കുട്ടികളിലെ മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍: മാറ്റാനുണ്ട് വഴികള്‍

ഒരുപക്ഷേ ഇന്ന് മാതാപിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് കുട്ടികളിലെ വര്‍ധിച്ചു വരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗമായിരിക്കും. അത് ശിശുക്കള്‍ തൊട്ട് കൗമാരക്കാരില്‍ വരെ വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ വരെ അത് ബാധിക്കുന്നു. മൊബൈല്‍ ഫോണിന്റെ വര്‍ധിച്ച ഉപയോഗം ബ്രെയ്ന്‍ ട്യൂമര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നും പഠനങ്ങള്‍ പറയുന്നു. മയോപ്പിയ (ഹ്രസ്വദൃഷ്ടി) കണ്ണിന്റെ ആരോഗ്യം ഇല്ലാതാക്കുന്നു. കൂടാതെ, കണ്ണ് വരണ്ടുപോകല്‍, ദീര്‍ഘനേരം ഒരേയിരിപ്പ് ഇരിക്കുന്നതു മൂലം കഴുത്തിന്റെ മസില്‍ പ്രശ്നം, നട്ടെല്ലില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ വേറെയും. ഇതിനു പുറമെ മനഃശാസ്ത്രപരമായ പ്രശ്നങ്ങളുമുണ്ടാകുന്നു. ഓര്‍മക്കുറവ്, ഏകാഗ്രതയില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങി നീളുന്നു അത്.

ശീലം മാറ്റാം
മാതാപിതാക്കള്‍ മനസുവെച്ചാല്‍ കുട്ടികളിലെ മൊബൈല്‍ ഉപയോഗം കുറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയും. അതിനായി വിവിധ പ്രായവിഭാഗത്തിലുള്ളവര്‍ക്കായി വ്യത്യസ്ത തന്ത്രങ്ങള്‍ സ്വീകരിക്കണം.
അഞ്ചു വയസു വരെ ചെറിയ കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ക്ക് വളരെയെളുപ്പം മാറ്റിയെടുക്കാവുന്നതേയുള്ളൂ. മൊബൈല്‍ നല്‍കാതിരുന്നാല്‍ ആദ്യ രണ്ട് ദിവസം പിടിവാശിയുണ്ടാകും. ഇതുകണ്ട് മനസലിയരുത്. കുട്ടിയുടെ കൂടെ സമയം ചെലവിട്ട് മറ്റെന്തെങ്കിലും ക്രാര്യങ്ങളില്‍ വ്യാപൃതരാക്കണം. കഥ പറഞ്ഞ് കൊടുക്കുകയോ, കൂടെ കൂടി കളിക്കുകയോ ഒക്കെ ചെയ്യാം. മൂന്നു-നാലു ദിവസം കൊണ്ടുതന്നെ മൊബൈല്‍ ഉപയോഗം പൂര്‍ണമായും മാറ്റിയെടുക്കാം.
അഞ്ചു മുതല്‍ 10 വയസു വരെ ഈ പ്രായക്കാരില്‍ ശീലമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ വളരെ കഷ്ടപ്പെടേണ്ടി വരും. അവരെ കൂട്ടുകാരുമായി ഇടപഴകാന്‍ അവസരം ഉണ്ടാക്കുക, അവര്‍ക്കൊപ്പം കളിക്കാന്‍ വിടുക, പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവയൊക്കെ ചെയ്യണം. ഇതിനൊപ്പം പ്രോത്സാഹന സമ്മാനങ്ങളും ചെറിയ ശിക്ഷാ നടപടികളും ആകാം. കുട്ടികളെ സംബന്ധിച്ച് ശിക്ഷ എന്നത് അത്ര നല്ല കാര്യമല്ലാത്തതുകൊണ്ടുതന്നെ ഉപഹാരങ്ങളും പാരിതോഷികങ്ങളും നല്‍കുന്നത് നല്ലതാണ്. ബീച്ചിലോ സിനിമയ്ക്കോ കൊണ്ടുപോകുക, ഇഷ്ട ഭക്ഷണം വാങ്ങിക്കൊടുക്കുക തുടങ്ങിയവ ആകാം. ഇതൊക്കെയാകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൂടാതെയും ജീവിക്കാനാകും എന്നവര്‍ക്ക് മനസിലാകും.
ഫാമിലി റൂള്‍സ് കൊണ്ടുവരിക
എന്നതാണ് മറ്റൊരു വഴി. വീട്ടില്‍ നിശ്ചിതസമയം മാത്രമെ വൈഫൈ അനുവദിക്കുകയുള്ളൂ, ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, നിശ്ചിത സമയത്തിന് ശേഷം മൊബൈല്‍ ഉപയോഗിക്കില്ല തുടങ്ങിയ നിബന്ധനകള്‍ എല്ലാവര്‍ക്കുമായി വെയ്ക്കാം. ഇതില്‍ ശ്രദ്ധിക്കേണ്ടത്, മാതാപിതാക്കളും അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണ് എന്നതാണ്.
സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിച്ചും മൊബൈല്‍ ഉപയോഗം കുറക്കാനാകും. നിശ്ചിത സമയം ഉപയോഗിച്ചാല്‍ ആപ്പ് ക്ലോസ് ആകുന്നതു പോലെ സെറ്റ് ചെയ്യുക, നിശ്ചിത സമയം ഉപയോഗിച്ചാല്‍ ആ ഡിവൈസിലേക്കുള്ള നെറ്റ് കണക്റ്റിവിറ്റി ഓട്ടോമാറ്റിക്കായി വിച്ഛേദിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യാനാകും.
12 വയസിന് മുകളില്‍
കുട്ടികളോട് മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വരുത്തിവെയ്ക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരിക്കാം. മൊബൈല്‍ ഫോണിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാം എന്ന് അവരോട് തന്നെ ചോദിച്ച് തീരുമാനിക്കാം. ഒരു ദിവസം പരമാവധി രണ്ടു മണിക്കൂറേ ഉപയോഗിക്കൂ എന്ന് യോജിച്ച് തീരുമാനിക്കുക. എല്ലാ കാര്യത്തിലും മാതാപിതാക്കളുടെ ശ്രദ്ധ ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ഉപയോഗം സൂക്ഷിച്ചു മാത്രമാകും.
ഇതൊന്നും നടന്നില്ലെങ്കില്‍ ചികിത്സാ വഴികളും ആലോചിക്കാവുന്നതാണ്. സൈക്കോ തെറാപ്പി, കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി പോലുള്ളവ സഹായത്തിനെത്തും.

(കൊച്ചി അമൃത ഹോസ്പിറ്റല്‍ നേത്ര വിഭാഗം തലവനാണ് ലേഖകന്‍)

Dr. Gopal S. Pillai
Dr. Gopal S. Pillai is a Head of Department, Department of Ophthalmology, Amrita Hospital, Kochi  

Related Articles

Next Story

Videos

Share it