മൂന്നാറില്‍ സ്ട്രോബറിയുടെ വിളവെടുപ്പ് കാലം; മാധുര്യം രുചിച്ചറിഞ്ഞ് ടൂറിസ്റ്റുകള്‍

മൂന്നാറില്‍ സ്ട്രോബറിയുടെ വിളവെടുപ്പ് കാലം; മാധുര്യം രുചിച്ചറിഞ്ഞ് ടൂറിസ്റ്റുകള്‍
Published on

ക്രിസ്മസ് നവവല്‍സരാഘോഷത്തിന് മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇനി സ്ട്രോബറി പഴക്കൂട്ടം കണ്ടാസ്വദിക്കാം, രുചിക്കാം. മഞ്ഞുകാലമായതോടെ ശീതകാല പച്ചക്കറിയുടെ കലവറയില്‍ സ്ട്രോബറിയുടെ വിളവെടുപ്പുകാലമാണ്.

തോട്ടം മേഖലകളായ സെവന്‍മല, ലക്ഷ്മി, കൊരണ്ടക്കാട്, നല്ലതണ്ണി, മാട്ടുപ്പട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ട്രോബറി കൃഷി ഏറ്റവുമധികം. ജൈവരീതിയില്‍ കൃഷി ചെയ്യുന്ന മൂന്നാറിലെ സ്ട്രോബറി പഴങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിളവെടുപ്പ്. മറ്റിടങ്ങളില്‍ വിളയുന്നതിനേക്കാള്‍ വലുപ്പം കുറവാണെങ്കിലും നല്ല മധുരമാണ് മൂന്നാര്‍ സ്ട്രോബറിക്ക്.

മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഇത്തവണ കൃഷി കുറവായതിനാല്‍ വന്‍ വിലയാണ് പഴങ്ങള്‍ക്ക്. 300 മുതല്‍ 350 രൂപവരെയുണ്ട് ഒരു കിലോയ്ക്ക്. രാവിലെ വിളവെടുത്ത് ടൗണിലെത്തിക്കുന്ന പഴങ്ങള്‍ വിനോദസഞ്ചാരികളാണ് പതിവായി വാങ്ങുന്നത്. അടുത്ത കൃഷിക്കായി അഞ്ചു ലക്ഷം സ്ട്രോബറി തൈകള്‍ കൃഷി വകുപ്പ് കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്കായി വിതരണം ചെയ്തു.

മറ്റ് ക്യഷികളെ അപേഷിച്ച് കൃഷി ഏറെ ലാഭകരമായതിനാലാണ് കര്‍ഷകര്‍ പലരും സ്ട്രോബറി കൃഷി വ്യാപിപ്പിക്കാന്‍ കാരണമെന്ന് വട്ടവടയിലെ കര്‍ഷകര്‍ പറയുന്നു. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ നേരിട്ട് വിപണനം നടത്തുന്നതാണ് കൃഷി ലാഭകരമാകാന്‍ കാരണം. സ്ട്രോബറിയില്‍ നിന്നും സ്‌ക്വാഷ്,  ജാം, വൈന്‍ അടക്കമുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കര്‍ഷകര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ജൈവ രീതിയില്‍ പരിപാലനം നടത്തുന്നതിനാല്‍ ഉല്‍പ്പാദന ചെലവു കുറവാണെന്നും സ്ട്രോബറി കൃഷി ഏറെ ലാഭകരമാണെന്നും കര്‍ഷകര്‍  പറയുന്നു.

വിന്റര്‍ടോണ്‍, റെഡ്ചില്ലി എന്നി ഇനങ്ങളാണ് മൂന്നാറില്‍ കൂടുതലായും കൃഷി ചെയ്ത് വരുന്നത്. റെഡ് ചില്ലിയുടെ പഴങ്ങള്‍ ചെറുതായിരിക്കും. എന്നാല്‍ വിന്റര്‍ടോണിന്റെ കായ്കള്‍ക്ക് വലുപ്പം കൂടുതലുണ്ട്. നല്ല വിളവും ലഭിക്കും. ഒന്നര വര്‍ഷക്കാലത്തോളം വിളവെടുക്കുവാനും കഴിയും. നിലവില്‍ കൃഷിഭവന്റെ സഹായം ലഭ്യമാകുന്നുണ്ടെങ്കിലും കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം ഉല്‍പ്പന്നം കയറ്റി അയക്കുക കൂടി ചെയ്താല്‍ മികച്ച വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com