

നമ്മള് വസ്ത്രങ്ങള്‍ വാങ്ങുന്നത് എപ്പോഴും ആവശ്യത്തിന് മാത്രമല്ല. ചിലപ്പോള്‍ പുതിയ ട്രെന്‍ഡ് പരീക്ഷിക്കാന്‍, ചിലപ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടാന്‍, മറ്റു ചിലപ്പോള്‍ സൗകര്യത്തിന്. അതായത്, ഷോപ്പിംഗ് തീരുമാനങ്ങളെ സ്വാധീനിക്കുന്നത് നമ്മുടെ മാനസികാവസ്ഥയും ആവശ്യങ്ങളും അവസരങ്ങളുമാണ്.
ഇത് മനസിലാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് അനാവശ്യ ഷോപ്പിംഗ് ഒഴിവാക്കാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഉപഭോക്താക്കളെ കൂടുതല്‍ നന്നായി മനസിലാക്കാനും സാധിക്കും.
ഫാഷന്‍ ബ്രാന്‍ഡുകള്‍ സാധാരണയായി ഉപഭോക്താക്കളെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിക്കുന്നത്.
ഉദാഹരണത്തിന്, 25നും 40നും ഇടയില്‍ പ്രായമുള്ള, നഗരത്തില്‍ താമസിക്കുന്ന, ഉയര്‍ന്ന വരുമാനമുള്ള സ്ത്രീകള്‍. എന്നാല്‍ ഈ വിവരങ്ങള്‍ മാത്രം അറിഞ്ഞതുകൊണ്ട് ഒരാള്‍ എന്തിന് ഒരു വസ്ത്രം വാങ്ങുന്നു എന്ന് മനസിലാക്കാന്‍ കഴിയില്ല.
എത്നിക് വെയര്‍ ബ്രാന്‍ഡായ ലിബാസിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട അനുഭവങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഒരു ആശയം ഇതാണ്. ഷോപ്പിംഗ് സമയത്തെ മാനസികാവസ്ഥ അനുസരിച്ച് ഒരാളുടെ വാങ്ങല്‍ തീരുമാനവും മാറാം.
ഇതിനെ പ്രധാനമായും നാല് രീതിയില്‍ കാണാം.
1. സ്വന്തം സ്റ്റൈല്‍ പ്രധാനമായവര്‍ (Taste Maker)
ഇവര്‍ക്ക് വിലകൂടിയ വസ്ത്രം തന്നെ വേണമെന്നില്ല. 1,500 രൂപയുടെ സ്യൂട്ട് സെറ്റ് പോലും വ്യത്യസ്തമായി സ്റ്റൈല്‍ ചെയ്ത് ആകര്‍ഷകമാക്കും. മറ്റുള്ളവരെ അനുകരിക്കുന്നതിനേക്കാള്‍ സ്വന്തമായൊരു ലുക്ക് സൃഷ്ടിക്കാനാണ് ഇവര്‍ക്ക് ഇഷ്ടം.
2. പുതിയ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ (Trend Seeker)
സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ഡ്രസ് വൈറലായാല്‍ അത് ഉടന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണിവര്‍. പുതിയ ഡിസൈനുകളും നിറങ്ങളും പരീക്ഷിക്കാന്‍ താല്പര്യമുണ്ടാകും. മറ്റുള്ളവര്‍ വാങ്ങുന്നതിന് മുമ്പ് പുതിയ ട്രെന്‍ഡ് പരീക്ഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
3. പ്രത്യേക അവസരങ്ങളില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ (Statement Seeker)
കല്യാണം, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങള്‍ക്ക് പ്രത്യേകം വസ്ത്രം വാങ്ങുന്നവരാണിവര്‍. അവസരത്തിന് അനുയോജ്യമായ മികച്ച വസ്ത്രം ധരിക്കണം. ഫോട്ടോകളില്‍ നന്നായി കാണണം. മറ്റുള്ളവര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടണം. ഇത്തരം സാഹചര്യങ്ങളില്‍ വിലയേക്കാള്‍ പ്രാധാന്യം വസ്ത്രത്തിന്റെ ഭംഗിക്കും പ്രത്യേകതയ്ക്കുമായിരിക്കും.
4. സൗകര്യത്തിന് പ്രാധാന്യം നല്കുന്നവര് (Utility Seeker)
ഇവര്‍ക്ക് വസ്ത്രത്തിന്റെ ഭംഗിയേക്കാള്‍ പ്രധാനമാണ് സൗകര്യം. ഓഫീസിലേക്കോ ദിവസേനയുള്ള ആവശ്യങ്ങള്‍ക്കോ എളുപ്പത്തില്‍ ധരിക്കാവുന്ന വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുക. കൂടുതല്‍ സമയം ചെലവഴിക്കാതെ ഉപയോഗിക്കാനാകണം എന്നതാണ് പ്രധാന പരിഗണന.
ഇവ നാല് വ്യത്യസ്ത തരത്തിലുള്ള ഉപഭോക്താക്കളാണെന്ന് കരുതരുത്. ഒരാള്‍ തന്നെ വ്യത്യസ്ത അവസരങ്ങളില്‍ ഈ നാല് രീതിയിലും ഷോപ്പിംഗ് നടത്താം.
ഉദാഹരണത്തിന്, തിങ്കളാഴ്ച ഓഫീസിലേക്ക് സുഖകരമായ കോട്ടണ്‍ കുര്‍ത്ത വാങ്ങുന്ന ഒരാള്‍ വെള്ളിയാഴ്ച പുതിയ ട്രെന്‍ഡിലുള്ള വസ്ത്രം തിരഞ്ഞെടുക്കാം. ശനിയാഴ്ച കല്യാണത്തിന് വിലകൂടിയ പട്ടുസാരിയും വാങ്ങാം.
അതായത്, ഒരേ വ്യക്തിയുടെ ആവശ്യങ്ങളും മുന്‍ഗണനകളും അവസരത്തിനനുസരിച്ച് മാറുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine