റെയില്‍വേ സ്‌റ്റേഷനിലും ജനൗഷധി കേന്ദ്രം; കേരളത്തില്‍ ഒരിടത്ത്

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലും ജനൗഷധി കേന്ദ്രങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ 50 സ്റ്റേഷനുകള്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. നിലവാരമുള്ള മരുന്നുകളും ആരോഗ്യസൗഖ്യത്തിനുള്ള (വെല്‍നെസ്) ഉത്പന്നങ്ങളും 90 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ് പ്രധാനമന്ത്രി ജന്‍ ഭാരതീയ ജനൗഷധി കേന്ദ്രം (PMBJKs) അഥവാ ജനൗഷധി. സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവര്‍ക്കും ജനൗഷധിയുടെ സേവനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് റെയില്‍വേ സ്റ്റേഷനുകളിലും ഇവ സ്ഥാപിക്കുന്നത്. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി വഴി കഴിയുമെന്ന് കേന്ദ്രം കരുതുന്നു.

കേരളത്തില്‍ പാലക്കാട്
കേരളത്തില്‍ നിന്ന് പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ എന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. തിരുപ്പതി, പാട്‌ന, ദര്‍ഭംഗ, എസ്.എം.വി.ടി ബംഗളൂരു, ലോകമാന്യ തിലക് ടെര്‍മിനസ്, ഈറോഡ്, തിരുച്ചിറപ്പള്ളി, ലക്‌നൗ ജംഗ്ഷന്‍, ഖരഗ്പൂര്‍ തുടങ്ങിയവ ആദ്യഘട്ടത്തില്‍ പദ്ധതിയിൽ ഇടംപിടിച്ച പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പെടുന്നു.
വേണം ലൈസന്‍സ്
റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലത്തായിരിക്കും ജനൗഷധി കേന്ദ്രം സ്ഥാപിക്കുക. സ്റ്റോളിന്റെ രൂപകല്‍പന അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (NID) നിര്‍വഹിക്കും.
ഇന്ത്യന്‍ റെയില്‍വേസ് ഇ-പ്രൊക്യുര്‍മെന്റ് സിസ്റ്റം (IREPS) വഴി ഇ-ലേലത്തിലൂടെ അതത് റെയില്‍വേ ഡിവിഷനുകളാണ് ജനൗഷധി കേന്ദ്രം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് ലൈസന്‍സ് അുവദിക്കുക.
യോഗ്യത നേടുന്നവര്‍ ജനൗഷധിയുടെ നോഡല്‍ ഏജന്‍സിയായ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയുമായി (PMBI) ധാരണയില്‍ ഏര്‍പ്പെടണം. മരുന്നുകള്‍ കൈവശം സൂക്ഷിക്കാനും വില്‍ക്കാനും നിയമാനുസൃത അനുമതികളും ലൈസന്‍സും ഉള്ളവര്‍ക്ക് മാത്രമേ ജനൗഷധി കേന്ദ്രം സ്ഥാപിക്കാനുള്ള ഇ-ലേലത്തില്‍ പങ്കെടുക്കാനാകൂ.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it