

ഭക്ഷണം പാഴ്‌സലായി വാങ്ങാന്‍ പാത്രങ്ങളുമായി എത്തുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് മുതല്‍ 10 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നത് പരിഗണിക്കാന്‍ സംസ്ഥാനത്തെ ഹോട്ടലുകള്‍. പാഴ്‌സല്‍ നല്‍കുമ്പോള്‍ പാക്കിംഗിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിറുത്തും. പാക്കിംഗ് ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ/KHRA) സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ പറഞ്ഞു.
ഫുഡ്‌ഗ്രേഡ് കണ്ടെയ്‌നര്‍ പോലെയുള്ള പാക്കിംഗ് ഉത്പന്നങ്ങള്‍ക്ക് വില കൂടുതലായ പശ്ചാത്തലത്തിലാണ് സ്വന്തം പാത്രങ്ങളുമായി വരുന്നവര്‍ക്ക് ഡിസ്‌കൗണ്ട് പരിഗണിക്കുന്നത്.
ഏകീകൃത കണ്ടെയ്‌നര്‍ നിര്‍മ്മിക്കും
ഹോട്ടലുകള്‍ തമ്മില്‍ സഹകരിച്ച്, ഏകീകൃത കണ്ടെയ്‌നര്‍ ലഭ്യമാക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ജി. ജയപാല്‍ പറഞ്ഞു. ഉപഭോക്താവിന് ഈ പാത്രത്തില്‍ പാഴ്‌സല്‍ വാങ്ങാം. പിന്നീട് സംസ്ഥാനത്തെ ഏത് ഹോട്ടലില്‍ വേണമെങ്കിലും പാത്രം തിരികെ ഏല്‍പ്പിക്കുകയും ചെയ്യാം. അങ്ങനെ തിരിച്ചേല്‍പ്പിച്ചാല്‍ പാത്രത്തിന്റെ തുക ഹോട്ടല്‍ തിരികെ നൽകും. പദ്ധതിയുമായി സഹകരിക്കുമെന്ന ഉറപ്പ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine