പൊതുമേഖല ഓഹരികളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ പുതിയൊരു മ്യൂച്വല്‍ ഫണ്ട്

ക്വാണ്ട് പി.എസ്.യു ഫണ്ട് എന്‍.എഫ്.ഒ ഫെബ്രുവരി 15 വരെ

കേന്ദ്ര സര്‍ക്കാര്‍ മൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നതു മൂലം കേന്ദ്ര ഇടക്കാല ബജറ്റിന് ശേഷം പൊതുമേഖല ഓഹരികളില്‍ റാലിയുണ്ടായി. ബി.എസ്.ഇ പി.എസ്.യു സൂചിക പുതിയ ഉയരങ്ങളിലേക്ക് എത്തി. മൂലധന പദ്ധതികള്‍ പലതും പൊതുമേഖല സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നത് കൊണ്ട് ബജറ്റിലെ പ്രഖ്യാപനം അവയ്ക്ക് നേട്ടമാകുമെന്ന് കരുതുന്നു.

പൊതുമേഖല ഓഹരികളുടെ കരുത്തില്‍ മെച്ചപ്പെട്ട ആദായം നിക്ഷേപകര്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചു കൊണ്ട് ഏതാനും പി.എസ്.യു മ്യൂച്വല്‍ ഫണ്ടുകള്‍ നിലവില്‍ വിപണിയിലുണ്ട്. അതിനോടൊപ്പം മത്സരത്തിനായി ക്വാണ്ട് പി.എസ്.യു ഫണ്ട് (Quant PSU Fund) എന്ന പുതിയൊരു ഫണ്ടും രംഗത്ത് വന്നിരിക്കുന്നു. പുതിയ ഫണ്ട് ഓഫര്‍ കാലാവധി ഫെബ്രുവരി രണ്ട് മുതല്‍ 15 വരെയാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5,000 രൂപയാണ്. ഉയര്‍ന്ന നിക്ഷേപത്തിന് പരിധിയില്ല.
ദീര്‍ഘകാല മൂലധന നേട്ടം ലഭിക്കാനുള്ള തന്ത്രമാണ് ഫണ്ട് മാനേജര്‍മാര്‍ കൈക്കൊള്ളുന്നത്. 80 മുതല്‍ 100 ശതമാനം വരെ പൊതു മേഖല ഓഹരികളില്‍ നിക്ഷേപിക്കും. കടപ്പത്രങ്ങളില്‍ പരമാവധി 20 ശതമാനം വരെ നിക്ഷേപിക്കും.
നിലവിലുള്ള പി.എസ്.യു ഫണ്ടുകള്‍
1. എസ്.ബി.ഐ പി.എസ്.യു ഫണ്ട് - ഈ ഫണ്ടില്‍ ലഭിക്കുന്ന പണം കൂടുതലും (40.1%) ധനകാര്യ കമ്പനികളിലാണ് നിക്ഷേപിക്കുന്നത്. ബാക്കി തുക ഊര്‍ജം (26.4%), മൂലധന ഉത്പന്നങ്ങള്‍ (16%), ലോഹങ്ങളും ഖനനവും (14.3%) എന്നിങ്ങനെയാണ്. ഒരുവര്‍ഷത്തെ ഫണ്ട് ആദായം 92.79 ശതമാനം, മൂന്ന് വര്‍ഷത്തേക്ക് 43.36 ശതമാനം.
2. ഇന്‍വെസ്‌കോ ഇന്ത്യ പി.എസ്.യു ഫണ്ട് - പ്രധാനമായും ഊര്‍ജ ഓഹരികളിലാണ് ഈ ഫണ്ട് നിക്ഷേപിക്കുന്നത്. ഒരു വര്‍ഷത്തെ ആദായം 85.47 ശതമാനം, മൂന്ന് വര്‍ഷത്തെ ആദായം 40.37 ശതമാനം.
3. ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് പ്രധാനമായും ഊര്‍ജ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. ആദായം ഒരു വര്‍ഷത്തില്‍ 98.27 ശതമാനം, മൂന്ന് വര്‍ഷത്തെ 46.66 ശതമാനം.
4. ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ഇക്വിറ്റി ഫണ്ട് ഡയറക്റ്റ് ഗ്രോത്ത്- പ്രധാനമായും ഊര്‍ജ ഓഹരികളിലാണ് നിക്ഷേപിക്കുന്നത് (58.5%), ധനകാര്യ ഓഹരികളില്‍ 27.4 ശതമാനവും. ഒരു വര്‍ഷത്തെ ആദായം 84.4 ശതമാനം.

(Equity investing is subject to market risk. Always do your own research or consult a financial expert before investing. Past performance is not indicative of future returns.)

Related Articles
Next Story
Videos
Share it