

'സ്‌നേഹത്തിലൂടെയും സംഗീതത്തിലൂടെയും ലോകമെമ്പാടുമുള്ള മനുഷ്യരെ എങ്ങനെയെങ്കിലും ഒന്നിപ്പിക്കുക എന്നത് കുട്ടിക്കാലം മുതലേയുള്ള എന്റെ ഒരു സ്വപ്‌നമാണ്.''
- മൈക്കിള്‍ ജാക്‌സണ്‍
ഒമ്പതാം ക്ലാസിലെ സ്‌കൂള്‍ വിനോദയാത്രയില്‍ കൂട്ടുകാരോടൊപ്പം ബസില്‍ മൈക്കിള്‍ ജാക്സന്റെ പാട്ടുകള്‍ക്ക് ചുവടുവെച്ചതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മകളിലൊന്ന്. വളര്‍ന്നുവരുന്ന സമയത്ത് അദ്ദേഹത്തിന്റെ സംഗീതം ഞാന്‍ കേട്ടിട്ടുണ്ടായിരുന്നെങ്കിലും, ഞാനൊരിക്കലും അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നില്ല. മാധ്യമങ്ങളിലൂടെ അദ്ദേഹത്തെക്കുറിച്ച് ഞാന്‍ വായിച്ചറിഞ്ഞ കാര്യങ്ങളിലധികവും നെഗറ്റീവ് വാര്‍ത്തകളുമായിരുന്നു. അതുകൊണ്ടുതന്നെ 2009ല്‍ അദ്ദേഹത്തിന്റെ അകാല വിയോഗത്തെക്കുറിച്ച് കേട്ടപ്പോള്‍ എനിക്ക് വലിയ വിഷമമൊന്നും തോന്നിയിരുന്നില്ല.
എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 60കളുടെ അവസാനം മുതല്‍ 90കള്‍ വരെയുള്ള അദ്ദേഹത്തിന്റെ ചില സംഗീതങ്ങള്‍ ഞാന്‍ തിരഞ്ഞുപിടിച്ച് കേട്ടപ്പോള്‍ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഒരുപാട് മികച്ച ഗാനങ്ങള്‍ എനിക്ക് കïെത്താന്‍ കഴിഞ്ഞു. ഇത് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള എന്റെ ജിജ്ഞാസ വര്‍ധിപ്പിച്ചു.
ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത ആ പ്രതിഭയുടെ ജീവിതത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുന്ന ചില പാഠങ്ങള്‍ ഇതാ:
മൈക്കിള്‍ ജാക്സന്റെ ആത്മകഥയായ മൂണ്‍വാക്കില്‍ (1988) നിന്നുള്ള ചില ഭാഗങ്ങള്‍ താഴെ നല്‍കുന്നു;
''നമ്മള്‍ ശക്തരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, പക്ഷേ നമ്മള്‍ നമ്മുടെ മനസിനെ അതിന്റെ പൂര്‍ണ ശേഷിയില്‍ ഉപയോഗിക്കുന്നില്ല. നിങ്ങള്‍ക്ക് ആവശ്യമുള്ളത് എന്തും നേടിയെടുക്കാനായി സഹായിക്കാന്‍ മാത്രം ശക്തമാണ് നിങ്ങളുടെ മനസ്.
ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നത് മുതല്‍, എക്കാലത്തെയും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മ്യൂസിക് ആല്‍ബം സൃഷ്ടിക്കണമെന്ന് ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. ത്രില്ലര്‍ എന്ന ആല്‍ബത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ പ്രൊഡ്യൂസര്‍ ക്വിന്‍സി ജോണ്‍സിനും ഗാനരചയിതാവ് റോഡ് ടെമ്പര്‍ട്ടനുമൊപ്പം സ്റ്റുഡിയോയില്‍ ആയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു.
അവരിലൊരാള്‍ എന്നോട് ചോദിച്ചു, ഈ ആല്‍ബം, ഓഫ് ദി വാള്‍ (അദ്ദേഹത്തിന്റെ മുമ്പത്തെ ആല്‍ബം) പോലെ അത്ര നന്നായി വിജയിച്ചില്ലെങ്കില്‍ നിനക്ക് നിരാശ തോന്നുമോ? എനിക്ക് അങ്ങനെയൊരു ചോദ്യം ഉയര്‍ന്നതില്‍ തന്നെ സങ്കടം തോന്നി.
ഓഫ് ദി വാളിനേക്കാള്‍ മികച്ച വിജയം ത്രില്ലര്‍ നേടണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഈ ആല്‍ബം എക്കാലത്തെയും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആല്‍ബമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. അവര്‍ ചിരിക്കാന്‍ തുടങ്ങി. അത് ഒരിക്കലും നടക്കാത്ത ആഗ്രഹമായിട്ടാണ് അന്ന് തോന്നിയിരുന്നത്.''
1982ല്‍ ത്രില്ലര്‍ പുറത്തിറങ്ങിയതിന് ശേഷം, പത്രപ്രവര്‍ത്തകനായ റാന്‍ഡി തരാബോറെല്ലി അഭിപ്രായപ്പെട്ടു;
''ഒരു ഘട്ടത്തില്‍, ത്രില്ലര്‍ ഒരു വിനോദ ഉപാധി പോലെ-ഒരു മാഗസിന്‍, ഒരു കളിപ്പാട്ടം, അല്ലെങ്കില്‍ ഒരു ഹിറ്റ് സിനിമയുടെ ടിക്കറ്റ് പോലെ-വിറ്റഴിക്കപ്പെടുന്നത് അവസാനിക്കുകയും, ഒരു നിത്യോപയോഗ സാധനം പോലെ വിറ്റഴിയാന്‍ തുടങ്ങുകയും ചെയ്തു.''
1983ന്റെ അവസാനത്തോടെ, ലോകമെമ്പാടും 32 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട് ഇത് എക്കാലത്തെയും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആല്‍ബമായി മാറി. ഇന്ന് 40 വര്‍ഷങ്ങള്‍ക്ക് ശേഷവും 70 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട് സംഗീതചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ആല്‍ബമായി ഇത് തുടരുന്നു!
മൈക്കിള്‍ ജാക്സണ്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പൊതുജനശ്രദ്ധയിലാണ് ജീവിച്ചത്. അഞ്ചാം വയസായപ്പോഴേക്കും, 'ദി ജാക്സണ്‍ ഫൈവ്' എന്ന വന്‍ വിജയമായി മാറിയ ബാന്‍ഡില്‍ തന്റെ നാല് സഹോദരന്മാര്‍ക്കൊപ്പം അദ്ദേഹം വലിയ ജനക്കൂട്ടത്തിന് മുന്നില്‍ പാടുമായിരുന്നു. എന്നിരുന്നാലും, തന്റെ രൂപത്തെക്കുറിച്ച് അങ്ങേയറ്റത്തെ അരക്ഷിതാവസ്ഥയോടെയാണ് അദ്ദേഹം വളര്‍ന്നത്.
കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പിതാവ് അവന്‍ കാണാന്‍ ഭംഗിയില്ലാത്തവനാണെന്നും വലിയ മൂക്കാണുള്ളതെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ രൂപത്തെ കളിയാക്കുമായിരുന്നു. പിതാവിന്റെ വാക്കുകള്‍ മൈക്കിളിനെ ആഴത്തില്‍ മുറിപ്പെടുത്തി, പിന്നീട് ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ വെളിപ്പെടുത്തുകയുണ്ടായി;''എന്റെ മുഖത്ത് മുഖക്കുരു ഒരുപാടുണ്ടായിരുന്നത് കാരണം ഞാന്‍ ലജ്ജാലുവായിരുന്നു. ഞാന്‍ മുഖത്ത് നോക്കാറില്ലായിരുന്നു. എനിക്ക് കണ്ണാടിയില്‍ നോക്കാന്‍ പോലും ഇഷ്ടമല്ലായിരുന്നു. എന്റെ അച്ഛന്‍ കളിയാക്കുന്നത് കൊണ്ട് ഞാന്‍ ദിവസവും കരയുമായിരുന്നു.'' 80കളില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായ ശേഷം, കറുത്ത വര്‍ഗക്കാരനാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് വെളുത്തവനാകാന്‍ വേണ്ടിയാണ് ജാക്സണ്‍ തന്റെ രൂപം മാറ്റിയതെന്ന് പലരും കുറ്റപ്പെടുത്തി.
സത്യം എന്തെന്നാല്‍, അദ്ദേഹം വെള്ളപ്പാണ്ട് (vitiligo) എന്ന ചര്‍മരോഗത്താല്‍ ബുദ്ധിമുട്ടുകയായിരുന്നു. ഇത് പിന്നീട് അദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്ഥിരീകരിക്കപ്പെട്ടു. വെള്ളപ്പാണ്ട് ചര്‍മത്തിന്റെ ചില ഭാഗങ്ങളിലെ നിറം നഷ്ടപ്പെടാന്‍ കാരണമാകുന്നുവെന്നത് ശരീരത്തില്‍ വെളുത്ത പാടുകള്‍ ഉണ്ടാക്കുന്നു.
വിറ്റിലിഗോ എന്ന ചര്‍മരോഗം തന്നെ ഒരു 'പുള്ളിപ്പശുവിനെപ്പോലെ' ആക്കിത്തീര്‍ക്കാതിരിക്കാനാണ് അദ്ദേഹം ആദ്യം പ്ലാസ്റ്റിക് സര്‍ജറിയെ ആശ്രയിച്ചതെന്ന് അദ്ദേഹത്തിന്റെ അമ്മ കാതറിന്‍ വെളിപ്പെടുത്തിയിരുന്നു. എങ്കിലും, തന്റെ മകന്‍ പിന്നീട് പ്ലാസ്റ്റിക് സര്‍ജറിക്ക് അടിമയായി മാറിയെന്ന് അവര്‍ വിശ്വസിക്കുന്നു.
ബാഹ്യരൂപത്തില്‍ വെളുത്ത നിറമായി മാറിയതിന് ശേഷവും അദ്ദേഹം ഒരു കറുത്ത വര്‍ഗക്കാരനായിട്ടാണ് സ്വയം അടയാളപ്പെടുത്തിയത്.
''ഞാന്‍ ഒരു ബ്ലാക്ക് അമേരിക്കനാണ്, എന്റെ വംശത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ ആരാണെന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്തായാലും പത്രമാധ്യമങ്ങള്‍ക്ക് എന്റെ രൂപത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരത്തുന്നതില്‍ ഇത്രയധികം താല്‍പര്യം എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. എന്റെ മുഖത്തിന് എന്റെ സംഗീതവുമായോ നൃത്തവുമായോ എന്താണ് ബന്ധം?'' അദ്ദേഹം പറയുന്നു.
80കളിലും 90കളിലും ഈ ഭൂമിയിലെ തന്നെ ഏറ്റവും പ്രശസ്തരായ വ്യക്തികളില്‍ ഒരാളായിരുന്നു മൈക്കിള്‍ ജാക്സണ്‍. പ്രശസ്തിയെയും വിജയത്തെയും കുറിച്ച് അദ്ദേഹം പറഞ്ഞത് ഇതാണ്:
''വിജയം ഏകാന്തതയാണ് സമ്മാനിക്കുന്നത്. നിങ്ങള്‍ ഭാഗ്യവാനാണെന്നും നിങ്ങള്‍ക്ക് എല്ലാം ഉണ്ടെന്നുമാണ് ആളുകള്‍ കരുതുന്നത്. നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പോകാനും എന്ത് വേണമെങ്കിലും ചെയ്യാനും കഴിയുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ കാര്യം അതല്ല. ഒരാള്‍ കൊതിക്കുന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ്.
ആളുകള്‍ കരുതുന്നത് അവര്‍ക്ക് എന്നെ അറിയാമെന്നാണ്. എന്നാല്‍ അവര്‍ക്കറിയില്ല, ശരിക്കും അറിയില്ല. യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിക്കുന്ന മനുഷ്യരില്‍ ഒരാളാണ് ഞാന്‍. ചിലപ്പോള്‍ ഞാന്‍ കരയാറുണ്ട്, കാരണം അത് അത്രമാത്രം വേദനിപ്പിക്കുന്നു. അത് സത്യമാണ്. സത്യസന്ധമായി പറഞ്ഞാല്‍, ഞാനായിരിക്കുക എന്നത് എന്നെ വേദനിപ്പിക്കുന്നു എന്ന് പറയാം. വീട്ടിലായിരിക്കുമ്പോള്‍ പോലും ഞാന്‍ ഏകനാണ്. ചിലപ്പോള്‍ ഞാന്‍ എന്റെ മുറിയിലിരുന്ന് കരയും, സുഹൃത്തുക്കളെ ഉണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സംസാരിക്കാന്‍ ആളുകളെ തിരഞ്ഞ് ഞാന്‍ തെരുവുകളിലൂടെ നടക്കാറുണ്ടായിരുന്നു.
എന്റെ കരിയറിന്റെ ഏറ്റവും ഉച്ചസ്ഥായിയിലുണ്ടായിരുന്ന കാലത്തെക്കുറിച്ചാണ് ഞാന്‍ ഈ പറയുന്നത്. ഞാന്‍ അപരിചിതരുടെ അടുത്തുചെന്ന് 'നിങ്ങള്‍ എന്റെ സുഹൃത്താകുമോ?' എന്ന് ചോദിക്കുമായിരുന്നു. അപ്പോള്‍ അവര്‍ 'ഓ ദൈവമേ, ഇത് മൈക്കിള്‍ ജാക്സണ്‍ അല്ലേ!' എന്ന് അത്ഭുതപ്പെടും. അതല്ലായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. എന്റെ പുറമെയുള്ള രൂപത്തെ നോക്കാതെ, എന്നെ ഞാനായിക്കണ്ട് സ്നേഹിക്കുന്ന, അല്ലെങ്കില്‍ എന്റെ സുഹൃത്താകുന്ന ഒരാളെയാണ് എനിക്ക് വേണ്ടിയിരുന്നത്.''
''ഡോക്യുമെന്ററികളിലൂടെ മൈക്കിളിനെ ലോകത്തെക്കുറിച്ച് പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഒരു ദിവസം, ആഫ്രിക്കയിലെ നിര്‍ഭാഗ്യരായ കുട്ടികളെക്കുറിച്ചുള്ള ഒരു ചിത്രം മൈക്കിളും ഞാനും കണ്ടു. അവരുടെ ജീവിതസാഹചര്യം ഞങ്ങളെ കണ്ണീരണിയിച്ചു. 14-ാം വയസില്‍ തന്നെ സഹതാപം നിറഞ്ഞ മനസുണ്ടായിരുന്ന മൈക്കിള്‍ എന്നെ നോക്കിപ്പറഞ്ഞു, 'അമ്മേ, ഒരു ദിവസം ഞാന്‍ ഇതിനൊരു പരിഹാരം കാണും'.''- കാതറിന്‍ ജാക്സണ്‍
മൈക്കിള്‍ ജാക്സണ്‍ തന്റെ കൗമാര പ്രായത്തില്‍ ' ദി ജാക്സണ്‍ ഫൈവ്' ബാന്‍ഡിന്റെ ഭാഗമായിരുന്നപ്പോള്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു.
അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്ന പലരുടെയും അഭിപ്രായത്തില്‍, മറ്റുള്ളവരുടെ വേദനകളോടും ദുരിതങ്ങളോടും അദ്ദേഹം അതീവ സംവേദനക്ഷമതയുള്ളവനായിരുന്നു. ആളുകള്‍, പ്രത്യേകിച്ച് കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അദ്ദേഹത്തെ ആഴത്തില്‍ വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍;
''ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ഒരാളായതുകൊണ്ട് തന്നെ, ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും, പ്രത്യേകിച്ച് കുട്ടികള്‍ക്ക് സംഭവിക്കുന്നവ എന്നെ വളരെയധികം സ്വാധീനിക്കാറുണ്ട്. അത്തരം വേദനകള്‍ കാണുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകുകയും, കടുത്ത വിഷമം അനുഭവിക്കുകയും ചെയ്യും. അത് കണ്ടിട്ടും കാണാത്തത് പോലെ നടിക്കാന്‍ എനിക്ക് കഴിയില്ല. അതെന്നെ അത്രയധികം ബാധിക്കുന്നുണ്ട്.
ഞാന്‍ എത്രമാത്രം സംഗീത പരിപാടികള്‍ നടത്തുന്നുണ്ടോ, അത്രത്തോളം തന്നെ ആശുപത്രികളും അനാഥാലയങ്ങളും സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍, തീര്‍ച്ചയായും മാധ്യമങ്ങള്‍ ഇതൊന്നും വാര്‍ത്തയാക്കാറില്ല. വാര്‍ത്തകളില്‍ വരാന്‍ വേണ്ടിയല്ല ഞാന്‍ ഇത് ചെയ്യുന്നത്. എന്റെ ഹൃദയത്തില്‍ നിന്നുള്ള ആഗ്രഹം കൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്.''
മൈക്കിള്‍ ജാക്സന്റെ മാനുഷിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ ഫ്രെഡറിക് തദ്ദേയ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്;
''തന്റെ കരിയറിന്റെ ഉച്ചസ്ഥായിയില്‍ നിന്നിരുന്ന കാലത്ത്, മറ്റേതൊരു സൂപ്പര്‍ താരത്തേക്കാളും കൂടുതല്‍ കാര്യങ്ങള്‍ മൈക്കിള്‍ ജാക്‌സണ്‍ ജനങ്ങള്‍ക്കും ഈ ലോകത്തിനും വേണ്ടി ചെയ്തിട്ടുണ്ട്''
വര്‍ഷങ്ങളായി ഒട്ടനവധി സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും ജീവിതത്തെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്, എന്നാല്‍ മൈക്കിള്‍ ജാക്‌സന്റെ കഥയോളം എന്നെ വൈകാരികമായി സ്പര്‍ശിച്ച മറ്റൊരു കഥയുമില്ല. നമ്മളെല്ലാവരെയും പോലെ തന്നെയുള്ള ഒരു മനുഷ്യനായിരുന്നു മൈക്കിള്‍ ജാക്സണും. അദ്ദേഹത്തിനും അദ്ദേഹത്തിന്റേതായ പോരായ്മകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആഴമേറിയ കാരുണ്യത്തെക്കുറിച്ചും ഈ ലോകത്തെ ഒരു മികച്ച സ്ഥലമാക്കി മാറ്റാന്‍ അദ്ദേഹം നടത്തിയ മഹത്തായ ശ്രമങ്ങളെക്കുറിച്ചും കൂടുതല്‍ വായിച്ചറിയുന്തോറും ഇങ്ങനെയൊരു വ്യക്തി നമ്മുടെ ഗ്രഹത്തില്‍ ജീവിച്ചിരുന്നുവല്ലോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയാണ്.
(ധനം മാഗസീന്‍ 2026 ജൂണ്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
Beyond the moonwalk and music, Michael Jackson’s legacy is defined by his silent acts of deep compassion and global charity.
Read DhanamOnline in English
Subscribe to Dhanam Magazine