മുകേഷ് അംബാനിയുടെ നല്ലപാതി, സംരംഭകയാത്രയിലും കൂടെ നടന്ന നിത അംബാനി: ബിസിനസ് ദമ്പതികള്‍ക്ക് മാതൃകയായ 'പവര്‍കപ്പിള്‍' പ്രണയകഥ ഇങ്ങനെ

ലോകസമ്പന്ന പട്ടികയിലെ മുന്‍ നിര ഇന്ത്യക്കാരില്‍ ഒരാള്‍ ആയ മുകേഷ് അംബാനിയും കുടുംബവും ബിസിനസ് പാരമ്പര്യത്തിലും നേടിയെടുത്ത വിജയങ്ങളിലും മാത്രമല്ല, അവരുടെ സമ്പന്നമായ ജീവിതശൈലിയിലും പേരുകേട്ടവരാണ്. അംബാനിമാര്‍ സമ്പന്ന വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍, അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനി ഒരു സാധാരണകുടുംബത്തിലെ അംഗമായിരുന്നു.

നിത അംബാനി മുകേഷ് അംബാനിയുടെ ഭാര്യ മാത്രമല്ല, റിലയന്‍സ് ഫൗണ്ടേഷന്റെ തലപ്പത്തും ദിരുഭായ് അംബാനി ഇന്റര്‍നാഷല്‍ സ്‌കൂള്‍ സ്ഥാപകയും റിലയന്‍സ് ഡയറക്റ്ററുമെല്ലാം ബിസിനസ് ലോകത്ത് സജീവമാണ്. കുടുംബ ബിസിനസിലെ പ്രധാന തീരുമാനങ്ങളിലെല്ലാം അംബാനിക്കും മക്കള്‍ക്കും പിന്തുണയായി നിലകൊള്ളുന്ന അവരുടെ ഉപദേഷ്ടാവ് കൂടിയാണ് നിതയെന്നു അവരുടെ തീരുമാനങ്ങള്‍ പലപ്പോഴും വെളിവാക്കിയിട്ടുമുണ്ട്.

നേരത്തെ നിത ദലാല്‍ എന്നറിയപ്പെട്ടിരുന്ന നിത അംബാനിയുടെ പിതാവ് രവീന്ദ്രഭായി ദലാല്‍, ബിര്‍ള ഗ്രൂപ്പിന്റെ സീനിയര്‍ എക്സിക്യൂട്ടീവായിരുന്നു. ഒരിക്കല്‍ മുകേഷ് അംബാനിയുടെ അമ്മ കോകില ബെന്‍ അംബാനി ഒരു ചടങ്ങിനിടയില്‍ നിതയെ കാണുകയും സ്‌കൂള്‍ അധ്യാപികയും കുലീനയും സുന്ദരിയുമായ അവളെ മരുമകളാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു, അങ്ങനെയാണ് ജീവിതം മാറ്റി മറിച്ച് ബോളിവുഡ് സിനിമയ്ക്ക് തുല്യമായ അവിശ്വസനീയമായ അവരുടെ പ്രണയകഥയും ആരംഭിച്ചത്.

പ്രണയം @20

മുകേഷ് അംബാനി അമ്മയുടെ ആവശ്യപ്രകാരം നിതയെ കാണുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തത്രെ. എന്നാല്‍ ആദ്യം നിരസിച്ചെങ്കിലും നിത ദലാല്‍ പിന്നീട് വിവാഹത്തിന് സമ്മതം മൂളി. അങ്ങനെ നിതയും അംബാനിയും 1985 ല്‍ വിവാഹിതരായി. അന്നവര്‍ക്ക് 21 വയസ്സായിരുന്നു.

കുട്ടികളുണ്ടാവില്ലെന്നു പറഞ്ഞ് ആശുപത്രിക്കാര്‍ വിധിയെഴുതിയ നിത പിന്നീട് ചികിത്സയിലൂടെ 1991 ല്‍ ഇഷ അംബാനി, ആകാശ് അംബാനി ഇരട്ടക്കുട്ടികളുടെ അമ്മയായി. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അനന്ത് അംബാനിയ്ക്കും ജന്മം നല്‍കി.

മക്കളെ വളര്‍ത്തുന്നതിനിടയില്‍ റിലയന്‍സിന്റെ അധികാരത്തില്‍ ധാരാളം ചുമതലയോടെ പങ്കാളിയായിട്ടും നിത എല്ലാ മേഖലകളിയിലും പോലെ പേരന്റിംഗിലും തിളങ്ങി. സഹജീവനക്കാരുടെ മുന്നില്‍ മാതൃകാ ദമ്പതികള്‍ മാത്രമല്ല,അഹങ്കാരം തെല്ലുമില്ലാത്ത മികച്ച ബിസിനസ് വ്യക്തിത്വങ്ങളായും നിത മുകേഷ് അംബാനിക്കൊപ്പം ചേര്‍ന്നു നിന്നു.

ജീവിതം സുന്ദരം...

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ നിത അംബാനി വ്യക്തമാക്കി, 'സമ്പത്തും അധികാരവും ഒറ്റക്കെട്ടായി മുന്നോട്ട് പോകില്ല. എന്നെ സംബന്ധിച്ചിടത്തോളം അധികാരം ഉത്തരവാദിത്തമാണ്. എന്റെ കുടുംബം, എന്റെ ജോലി, എന്റെ പാഷന്‍, എന്റെ മിഡില്‍ ക്ലാസ് ജീവിത മൂല്യങ്ങള്‍ എന്നിവയില്‍ നിന്നാണ് ഞാന്‍ അത്തരമൊരു വിശ്വാസത്തിലേക്ക് ഞാനെത്തിയത്. അത് മക്കളിലേക്കും പകര്‍ന്നു കൊടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നു.'

മറ്റൊരു കഥയുണ്ട് നിതയ്ക്ക് പറയാന്‍. 'എന്റെ കുട്ടികള്‍ ചെറുപ്പമായിരുന്നപ്പോള്‍, എല്ലാ വെള്ളിയാഴ്ചയും സ്‌കൂള്‍ കാന്റീനില്‍ ചെലവഴിക്കാന്‍ ഞാന്‍ അവര്‍ക്ക് 5 രൂപ വീതം നല്‍കുമായിരുന്നു. ഒരു ദിവസം, എന്റെ ഇളയവന്‍ അനന്ത് എന്റെ കിടപ്പുമുറിയിലേക്ക് ഓടിക്കയറി, 5 ന് പകരം 10 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ അവനെ ചോദ്യം ചെയ്തപ്പോള്‍, അഞ്ച് രൂപ നാണയം പുറത്തെടുക്കുന്നത് കാണുമ്പോഴെല്ലാം സ്‌കൂളിലെ സുഹൃത്തുക്കള്‍ ചിരിച്ചുകൊണ്ട് 'അംബാനി ഹേ യാ ഭികാരി!' എന്ന് കളിയാക്കുമെന്ന് അവന്‍ പറഞ്ഞു, മുകേഷും ഞാനും അത് കേട്ട് തകര്‍ന്നുപോയി. കുട്ടികളില്‍ പണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അത്തരത്തില്‍ രൂപപ്പെടരുത് എന്നുള്ളതിനാല്‍ തന്നെ അവരെ പണത്തിന്റെ മൂല്യവും അത് ആവശ്യത്തിനു മാത്രം ചെലവഴിക്കുന്നതിനെക്കുറിച്ചും അന്ന് പറഞ്ഞുകൊടുത്തു.




'ക്വാണ്ടിറ്റി ഓഫ് ടൈം' പാരന്റിങ്

കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്ന 'ക്വാളിറ്റി ടൈം മാത്രമല്ല, ക്വാണ്ടിറ്റി ഓഫ് ടൈം' അവരുടെ വളര്‍ച്ചയില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് താന്‍ മുകേഷിനോട് എപ്പോഴും പറയുമായിരുന്നുവെന്ന് ഒരിക്കല്‍ ഒരു പ്രസംഗത്തില്‍ നിത അംബാനി പറഞ്ഞു.

ബിസിനസിൽ സജീവ പങ്കാളിത്തം ഉള്ളപ്പോഴും മനുഷ്യസ്‌നേഹത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും അത്തരം പ്രവര്‍ത്തനങ്ങളില്‍ നേതൃപാടവവും നിത അംബാനിക്കുണ്ട്.

ആഡംബരപ്രിയയെങ്കിലും മകളും മരുമകളുടെ ആഭരണങ്ങളും വസ്ത്രങ്ങളും പങ്കിടുന്ന രസകരമായ ചിലകാര്യങ്ങളും നിതയിലുണ്ട്. അമിത ഭാരം ബുദ്ധിമുട്ടിച്ചിരുന്ന അനന്തും ആകാശും ഡയറ്റും വർക്ക്ഔട്ടുമായി ഭാരം കുറയ്ക്കൽ നടത്തിയപ്പോൾ അവർക്കൊപ്പം കട്ടയ്ക്ക് നിന്ന് 18 കിലോ വരെ ഭാരം കുറച്ച, അവരെ പ്രോത്സാഹനത്തോടെ ചേർത്തു നിർത്തിയ നിത അംബാനിയെന്ന സാധാരണക്കാരിയായ അമ്മയെയും പലപ്പോഴും നമുക്ക് കാണാം.

അംബാനിയുടെ മക്കളും മരുമക്കളും ചേര്‍ന്ന് കുടുംബ ബിസിനസും അവരുടെ കുടുംബവും സാമൂഹ്യ, സ്‌നേഹകൂട്ടായ്മകളുമെല്ലാം മുന്നോട്ട് കൊണ്ട് പോകുമ്പോള്‍ മുകേഷിന്റെ തോളോട് ചേര്‍ന്ന് പുഞ്ചിരിയോടെ നിതയുണ്ട്...കൂട്ടായി....'പവർ കപ്പിള്‍' മോഡലായി.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it