സംരംഭകരും പ്രൊഫഷണലുകളും വായിച്ചിരിക്കേണ്ട പുസ്തകം: The CEO Factory

ലക്ഷ്വറി ഫാഷന്‍ രംഗത്തെ ലോകോത്തര ഫ്രഞ്ച് കമ്പനിയായ ഷനെലിന്റെ (Chanel) ഗ്ലോബല്‍ ചീഫ് എക്‌സിക്യുട്ടീവ് പദവിയിലേക്ക് ആദ്യമായൊരു ഇന്ത്യന്‍ വംശജയായ വനിത കടന്നുവന്നപ്പോള്‍ ലോകം ഒട്ടൊന്ന് അത്ഭുതത്തോടെയാണ് ആ നീക്കത്തെ നോക്കിയത്. 30 വര്‍ഷം യൂണിലീവറില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച ലീന നായര്‍ ചീഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഓഫീസര്‍ പദവി ഒഴിഞ്ഞാണ് ഷനെലിലേക്ക് ചേക്കേറിയത്.

ലീന നായരെ പോലെ ഒട്ടനവധി ലോകോത്തര സി ഇ ഒ മാരെ വാര്‍ത്തെടുത്ത ഫാക്ടറിയാണ് ഹിന്ദുസ്ഥാന്‍ യൂണിലീവര്‍. ഇന്ത്യയിലെ ഒരുപിടി പ്രമുഖ കമ്പനികള്‍ തങ്ങളുടെ ടോപ്പ് മാനേജ്‌മെന്റില്‍ എച്ച് യു എല്ലില്‍ നിന്ന് വന്ന ഒരു പ്രൊഫഷണലുണ്ടെന്ന് മേനി നടിക്കാറുണ്ട്്. എന്തുകൊണ്ടാണിത്?
അതിനുള്ള ഉത്തരം നല്‍കുകയാണ് എച്ച് യു എല്ലിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ സുധീര്‍ സീതാപതി രചിച്ചിരിക്കുന്ന ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ മാനേജ്‌മെന്റ് പാഠങ്ങള്‍ അനാവരണം ചെയ്യുന്ന 'The CEO Factory'.
അങ്ങേയറ്റം ഉപഭോക്തൃകേന്ദ്രീകൃതമായ ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ ചരിത്രം മുതല്‍ അവരുടെ മാനേജ്‌മെന്റ് ശൈലി, മാര്‍ക്കറ്റിംഗ് രീതി, പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് പിന്നിലുള്ള ചിന്തകള്‍, ഉല്‍പ്പന്നത്തിന് വിലയിടുന്നതിന് പിന്തുടരുന്ന തന്ത്രങ്ങള്‍ എന്നു തുടങ്ങി എല്ലാ രംഗങ്ങളിലും എച്ച് യു എല്‍ എന്ന മഹാപ്രസ്ഥാനം അനുവര്‍ത്തിക്കുന്ന കാര്യങ്ങളാണ് സുധീര്‍ സീതാപതി ലളിതമായ ഭാഷയില്‍ വിവരിക്കുന്നത്.
ഉപഭോക്താവിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ബിസിനസ് കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭകര്‍ക്കും ബിസിനസ് വിദ്യാര്‍ത്ഥികള്‍ക്കും വായിക്കാനും പുതിയ ആശയങ്ങള്‍ കണ്ടെത്താനും കൂടെ കൂട്ടാവുന്ന പുസ്തകങ്ങളിലൊന്നാണിതും. 'An MBA in a book' എന്നാണ് ദി സി ഇ ഒ ഫാക്ടറിയെ പരസ്യരംഗത്തെ കുലപതി പീയുഷ് പാണ്ഡെ വിശേഷിപ്പിക്കുന്നത്.


Related Articles

Next Story

Videos

Share it