
ലോകത്തിലെ ഏറ്റവും സംതൃപ്തി നല്‍കുന്നതും അല്ലാത്തതുമായ ജോലികള്‍ കണ്ടെത്തി പുതിയ പഠനം. എസ്‌റ്റോണിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടാര്‍ടുവിലെ ഗവേഷകരാണ് 59,000 ആളുകളെ പങ്കെടുപ്പിച്ച് ഈ പഠനം സംഘടിപ്പിച്ചത്. ഏതാണ്ട് 230ലധികം വ്യത്യസ്ത ജോലികള്‍ ചെയ്യുന്നവരായിരുന്നു ഇവര്‍. രക്തദാനം നടത്താന്‍ എത്തിയവരില്‍ നിന്നാണ് വിവിധ വിവരങ്ങള്‍ ശേഖരിച്ചത്. ചെയ്യുന്ന ജോലി, ശമ്പളം, വ്യക്തിത്വം, ജീവിതത്തിലെ പല തലങ്ങളിലുള്ള സംതൃപ്തി തുടങ്ങിയ കാര്യങ്ങളായിരുന്നു ആരാഞ്ഞത്.
മതപരമായ ജോലികള്‍ ചെയ്യുന്നവര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, എഴുത്തുകാര്‍ എന്നിവരാണ് തങ്ങളുടെ തൊഴിലില്‍ കൂടുതല്‍ സംതൃപ്തി രേഖപ്പെടുത്തിയത്. അടുക്കള, ഗതാഗത മേഖല, സ്റ്റോറേജ് യൂണിറ്റുകള്‍, നിര്‍മാണ ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും സര്‍വേ, സെയില്‍സ് മേഖലയിലുള്ളവരുമാണ് തൊഴിലില്‍ ഒട്ടും തൃപ്തി രേഖപ്പെടുത്താത്തവര്‍.
ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മനഃശാസ്ത്രജ്ഞര്‍, ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍, കപ്പലിലെ എഞ്ചിനീയര്‍ എന്നിവരും മികച്ച സംതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ സെക്യുരിറ്റി ഗാര്‍ഡ്, സര്‍വേ ജോലിക്കാര്‍, വെയ്റ്റര്‍, സെയില്‍സ് ജോലിക്കാര്‍, മരപ്പണിക്കാര്‍, കെമിക്കല്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് ജോലിയിയില്‍ തൃപ്തി ലഭിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്.
തൊഴില്‍ സംതൃപ്തി നിശ്ചയിക്കുന്നതില്‍ നിരവധി ഘടകങ്ങളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതോ വലിയ പദവിയുള്ളതോ ആയ ജോലിയുണ്ടെന്ന് കരുതി തൊഴില്‍ സംതൃപ്തി ലഭിക്കില്ലെന്നും ഇവര്‍ പറയുന്നു. വലിയ നേട്ടമായി കരുതുന്ന ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ തൃപ്തി ലഭിക്കുന്നത്. വലിയ പദവിയൊന്നും ഇല്ലെങ്കിലും കഷ്ടപ്പെട്ട് നേടിയ ജോലിക്ക് സംതൃപ്തി ഒരല്‍പ്പം കൂടുമെന്ന് അര്‍ത്ഥം.
ആളുകള്‍ക്ക് തൃപ്തി ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജോലികള്‍ ഉത്കണ്ഠ നിറഞ്ഞതായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഉദാഹരണത്തിന് ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള ഒരു മാനേജര്‍ക്ക് ഒരിക്കലും തൊഴിലില്‍ സംതൃപ്തി ലഭിക്കില്ല. അതുകൊണ്ടാണ് സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ സന്തോഷം ലഭിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ലോകത്തിന്റെ എല്ലായിടത്തും പ്രായോഗികമാണെങ്കിലും എസ്‌റ്റോണിയയുടെ സാംസ്‌ക്കാരിക പരമായ ഘടകങ്ങളും ഇതിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine