Begin typing your search above and press return to search.
ജീവിതം മികച്ചതാകാന്‍ നിങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചയുടെ അക്കൗണ്ട് സൂക്ഷിക്കാം
നിങ്ങള്‍ ജീവിതത്തില്‍ മുന്നേറണമെന്ന് ആഗ്രഹിക്കുന്നവരെങ്കില്‍ നിങ്ങളുടെ വളര്‍ച്ചയുടെ അക്കൗണ്ട് സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്ന് യോഗ-ആത്മീയ ഗുരുവായ സദ്ഗുരു പറയുന്നു. എല്ലാ ദിവസവും, അല്ലെങ്കില്‍ കുറഞ്ഞത് ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ഈ മൂന്നു കാര്യങ്ങള്‍ സ്വയം ചോദിക്കുക, ''ഞാന്‍ എന്ന വ്യക്തി കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടോ? കൂടുതല്‍ സന്തോഷവാനാണോ? ഒരു മനുഷ്യനെന്ന നിലയില്‍ ഇന്നലത്തെ അപേക്ഷിച്ച് ഞാന്‍ കൂടുതല്‍ വളര്‍ന്നിട്ടുണ്ടോ?'' ഇത് കുറിച്ച് വയ്ക്കാം.ഇതാണ് നിങ്ങളുടെ വളര്‍ച്ചയുടെ അക്കൗണ്ട്.
സദ്ഗുരുവിന്റെ വാക്കുകള്‍ ഇങ്ങനെ:
''ആളുകള്‍ അവരുടെ പണത്തിന്റെ കൃത്യമായ അക്കൗണ്ട് സൂക്ഷിക്കുന്നു. പണം എന്നത് ഇടപാടിനായുള്ള ഉപകരണം മാത്രമാണ് - നിങ്ങള്‍ മരിക്കുമ്പോള്‍ അത് ഒരിക്കലും കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇപ്പോള്‍ നിങ്ങളുടെ പക്കലുള്ള ഏറ്റവും അമൂല്യമായ കാര്യം നിങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു എന്നതാണ്. അങ്ങനെയെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ എവിടെ പോകുന്നുവെന്നതിന്റെ കണക്കെടുക്കുന്നത്, അതായത് നിങ്ങള്‍ സ്വയം മെച്ചപ്പെടുകയാണോ അതോ പിന്നിലേക്ക് പോവുകയാണോ എന്നറിയുന്നത് പ്രയോജനകരമാവില്ലേ? മറ്റൊരാള്‍ നിങ്ങളോട് എന്തെങ്കിലും ചെയ്യുന്നതിനാല്‍ ഒരിക്കലും നിങ്ങള്‍ പിന്നോട്ട് പോകില്ല.
നിങ്ങളുടെ ഉള്ളിലെ നിങ്ങളെ എന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങളുടെ ബോസിനും കുടുംബത്തിനും നിങ്ങളുടെ ബാഹ്യജീവിതം അല്‍പ്പം ബുദ്ധിമുട്ടാക്കാന്‍ കഴിയും. അതിനര്‍ത്ഥം അവര്‍ നിങ്ങള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നു എന്നാണ്. ഇത് നിങ്ങളെ കൂടുതല്‍ ശക്തരാക്കുന്നു. നിങ്ങള്‍ കുറഞ്ഞത് ഈ സ്മാര്‍ട്ട് കഴുതയെപ്പോലെ മിടുക്കനായിരിക്കണം- ഞാന്‍ നിങ്ങള്‍ക്ക് ആ കഥ പറഞ്ഞു തരാം.
ഒരു ദിവസം, കഴുത ഒരു കിണറ്റില്‍ വഴുതി വീണു. കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല, കൂടാതെ വലിയ ആഴമുണ്ടായിരുന്നില്ല, എന്നിട്ടും കഴുതയ്ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. അത് അവിടെ നിന്ന് ദയനീയമായി കരയാന്‍ തുടങ്ങി. കുറച്ച് ഗ്രാമീണരും ഉടമയും വന്നു എന്താണ് സംഭവിച്ചതെന്ന് നോക്കി. അപ്പോഴും കഴുതപുറത്തിറങ്ങാന്‍ ആഗ്രഹിച്ചു, നിലവിളിച്ചുകൊണ്ടിരുന്നു. ജീവന്‍ നഷ്ടമാവുമോ എന്ന് അത് ഭയപ്പെട്ടു. അവിടെ കൂടിയ ആളുകള്‍ ഉടമയോട് പറഞ്ഞു, ''ഈ മണ്ടനായ കഴുത വെറുതെ നിലവിളിക്കും. ഇതിന് ഇപ്പോള്‍ തന്നെ പ്രായമായിട്ടുണ്ട്, കൂടാതെ ഗുണമൊന്നുമില്ല- ഞങ്ങള്‍ക്ക് ഇതിനെ കൊണ്ട് ജോലി ചെയ്യിക്കാനോ വില്‍ക്കാനോ കഴിയില്ല. എന്തായാലും ഈ കിണര്‍ അടയ്ക്കാന്‍ നമ്മള്‍ ആഗ്രഹിച്ചതാണ്. ഇപ്പോള്‍ നമുക്ക് അത് ചെയ്യാം. ' അതിനാല്‍ അവര്‍ കിണര്‍ അടച്ച് , കഴുതയെ ജീവനോടെ അതില്‍ കുഴിച്ചിടാന്‍ തീരുമാനിച്ചു. അവര്‍ മണ്ണെടുത്ത് കിണറ്റിലേക്ക് ഇടാന്‍ തുടങ്ങി. ഓരോ തവണയും ഒരു കൊട്ട മണ്ണ് തന്റെ മുകളില്‍ വീഴുമ്പോള്‍ കഴുത അതിനെ കുലുക്കി താഴെയിട്ട് അതിനു മുകളില്‍ കാലെടുത്തുവച്ചു. ഭൂമി കൂടിവരുന്തോറും അത് മുകളിലേക്ക് വന്നു കൊണ്ടിരുന്നു. അവര്‍ കിണറിന്റെ ഒരു വശം മണ്ണിട്ട് നികത്തിയപ്പോള്‍ കഴുത പുറത്തേക്ക് നടന്നു. ഇതു കണ്ട ഗ്രാമവാസികള്‍ വിചാരിച്ചു, ''കൊള്ളാം, ഇത് ശരിക്കും ഒരു സ്മാര്‍ട്ട് കഴുതയാണ്. ''അതിന്റെ ഉടമ അഭിനന്ദിക്കാനായി കഴുതയുടെ അടുത്ത് ചെന്ന് അതിനെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. അത് അവനെ നേരെ മുഖത്ത് തട്ടി സ്വാതന്ത്ര്യത്തിലേക്ക് ഓടിപ്പോയി.
ആളുകള്‍ നിങ്ങളോട് എങ്ങനെ പെരുമാറി എന്നത് പ്രസക്തമല്ല, നിങ്ങള്‍ അത് പരമാവധി മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണം- അതാണ് ആത്മീയ പ്രക്രിയ. നിങ്ങളെ പോലെ മസ്തിഷ്‌കം പോലുമില്ലാത്ത ഒരു മാമ്പഴത്തിന്, മണ്ണിനെ മാമ്പഴമാക്കാനും അതിനെ മധുരമാക്കാനും കഴിയുന്നു. ചെടികള്‍ക്ക് മാലിന്യത്തെ പൂക്കളായും സുഗന്ധമായും മാറ്റാം. നിങ്ങളുടെ വഴിയില്‍ എന്ത് തന്നെ വന്നാലും അതിനെ മനോഹരമാക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയുമ്പോള്‍, നിങ്ങള്‍ ആരാണെന്ന് അത് കാണിക്കുന്നു.
ഈ ഭൂമിയിലെ ഏറ്റവും വലിയ പ്രശ്‌നം, ചെറിയ കാര്യങ്ങള്‍ ശരിയായി നടക്കാത്തപ്പോള്‍, ആളുകള്‍ അതിന്റെ കുറ്റം ''ചെറിയ വ്യക്തി'' യില്‍ അതായത് മറ്റൊരാളില്‍ ആരോപിക്കുന്നു. ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ തെറ്റിപ്പോകുമ്പോള്‍ അവര്‍ അതിന്റെ കുറ്റം ''വലിയ ആളില്‍''(ദൈവം)'' ആരോപിക്കുന്നു. അവര്‍ക്ക് സ്വയം ഒന്നിനും ഉത്തരവാദികളാണെന്ന് തോന്നുന്നതേയില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് അല്ലെങ്കില്‍ മറ്റുള്ളവരെ ശരിയാക്കാനുള്ള ശ്രമം അവസാനിപ്പിക്കേണ്ട സമയമാണിത്. പകരം, നിങ്ങളുടെ പൂര്‍ണ്ണ ശേഷിയിലേക്ക് നിങ്ങള്‍ വളരണം.''
(സദ്ഗുരുവിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍,Credit : isha.sadhguru.org)
Next Story
Videos