
'ഞാൻ ബിസിയാണ്.' നമുക്ക് താല്പര്യമില്ലാത്ത മീറ്റിംഗുകളും ചടങ്ങുകളും ഒഴിവാക്കാൻ നാം പലപ്പോഴുമുപയോഗിക്കുന്ന രണ്ട് വാക്കുകളാണിവ. സമയം വിലയേറിയ ഒന്നായതുകൊണ്ട് നിങ്ങളെ ക്ഷണിക്കുന്നയാളുകൾ പിന്നെ നിർബന്ധിക്കാൻ വരില്ലെന്ന് നിങ്ങൾക്കറിയാം.
എങ്കിലും അതൊരു പരുക്കൻ പ്രയോഗമാണ്. ഞാൻ ചെയ്യുന്ന ജോലി നിങ്ങളുടേതിനേക്കാൾ പ്രധാനമാണ് എന്നൊരു ധ്വനി അതിലില്ലേ? അതുകൊണ്ട് ജീവിതത്തിൽ നേട്ടം കൊയ്ത പലരും ഈ രീതി അവലംബിക്കാറില്ലെന്നാണ് ഹാർവാർഡ് സർവകലാശാലയുടെ ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്.
സോഷ്യൽ അല്ലെങ്കിൽ പ്രൊഫഷണൽ മീറ്റിംഗുകളിലേക്കുള്ള ക്ഷണങ്ങൾ നമ്മൾ നിരസിക്കുന്നത് നമ്മുടെ കാഴ്ചപ്പാടുകളെയും പെരുമാറ്റങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു പഠന വിഷയം.
സമയമില്ല എന്ന് മറുപടി പറയുന്നതിന് പകരം ഉപയോഗിക്കാവുന്ന ചില വാചകങ്ങൾ ഇതാ:
നിങ്ങൾ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തുറന്നു പറയുക. ഇന്നൊരു ദിവസം ചെയ്ത മുഴുവൻ കാര്യങ്ങളും ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അവരുടെ മുന്നിൽ നിരത്തണമെന്നില്ല. ഇന്ന് കൈവരിച്ച നേട്ടങ്ങളും ചെയ്തു തീർക്കാമെന്നേറ്റിട്ടുള്ള ജോലികളുമായിരിക്കണം പറയേണ്ടത്. ഇതുവഴി സംഭാഷണം വളരെ പോസിറ്റീവ് ആയ വഴിക്ക് തിരിച്ചുവിടുകയായിരിക്കണം ആത്യന്തികമായി നിങ്ങളുടെ ലക്ഷ്യം. മാത്രമല്ല നിങ്ങൾക്ക് പങ്കെടുക്കാൻ സാധികാത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനും അവർക്ക് സാധിക്കും.
ഈ രീതി ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് നിങ്ങളുടെ സുപ്പീരിയറിൽ നിന്നുള്ള ഒരു ക്ഷണം നിരസിക്കുമ്പോഴാണ്. തനിക്ക് ഇന്നിന്ന ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും എങ്കിലും എനിക്ക് വരാൻ താല്പര്യമുണ്ടെനും അറിയിക്കുക. ഇത് നിങ്ങളുടെ ജോലിയോടുള്ള മനോഭാവം അദ്ദേഹത്തിന് മനസിലാക്കിക്കൊടുക്കുകയും ചെയ്യും.
ചടങ്ങിലേക്ക് എത്താൻ എനിക്ക് കഴിഞ്ഞെന്നു വരില്ല. പക്ഷെ അതിനു മുൻപ് എന്തെങ്കിലും സഹായം വേണമെങ്കിൽ ചെയ്യാൻ താൻ തയ്യാറാണെന്ന മറുപടി കൂടുതൽ വിശ്വാസ്യത നൽകുന്നതാണ്.
നിങ്ങളുടെ സമയം ഇൻവെസ്റ്റ് ചെയ്യാൻ മാത്രം നല്ല ഒരു ഗേറ്റ് ടുഗെതെർ ആണെങ്കിൽ 'yes' എന്ന് പറയുക. എല്ലായ്പോഴും ക്ഷണങ്ങൾ നിരസിക്കുന്നയാളാണ് നിങ്ങൾ എന്ന് മറ്റുള്ളവർക്ക് തോന്നിയാൽ നിങ്ങൾ ഒറ്റപ്പെടുന്നതിന് സാധ്യത കൂടുതലാണ്. നെറ്റ് വർക്കിംഗ് സാധ്യതയുള്ള മീറ്റിംഗുകൾ ഒഴിവാക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.
Read DhanamOnline in English
Subscribe to Dhanam Magazine