ലിഫ്റ്റില്‍ ഇത്ര വലിയ കണ്ണാടി എന്തിനാണ്? സൗന്ദര്യം നോക്കാന്‍ മാത്രമാണോ? അല്ല; രഹസ്യം ഇതാണ്

ലിഫ്റ്റിനകത്തേക്ക് കാലെടുത്തു വെക്കുമ്പോള്‍ തന്നെ നമ്മുടെ കണ്ണുകളിലുടക്കുന്നത് വലിയൊരു കണ്ണാടിയാകും. അത് എല്ലാവര്‍ക്കും, പ്രത്യേകിച്ച് ജോലി തിരക്കുള്ളവര്‍ക്ക് ഒരു സഹായവുമാണ്. മുഖ സൗന്ദര്യം നോക്കാം. ഡ്രസ്സിംഗ് ശരിയല്ലെ എന്ന് നോക്കാം. സുന്ദരനും സുന്ദരിയുമാണെന്ന് സ്വയം ഉറപ്പാക്കി ആത്മവിശ്വാസം കൂട്ടാം. എന്നാല്‍ ലിഫ്റ്റിലെ കണ്ണാടികള്‍ക്ക് വേറെയും ചില ദൗത്യങ്ങളുണ്ട്.

ഒറ്റപ്പെടുമ്പോള്‍ ചങ്ങാതി

ലിഫ്റ്റില്‍ ഒരാള്‍ ഒറ്റപ്പെട്ടെന്നിരിക്കട്ടെ. ചിലപ്പോള്‍ ഒറ്റക്കുള്ള യാത്രയാകാം. അല്ലെങ്കില്‍ ലിഫ്റ്റി കേടായി, ഒരാള്‍ മാത്രം അകത്ത് കുടുങ്ങുകയുമാകാം. അപ്പോള്‍ ധൈര്യം തരാന്‍ കണ്ണാടിക്ക് കഴിയുമെന്നാണ് മനശാസ്ത്രം. താന്‍ ഒറ്റക്കല്ലെന്ന ഒരു ധൈര്യം തരാന്‍ സ്വന്തം പ്രതിബിംബത്തിന് കഴിയുന്നു. ഇക്കാര്യത്തില്‍ കണ്ണാടി വലിയ പങ്ക് വഹിക്കുന്നുവെന്നാണ് മനശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഒറ്റക്കാകുമ്പോഴും സുരക്ഷിത്വബോധം നല്‍കാന്‍ കണ്ണാടിക്ക് കഴിയും. ഇത് ഉല്‍ക്കണ്ഠ കുറക്കും. ചിലപ്പോള്‍ ഹൃദയമിടിപ്പ് കൂടുന്നത് തന്നെ തടയാം.

ചുറ്റുമുള്ളവരെ കാണാം

ലിഫ്റ്റ് ഇടുങ്ങിയതായി തോന്നാതിരിക്കാനും കണ്ണാടി സഹായിക്കും. ഇത് യാത്രക്കാരുടെ ശ്വാസ്വാച്ഛാസ ഗതിവരെ സാധാരണനിലയിലാക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കണ്ണാടിക്ക് മുഖം തിരിഞ്ഞ് നില്‍ക്കുമ്പോള്‍ ലിഫ്റ്റിലുള്ള മറ്റുള്ളരെയും കാണാം എന്നതും ഗുണം ചെയ്യുന്നു. മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാം. രണ്ടു പേര്‍ മാത്രം സഞ്ചരിക്കുമ്പോള്‍ അപരന്റെ ചലനങ്ങളെ മനസിലാക്കാന്‍ ഇത് സഹായിക്കും. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതം നല്‍കും. തനിക്കൊപ്പം ആരാണുള്ളതെന്നും അവരുടെ നീക്കങ്ങള്‍ എന്താണെന്നും മനസിലാക്കാന്‍ ലിഫ്റ്റിലെ കണ്ണാടികള്‍ സ്ത്രീകള്‍ക്ക് ഒരു കൂട്ടാളിയാകും.

Related Articles
Next Story
Videos
Share it