വിപണിയില്‍ 'സൈക്കിള്‍ തരംഗം', ആരോഗ്യവും ലാഭവും തേടി യുവതലമുറ; പുതിയ ട്രെന്റ് ഇങ്ങനെ

2021 മുതലാണ് സൈക്കിള്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ തുടങ്ങുന്നത്. 2020-21 സാമ്പത്തികവര്‍ഷം രാജ്യത്ത് ആകെ വിറ്റത് 1.45 കോടി സൈക്കിളുകളാണ്
വിപണിയില്‍ 'സൈക്കിള്‍ തരംഗം', ആരോഗ്യവും ലാഭവും തേടി യുവതലമുറ; പുതിയ ട്രെന്റ് ഇങ്ങനെ
Published on

ജീവിതശൈലിയിലും ആരോഗ്യസംരക്ഷണത്തിലും വലിയ മാറ്റത്തിന് വഴിയൊരുക്കിയാണ് കോവിഡ് മഹാമാരി കടന്നുപോയത്. ആരോഗ്യത്തിന് പ്രഥമ പരിഗണന നല്കുന്ന തരത്തിലേക്ക് ആളുകളെ മാറ്റിയെടുക്കാന്‍ കോവിഡിന് സാധിച്ചു. മഹാമാരിക്കു ശേഷം പഴയ പല ശീലങ്ങളും തിരിച്ചു വന്നിരുന്നു. അതിലേറ്റവും പ്രധാനമാണ് സൈക്ലിംഗ്.

1980-90കളില്‍ സൈക്കിള്‍ ഇല്ലാത്ത വീടുകള്‍ ചുരുക്കമായിരുന്നു. എന്നാല്‍, പിന്നീട് സൈക്കിളിനോടുള്ള അഭിനിവേശത്തിന് കുറവുവന്നു. ജീവിതശൈലി മാറിയതും തിരക്കേറിയതും സൈക്ലിംഗിനോടുള്ള താല്പര്യം കുറച്ചു. എന്നാല്‍ എല്ലാത്തിനെയും കോവിഡ് മാറ്റിമറിച്ചതോടെ സൈക്കിള്‍ വിപണി വീണ്ടും കത്തിക്കയറി. കോവിഡ് തിരക്കിനുശേഷം സൈക്കിള്‍ വിപണിയില്‍ ഡിമാന്‍ഡ് നിലനില്ക്കുന്നു. യുവതലമുറ കൂടുതലായി സൈക്കിള്‍ വാങ്ങാനെത്തുന്നുവെന്ന് വില്പനക്കാരും സാക്ഷ്യപ്പെടുത്തുന്നു.

2021 മുതലാണ് സൈക്കിള്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ തുടങ്ങുന്നത്. 2020-21 സാമ്പത്തികവര്‍ഷം രാജ്യത്ത് ആകെ വിറ്റത് 1.45 കോടി സൈക്കിളുകളാണ്. സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിലായിരുന്നു വില്പന കൂടുതല്‍. ആകെ വിറ്റഴിച്ചതിന്റെ പകുതിയോളം ഈ വിഭാഗത്തിലായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും ഈ ട്രെന്റ് തുടരുകയാണ് ചെയ്തത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ വില്‍പന വര്‍ധിച്ചതാണ് ഡിമാന്‍ഡ് കൂടാന്‍ കാരണം. ഒട്ടുമിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സൈക്ലിംഗ് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ തന്നെയുണ്ട്.

3,500 മുതല്‍ ലക്ഷം വരെ

എല്ലാതരത്തിലുമുള്ള സൈക്കിളുകള്‍ കേരള വിപണിയില്‍ ലഭ്യമാണ്. 3,500 മുതല്‍ തുടങ്ങി ലക്ഷം രൂപ വരെയുള്ള സൈക്കിളുകള്‍ക്ക് കേരളത്തില്‍ മാര്‍ക്കറ്റ് ഉണ്ട്. എന്നിരുന്നാലും വില്പന കൂടുതല്‍ 15,000 മുതല്‍ 45,000 വരെ വിലയുള്ള മോഡലുകള്‍ക്കാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സൈക്കിള്‍ എക്‌സ്‌ക്ലൂസീവായ പത്തോളം ഷോപ്പുകള്‍ കൊച്ചിയില്‍ മാത്രം തുറന്നിട്ടുണ്ട്.

കൊച്ചി മെട്രോ സൈക്കിള്‍ വാടകയ്ക്ക് നല്കുന്ന പദ്ധതി വര്‍ഷങ്ങളായി വിജയകരമായി നടപ്പാക്കുന്നു. ഇന്‍ഫോപാര്‍ക്കിലും സൈക്കിള്‍ ഉപയോഗിക്കുന്ന ടെക്കികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഓരോ വര്‍ഷം കഴിയുന്തോറും സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി അധികൃതര്‍ പറയുന്നു. ഐടി പാര്‍ക്കുകളില്‍ സൈക്ലിംഗ് മത്സരങ്ങളും നടക്കാറുണ്ട്. ഇതെല്ലാം സൈക്കിളിനോടുള്ള താല്പര്യം വര്‍ധിപ്പിക്കുന്നു.

സൈക്ലിംഗ് മത്സരങ്ങള്‍ അടുത്ത കാലത്ത് വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. സൈക്ലിംഗ് ക്ലബുകള്‍ കൊച്ചിയിലടക്കം സജീവമാണ്. യുവതലമുറയും ഇതിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു. സൈക്കിളിന്റെ പ്രസക്തി വര്‍ധിപ്പിക്കാന്‍ ഇത്തരം ഇവന്റുകള്‍ വലിയ പങ്കുവഹിക്കുന്നുവെന്ന് സൈക്ലിംഗ് മത്സരങ്ങളുടെ കോഓഡിനേറ്ററായ അനില്‍ തോമസ് ധനംഓണ്‍ലൈനോട് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ സൈക്കിള്‍ ഉപയോഗം. ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗമെന്ന നിലയില്‍ സൈക്കിളിനെ മറ്റ് സംസ്ഥാനക്കാര്‍ സമീപിക്കുമ്പോള്‍ കേരളത്തില്‍ ഫിറ്റ്‌നസുമായി ബന്ധപ്പെടുത്തിയാണ് സൈക്കിള്‍ വില്പന കൂടുതല്‍. അതുകൊണ്ട് തന്നെ അടിസ്ഥാന മോഡലുകളേക്കാള്‍ പ്രീമിയെ സെഗ്മെന്റില്‍ വില്പന കൂടുന്നു.

സൈക്ലിംഗ് ക്ലബുകള്‍ വ്യാപകമായതും വീക്കെന്‍ഡ് റൈഡിംഗ് കൂടുതല്‍ പ്രചാരത്തിലായതും മാര്‍ക്കറ്റിനെ സ്വാധീനിക്കുന്നു. മിഡില്‍ ക്ലാസ് വിഭാഗത്തിലുള്ളവര്‍ കൂടുതലായി സൈക്ലിംഗിലേക്ക് വരുന്നുണ്ട്. അതേസമയം, അടിസ്ഥാന സൗകര്യങ്ങളിലെ അഭാവം സൈക്ലിംഗിന് തിരിച്ചടിയാകുന്നുണ്ട്. കൊച്ചിയില്‍ പോലും വേണ്ടത്ര സൈക്കിള്‍ ട്രാക്കുകളിലില്ല.

വില്പന കൂടാനുള്ള കാരണങ്ങള്‍

സൈക്കിള്‍ വില്പന കൂടാനുള്ള പ്രധാന കാരണം ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ്. എന്നാല്‍ മറ്റ് പല കാരണങ്ങളും വില്പന വര്‍ധിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.

  • ആരോഗ്യ അവബോധം

കോവിഡ് ശേഷമുള്ള കാലത്ത് ഫിറ്റ്‌നസിന് നല്‍കുന്ന പ്രാധാന്യം വളരെയേറെ ഉയര്‍ന്നു. ജിമ്മില്‍ പോകാന്‍ സമയം കിട്ടാത്തവര്‍ക്ക് സൈക്കിളിംഗ് എളുപ്പവും ഫലപ്രദവുമായ വ്യായാമമാണ്.

  • നഗര ജീവിതത്തിലെ ട്രാഫിക് പ്രശ്‌നങ്ങള്‍

ട്രാഫിക് ജാം, പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സൈക്കിള്‍ ഏറെ സഹായകരമാണ്. ചെറുദൂരം സൈക്കിളില്‍ പോകുന്നത് സമയം ലാഭിക്കും.

  • ഇ-കൊമേഴ്സ് വളര്‍ച്ച

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വിവിധ മോഡലുകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നത് സൈക്കിള്‍ വാങ്ങല്‍ വര്‍ധിപ്പിച്ചു. ഡിസ്‌കൗണ്ടുകളും EMI ഓപ്ഷനുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.

  • പരിസ്ഥിതി ചിന്തകള്‍

കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ശ്രമിക്കുന്ന യുവതലമുറ സൈക്കിളിനെ ഒരു 'ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ട്' ആയി കാണുന്നു. പ്രത്യേകിച്ച് നഗരങ്ങളില്‍ ഇത് ഒരു വലിയ ട്രെന്‍ഡായി മാറിയിട്ടുണ്ട്.

  • പുതിയ മോഡലുകളും ടെക്‌നോളജിയും

ഗിയര്‍ സൈക്കിളുകള്‍, മൗണ്ടന്‍ ബൈക്കുകള്‍, ഇ-ബൈക്കുകള്‍ എന്നിവ വിപണിയില്‍ എത്തിയതോടെ യുവാക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷണം.

  • ഇന്ധനവില

പെട്രോള്‍, ഡീസല്‍ വില മുകളിലേക്കു മാത്രം പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടയില്‍ ചെലവ് കുറക്കാനുള്ള മാര്‍ഗമായി ആളുകള്‍ സൈക്കിളിലേക്ക് തിരിയുന്നു. ദിവസേനയുള്ള ചെറിയ യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുന്നത് വലിയ ലാഭമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com