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍, ഉറക്കം മെച്ചപ്പെടുത്താന്‍, ദന്താരോഗ്യം മെച്ചപ്പെടുത്താന്‍, മൈഗ്രെയ്ന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനൊക്കെ യോഗ സഹായിക്കും.

സംരംഭകര്‍ എന്തുകൊണ്ട് യോഗ ചെയ്യണം?

ബിസിനസ് നടത്തുക എന്നാല്‍ മുഴുവന്‍ സമയ ജോലിയാണ്. എല്ലായ്‌പ്പോഴും മനസും ശരീരവും ബിസിനസിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ജോലിയില്‍ നിന്ന് അല്‍പ്പസമയം മാറി നിന്ന് മനസിനെയും ശരീരത്തേയും ഉന്മേഷമാക്കാന്‍ യോഗ ചെയ്യുന്നത് നല്ലതാണ്. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍, കാര്യങ്ങള്‍ കൃത്യമായ മുന്‍ഗണനയ്ക്കനുസരിച്ച് പൂര്‍ത്തിയാക്കാന്‍, ദേഷ്യം നിയന്ത്രിക്കാന്‍, ക്ഷമാശീലം വര്‍ധിപ്പിക്കാന്‍ ഒക്കെ സംരംഭകര്‍ക്ക് യോഗയെ കൂട്ടുപിടിക്കാം. ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ ദിനം ഒരു പ്രചോദനമായെടുക്കാം.

സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ട പല പ്രമുഖരും യോഗ ശീലമാക്കിയവരാണ്. മാനസികമായും ശാരീരികമായും യോഗ ശീലമാക്കിയ ചില കോര്‍പറേറ്റ് തലവന്‍മാരെ പരിചയപ്പെടാം.

രത്തന്‍ ടാറ്റ

ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റസായ രത്തന്‍ ടാറ്റ പതിവായി യോഗ അഭ്യസിക്കുന്ന വ്യക്തിയാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ യോഗചെയ്യാറുണ്ടെന്ന് സാമൂഹ്യമാധ്യമത്തിലെ ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മനുഷ്യസ്‌നേഹിയായ കോടീശ്വരന്‍ എന്നാണ് 85 കാരനായ രത്തന്‍ ടാറ്റ അറിയപ്പെടുന്നത്. പ്രശ്‌സതനായ മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് രത്തന്‍ ടാറ്റ.


മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനിയും യോഗ ജീവിതത്തിന്റെ ഭാഗമാക്കിയ ആളാണ്. തന്റെ ഒരു ദിനം തുടങ്ങുന്നത് യോഗയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 66 വയസിലും തന്റെ ആരോഗ്യത്തിലും ഭക്ഷണത്തിലും ശ്രദ്ധപുലര്‍ത്തുന്ന വ്യക്തിയാണ് മുകേഷ് അംബാനി.


സുനില്‍ ഭാരതി മിത്തല്‍

ഭാരതി എയര്‍ടെല്ലിന്റെ സി.ഇ.ഒ ആയ സുനില്‍ ഭാരതി മിത്തലാണ് സ്ഥിരമായി യോഗ പ്രാക്ടീസ് ചെയ്യുന്ന മറ്റൊരു പ്രമുഖ ബിസിനസുകാരന്‍. യോഗ ഗുരു ഭരത് ഠാക്കൂറില്‍ നിന്നാണ് അദ്ദേഹം യോഗ ശിക്ഷണം നേടുന്നത്.

എന്‍.ആര്‍ നാരണയമൂര്‍ത്തി

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി യോഗയുടെ വക്താവാണ്. ജോലിയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും യോഗ സഹായിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.


റോഷ്‌നി നാടാര്‍ മല്‍ഹോത്ര

എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്‌സണായ റോഷ്‌നി നാടാര്‍ മല്‍ഹോത്ര യോഗയെ ജീവിതചര്യയായി മാറ്റിയ വ്യക്തിയാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഐ.ടി കമ്പനികളിലൊന്നിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് റോഷ്‌നി. ഫോബ്‌സ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും ശക്തരായ വനിതികളുടെ പട്ടികയില്‍ 54-ാം സ്ഥാനത്താണ് 41 വയസുകാരിയായ റോഷ്‌നി.


രാജീവ് ബജാജ്

ബജാജ് ഓട്ടോയുടെ മേധാവി രാജീവ് ബജാജും നിത്യവും യോഗ ചെയ്യുന്ന വ്യക്തിയാണ്. യോഗ ഗുരു ബി.കെ.എസ് അയ്യങ്കാറിന്റെ ശിക്ഷണത്തിലാണ് അദ്ദേഹം യോഗ അഭ്യസിക്കുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക മാത്രമല്ല 'ബിസിനസ് മോഡ് എന്‍ഹാന്‍സര്‍' കൂടിയാണ് യോഗയെന്നാണ് 56 കാരനായ രാജീവ് ബജാജ് പറയുന്നത്.

കിരണ്‍ മജുംദാര്‍ ഷാ

ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്റെ ചെയര്‍പേഴ്‌സണായ കിരണ്‍ മജുംദാര്‍ ഷായും യോഗയുടെ വക്താവാണ്. സ്ഥിരമായി യോഗ പ്രക്ട്രീസ് ചെയ്യുന്ന അവര്‍ മറ്റുള്ളവരോട് യോഗയെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഉപദേശിക്കാറുമുണ്ട്. 70-ാം വയസിലും ബിസിനസില്‍ സജീവമായ കിരണ്‍ മസുംദാര്‍ ഷാ വെറും 10,000 രൂപയിലാണ് തന്റെ ബിസിനസ് ആരംഭിക്കുന്നത്. 24,000 കോടി രൂപയാണ് ഇപ്പോഴത്തെ ആസ്തി.


ജി.എം.റാവു

ജി.എം.ആര്‍ ഗ്രൂപ്പ് ചെയര്‍മാനായ ജി.എം റാവു തന്റെ ഓരോ ദിനവും തുടങ്ങുന്നത് യോഗയിലൂടെയാണ്. നീണ്ട യാത്രകളില്‍ പോലും അഞ്ച് മണിക്ക് മുന്‍പായി എഴുന്നേറ്റ് യോഗ ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ക്ക് അദ്ദേഹം സമയം കണ്ടെത്തുന്നു.

ഇന്ത്യക്കാര്‍ മാത്രമല്ല പല വിദേശികളും യോഗയെ ജീവിതചര്യയായി മാറ്റിയിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ ദിനം ഒരു പ്രചോദനമായെടുക്കാം.

Related Articles

Next Story

Videos

Share it