കുത്താമ്പുള്ളി ഗ്രാമത്തെ രക്ഷിച്ചത് യുട്യൂബാണ്; ഇത് നെയ്ത്തു വ്യാപാരികളുടെ വിജയകഥ

കസവിന്റെ ചാരുതക്ക് സ്വര്‍ണത്തിളക്കം; ലാളിത്യത്തിന്റെ നൂലില്‍ നെയ്‌തെടുക്കുന്ന സാരികള്‍ക്ക് പ്രൗഢിയുടെ സൗന്ദര്യം.. ഇത് പാരമ്പര്യത്തിന്റെ കരുത്തില്‍ മലയാളികളുടെ മനസില്‍ കുടിയേറിയ കുത്താമ്പുള്ളി നെയ്ത്ത് ഗ്രാമം. വസ്ത്ര നിര്‍മാണ രംഗത്ത് വിസ്മയത്തിന്റെ നാട്. തൃശൂര്‍-പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയില്‍ തിരുവില്വാമലക്കടുത്ത കുത്താമ്പുള്ളിയില്‍ നെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍ക്ക് ഇന്ന് ലോകത്താകമാനം ആവശ്യക്കാരുണ്ട്. തലമുറകളായി നെയ്ത്ത് ജോലിയെടുക്കുന്ന കുടുംബങ്ങളിലൂടെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളാണ് വിപണിയില്‍ എത്തുന്നത്. മലയാളിത്തം തുളുമ്പുന്ന കസവ് സാരികള്‍, കുര്‍ത്തകള്‍, മുണ്ടുകള്‍ (ധോത്തി) തുടങ്ങി കൈത്തറികളില്‍ നെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍ക്ക് ലാളിത്യവും പ്രൗഢിയുമേറെ. പുതിയ തലമുറയെ പുത്തന്‍ ബ്രാന്റുകള്‍ സ്വാധീനിക്കുമ്പോഴും കുത്താമ്പുള്ളിയുടെ തനത് വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കുറയുന്നില്ല. വ്യാപാര രംഗത്തെ പ്രതിസന്ധികളെ കാലത്തിനൊത്ത് നേരിടാന്‍ ഈ ഗ്രാമീണ വ്യാപാരികളും പഠിച്ചു കഴിഞ്ഞു.

യൂട്യൂബില്‍ നിറയുന്ന കുത്താമ്പുള്ളി

കുത്താമ്പുള്ളിയെ വസ്ത്രങ്ങളുടെ ഗ്രാമം എന്ന് വിശേഷിപ്പിക്കാം. ഗ്രാമീണ റോഡുകള്‍ക്ക് ഇരുവശത്തും നിറയെ ഹാന്‍ഡ്‌ലൂം ഷോപ്പുകള്‍. അകത്ത്, ചില്ലുകൂട്ടില്‍ തിളങ്ങുന്ന സാരികളും മുണ്ടുകളും. വഴിയരികില്‍ ഷോപ്പുകളുടെ കൂറ്റന്‍ പരസ്യബോര്‍ഡുകള്‍, നിരവധി തൊഴിലാളികള്‍ ജോലിയെടുക്കുന്ന നെയ്ത്ത് ശാലകള്‍. ശാന്തത നിറയുന്ന ഈ ഗ്രാമത്തിലെ വ്യാപാരികള്‍ ഇന്ന് ലോകത്താകമാനം അറിയപ്പെടുന്നവരാണ്. അവരുടെ യൂട്യൂബ് ചാനലുകള്‍ക്ക് ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബര്‍മാരുണ്ട്. വിപണിയുടെ ഓരോ ചലനങ്ങളും അവര്‍ നിയന്ത്രിക്കുന്നത് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെയാണ്. രണ്ട് കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കുത്താമ്പുള്ളിയില്‍ ഏതാണ്ട് 150 ഹാന്റ്‌ലൂംഷോപ്പുകളുണ്ട്. ഈ കടയുടമകളില്‍ അധികപേരും യുട്യൂബില്‍ സജീവമാണ്. പലരും ഇന്ന് യൂട്യൂബിലെ അറിയപ്പെടുന്ന താരങ്ങളുമാണ്. സോഷ്യല്‍മീഡിയ വഴിയുള്ള പരസ്യങ്ങള്‍ക്കായി ജീവനക്കാരെ പ്രത്യേകം നിയമിച്ചിട്ടുണ്ട്.

എല്ലാ ദിവസവും വീഡിയോ

സോഷ്യല്‍മീഡിയയുടെ സാധ്യതകള്‍ വ്യാപാരികള്‍ തിരിച്ചറിഞ്ഞത് കോവിഡ് കാലത്താണെന്ന് കുത്താമ്പുള്ളിയിലെ സുഭാഷ് ടെക്‌സ്റ്റൈല്‍സ് ഉടമ സുഭാഷ് ബാലസുബ്ഹ്മണ്യന്‍ പറയുന്നു. കോവിഡിന്റെ തുടക്കത്തില്‍ വ്യാപാരികളെല്ലാം കടുത്ത പ്രതിസന്ധിയിലായിരുന്നു. അതിന് മുമ്പ് ദിവസേന നൂറുകണക്കിന് ആളുകളാണ് ഗ്രാമങ്ങളില്‍ എത്തിയിരുന്നത്. ഹാന്റ്‌ലൂം വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്ന, കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ വാഹനങ്ങളില്‍ എത്തിയിരുന്നു. കോവിഡ് വന്നതോടെ എല്ലാം പൊടുന്നനെ നിലച്ചു. പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനാണ് സോഷ്യല്‍ മീഡിയയിലൂടെ പരസ്യം തുടങ്ങിയത്. ഇത് ഏറെ കുറെ വിജയിച്ചു. ഓണ്‍ലൈനില്‍ ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങിയതോടെ വ്യാപാരം വീണ്ടും സജീവമായി. കോവിഡ് കാലത്തിന് ശേഷവും സാമൂഹ്യമാധ്യമങ്ങള്‍ തന്നെയാണ് പ്രധാന പരസ്യമാധ്യമം. സുഭാഷ് പറയുന്നു. സുഭാഷിന്റെ ഭാര്യ സുധാമണിയാണ് ഷോപ്പിന്റെ യൂട്യൂബ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. എല്ലാ ദിവസവും ഓരോ വീഡിയോ അപ് ലോഡ് ചെയ്യും. ഏറ്റവും പുതിയ മോഡലുകളിലുള്ള സാരികള്‍, മുണ്ടുകള്‍ എന്നിവയെ കുറിച്ച് ഉപഭേക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കും. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങി വ്യത്യസ്ത സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കുത്താമ്പുള്ളിയിലെ ഭൂരിഭാഗം കടയുടമകളും വീഡിയോകളും ഷോട്‌സുകളും റീല്‍സുകളും ജനങ്ങളിലെത്തിക്കുന്നുണ്ട്. ഗ്രാമത്തിലെ നൂറോളം ഷോപ്പുകള്‍ക്ക് യൂട്യൂബ് അക്കൗണ്ടുകളുണ്ട്. ഓണക്കാലത്ത് ഗള്‍ഫ് നാടുകളില്‍ നിന്ന് പോലും നിരവധി ഓര്‍ഡറുകളാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇന്ത്യ പോസ്റ്റ് വഴിയാണ് ഓര്‍ഡറുകള്‍ എത്തിച്ചു കൊടുക്കുന്നത്.

ഉപഭോക്താക്കള്‍ക്കും ഗുണം

ധരിക്കാന്‍ കുത്താമ്പുള്ളി വസ്ത്രങ്ങള്‍ തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവരും മലയാളികള്‍ക്കിടയിലുണ്ട്. ഇവര്‍ക്കെല്ലാം ഓണ്‍ലൈന്‍ വിപണി സഹായമാകുന്നു. ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കാനും കഴിയുന്നതായി രാമചന്ദ്ര ഹാന്റ്‌ലൂംസ് ഉടമ പ്രകാശ് കടമ്മന്‍കോട് പറയുന്നു. കോവിഡ് കാലത്ത് പ്രകാശാണ് വാട്‌സ് ആപ്പ് വഴിയുള്ള ഡിജിറ്റല്‍ വ്യാപാരത്തിന് ഗ്രാമത്തില്‍ തുടക്കം കുറിച്ചത്. ഇടനിലക്കാരെ ഒഴിവാക്കുന്നതിനാല്‍ വില കുറച്ച് വസ്ത്രങ്ങള്‍ നല്‍കാന്‍ കഴിയും. പല തട്ടുകളില്‍ ഇടനിലക്കാരിലൂടെ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാരിലെത്തുമ്പോള്‍ മൂന്നിരട്ടി വരെ വില ഉയരാറുണ്ട്. ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ ഇത് ഒഴിവാകും. കുത്താമ്പുള്ളിയിലെ വിലക്ക് തന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

കാലത്തിനൊത്ത മാറ്റം

നെയ്ത്തു ഗ്രാമത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. 17-ാം നൂറ്റാണ്ടില്‍ കൊച്ചി രാജാവിന്റെ ക്ഷണപ്രകാരം മൈസൂരില്‍ നിന്ന് വന്നവരാണ് ഈ കുടുംബത്തിലെ മുന്‍തലമുറക്കാര്‍. കര്‍ണാടകയിലെ ദേവാംഗ ചെട്ടിയാര്‍ സമുദായത്തില്‍ പെട്ട ഇവര്‍ കുത്താമ്പുള്ളിയില്‍ കൈത്തറികള്‍ സ്ഥാപിച്ച് താമസം തുടങ്ങി. നെയ്ത്ത് ജോലിക്ക് ഏറെ വെള്ളം ആവശ്യമുള്ളതിനാലാണ് ഭാരതപ്പുഴയുടെ തീരത്തുള്ള ഈ ഗ്രാമം തെരഞ്ഞെടുത്തത്. ഇന്ന് 800 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ആദ്യകാലങ്ങളില്‍ കസവില്‍ തീര്‍ത്ത സാരികള്‍, സെറ്റ് സാരികള്‍, മുണ്ടുകള്‍ എന്നിവയാണ് നിര്‍മ്മിച്ചിരുന്നത്. ഒരു കാലത്ത് ഇവിടെ 4,000 കൈത്തറികള്‍ വരെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 100 ല്‍ താഴെയാണുള്ളത്. സാങ്കേതിക വിദ്യകള്‍ മാറിയപ്പോള്‍ ഇവിടുത്തെ വ്യാപാരികളും മാറി. ഇപ്പോള്‍ വസ്ത്രങ്ങള്‍ തമിഴ്‌നാട്ടിലെ തുണിമില്ലുകളില്‍ പ്രത്യേകമായി ഓര്‍ഡര്‍ ചെയ്തുണ്ടാക്കുകയാണ് ചെയ്യുന്നത്. ഡിസൈനുകള്‍ വ്യാപാരികള്‍ നല്‍കും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. പരമ്പരാഗത കസവ് വസ്ത്രങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ വിവിധ നിറങ്ങളിലുള്ള സാരികളും കുത്താമ്പുള്ളിയിലെ വ്യാപാരികള്‍ വില്‍ക്കുന്നുണ്ട്. ഡിസൈനുകളിലെ വൈവിധ്യവും തലമുറകളായി നിലനിര്‍ത്തി പോരുന്ന വിശ്വാസവും ഇന്നും കുത്താമ്പുള്ളിയിലെ നെയ്ത്ത് കുടുംബങ്ങളുടെ മുഖമുദ്രയാണ്.

Related Articles
Next Story
Videos
Share it