ചെര്‍ണോബിലില്‍ നിന്ന് 'അറ്റോമിക് 'വോഡ്ക

ചെര്‍ണോബിലില്‍ നിന്ന്  'അറ്റോമിക് 'വോഡ്ക
Published on

ചരിത്രത്തിലെ ഏറ്റവും വലിയ ആണവോര്‍ജ്ജ ദുരന്തമുണ്ടായ ചെര്‍ണോബിലില്‍ നിന്ന് 'അറ്റോമിക് 'എന്ന ബ്രാന്‍ഡ് നാമത്തില്‍ തന്നെ വോഡ്ക വിപണിയിലേക്ക്. 1986 ഏപ്രില്‍ 26 -ന് രാത്രി റിയാക്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ജനങ്ങളെ പൂര്‍ണമായി ഒഴിവാക്കിയ 2400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ ഒരു ഫാമില്‍ നിന്നാണ് വോഡ്ക ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ദുരന്തം മൂലം വിശാലമായൊരു അധിവാസ മേഖല റേഡിയോ ആക്റ്റീവ് വികിരണത്താല്‍ മലിനപ്പെടുകയും നിരവധി പേരുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ആയിരങ്ങളാണ് വിവിധ തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വിധേയരായത്. കെടുതികള്‍ മറന്ന് ഈ മേഖലയില്‍ ജീവിതം പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സോവ്യറ്റ് കാലഘട്ടത്തില്‍ സംഭവിച്ച ദുരന്തത്തിനു ശേഷം ചെര്‍ണോബിലില്‍ നിന്നുള്ള ആദ്യത്തെ ഉപഭോക്തൃ ഉല്‍പ്പന്നമായി 'അറ്റോമിക് ' വോഡ്ക കടന്നുവരുന്നത്.

ഭാവിയില്‍ ഇവിടെ വിവിധ ഉത്പന്നങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഉക്രൈന്‍-ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ ഒരു സംഘം തന്നെ ഇതിനായി മുന്‍കയ്യെടുത്തു. ദുരന്തം സംഭവിച്ചതിന്റെ പേരില്‍ ഒരു വലിയ ഭൂപ്രദേശത്തെ അപ്പാടെ ഉപേക്ഷിക്കേണ്ടതില്ലെന്ന പക്ഷക്കാരാണ് ഈ ശാസ്ത്രജ്ഞര്‍. റേഡിയോ ആക്റ്റീവ് വികിരണത്തിന്റെ കേവല സാധ്യത പോലുമില്ലാത്ത ഉത്പന്നങ്ങള്‍ ഇവിടെ നിന്നു ജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ആദ്യ ചവിട്ടുപടി വിജയകരമായി തങ്ങള്‍ കയറിക്കഴിഞ്ഞതായി ഇവര്‍ ബി.ബി.സിയോടു പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഓഫ് പോര്‍ട്‌സ്മൗത്ത് പ്രൊഫസര്‍ ജിം സ്മിത്ത് ആണ് ആഗോള ഖ്യാതിയുള്ള റഷ്യന്‍ വോഡ്ക ഇവിടെ ഉത്പാദിപ്പിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ദുരന്തത്തെത്തുടര്‍ന്ന് ഇവിടം പഠനമേഖലയാക്കിയ ജിം സ്മിത്തിന് സര്‍ക്കാര്‍ കാര്യക്ഷമമായ പിന്തുണ നല്‍കിപ്പോന്നു. 'ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് ലബോറട്ടറികള്‍ ഞങ്ങള്‍ക്കുണ്ട്.ഈ പുതിയ വോഡ്ക അവിടെ പരിശോധിച്ചപ്പോള്‍ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയില്ല'-അദ്ദേഹം പറഞ്ഞു.

'ചെര്‍ണോബില്‍ ദുരന്തം മൂലം ഉക്രെയിനിലെ ജനങ്ങള്‍ നേരിടേണ്ടി വന്ന സാമ്പത്തിക തകര്‍ച്ചകള്‍ എന്നെ അസ്വസ്ഥനാക്കിയിരുന്നു. പ്രദേശത്തെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ടായിരുന്നു. നല്ല ജോലിയും ആരോഗ്യവും ഭക്ഷണവും പലര്‍ക്കുമുണ്ടായിരുന്നില്ല. അതിന് മാറ്റം വരുത്തുകയാണ് ലക്ഷ്യം.' വോഡ്കയില്‍ നിന്ന് കിട്ടുന്ന വരുമാനം ചെര്‍ണോബില്‍ ദുരന്ത പ്രദേശത്തെ വീണ്ടെടുക്കുന്നതിനായുപയോഗിക്കും. ദുരന്തത്തെ അതിജീവിച്ച ജനങ്ങള്‍ക്ക് കൂടിയുള്ളതായിരിക്കും 'അറ്റോമിക് ' വോഡ്കയില്‍ നിന്നുള്ള ലാഭമെന്നും ജിം സ്മിത്ത് അറിയിച്ചു.

ദുരന്തമുണ്ടായ ഉടനെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറഞ്ഞത് 24000 വര്‍ഷത്തേക്ക് ഈ മേഖലയില്‍ ജനവാസം അനുവദിക്കാനാകില്ലെന്നായിരുന്നു. എന്നാല്‍ മെല്ലെമെല്ലെ ഇവിടെ കൃഷി പുനരാരംഭിച്ചു. ഉക്രെയിനിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടുണ്ടിപ്പോള്‍ ചെര്‍ണോബില്‍ മേഖല. ചുരുക്കം പ്രദേശങ്ങളില്‍ മാത്രമാണ് ടൂറിസ്റ്റുകള്‍ക്കു നിരോധനമുള്ളത്. 2018 ല്‍ 60000 പേര്‍ ഇവിടം സന്ദര്‍ശിച്ചതായാണു കണക്ക്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com