രണ്ടു വര്‍ഷത്തിനകം റിലയന്‍സ് ഗ്രൂപ്പ് മൂല്യം 20,000 കോടി ഡോളര്‍ കടക്കും: ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്

പുതിയ ഇ-കൊമേഴ്സ് സംരംഭവും ബ്രോഡ്ബാന്‍ഡ് ബിസിനസും മുന്നേറുന്നതിന്റെ ബലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം രണ്ടുവര്‍ഷത്തിനകം 20,000 കോടി ഡോളര്‍ (ഏകദേശം 14.27 ലക്ഷം കോടി രൂപ) കടക്കുമെന്നു കണക്ക്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ്് മാറുമെന്നും ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് പ്രവചിക്കുന്നു.

മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം നിലവില്‍ 12,200 കോടി ഡോളറാണ് (8.70 ലക്ഷം കോടി രൂപ). മൊബൈല്‍ പോയിന്റ് ഒഫ് സെയില്‍ (എം.പി.ഒ.എസ്) ആശയവുമായി അസംഘടിത മേഖലയിലെ കിരാന സ്റ്റോറുകളെ ബന്ധിപ്പിച്ച് തുടക്കമിടുന്ന ഇ-കൊമേഴ്സ് സംരംഭം, മൈക്രോസോഫ്റ്റുമായി ചേര്‍ന്നുള്ള എസ്.എം.ഇ സംരംഭം, ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് തുടങ്ങിയവ റിലയന്‍സിന്റെ മൂല്യക്കുതിപ്പിന് സഹായകമാകുമെന്നാണ് മെറില്‍ ലിഞ്ച് കരുതുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ കമ്പനിയും രണ്ടാമത്തെ വലിയ എണ്ണ സംസ്‌കരണ കമ്പനിയുമാണ് റിലയന്‍സ്. റിലയന്‍സിന്റെ ടെലികോം വിഭാഗമായ ജിയോ, വെറും മൂന്നുവര്‍ഷം കൊണ്ടാണ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നു കമ്പനികളിലൊന്നായി മാറിയത്.

രണ്ടു വര്‍ഷത്തിനകം ജിയോയുടെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം 151 രൂപയില്‍ നിന്ന് 177 രൂപയായി ഉയരുമെന്നാണു കണക്ക്. 10 ദശലക്ഷം കിരാന സ്റ്റോറുകള്‍ എം-പോസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ പ്രതിമാസം 750 രൂപ വീതം കമ്പനിക്ക് ലഭിക്കും. 2022 ല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 12 ദശലക്ഷമാകും. അവരില്‍ 60 ശതമാനത്തില്‍ നിന്ന് പ്രതിമാസം ശരാശരി 840 രൂപ കിട്ടുമെന്നും മെറില്‍ ലിഞ്ച് കണക്കാക്കുന്നു.

Related Articles
Next Story
Videos
Share it