ജ്യോതിഷം, പൂജ, പ്രസാദം... സര്‍വതും ഓണ്‍ലൈനില്‍, ഭക്തി വിറ്റ് കാശു വാരാന്‍ ടെക് കമ്പനികള്‍ പൊരിഞ്ഞ പോരാട്ടത്തില്‍

ജ്യോതിഷ കണ്‍സള്‍ട്ടേഷന്‍ മുതല്‍ ഓണ്‍ലൈന്‍ പൂജയും പ്രസാദ വിതരണവും വരെ. വിശ്വാസത്തെ സൗകര്യവും സബ്‌സ്‌ക്രിപ്ഷനും മിനിറ്റ് നിരക്കുമാക്കി മാറ്റുന്ന സ്റ്റാര്‍ട്ടപ്പുകള്‍
Lighted lantern
canva
Published on

രാത്രി പതിനൊന്നരയ്ക്ക് ഒരു യുവാവിന് ജോലിയെക്കുറിച്ച് ആശങ്ക തോന്നുന്നു. ക്ഷേത്രത്തിലേക്കോ ജ്യോതിഷിയുടെ വീട്ടിലേക്കോ പോകേണ്ടതില്ല. മൊബൈല്‍ ആപ് തുറന്ന് ജനനത്തീയതിയും സമയവും നല്‍കുന്നു. ഏതാനും സെക്കന്‍ഡുകള്‍ക്കകം ഒരാള്‍ ചാറ്റിലോ വീഡിയോ കോളിലോ എത്തും. സംഭാഷണത്തിന് മിനിറ്റ് കണക്കിലാണ് പണം.

മറ്റൊരു നഗരത്തില്‍ താമസിക്കുന്ന കുടുംബം വാരണാസിയിലെ ക്ഷേത്രത്തില്‍ തങ്ങളുടെ പേരില്‍ പൂജ നടത്താന്‍ ആപ്പില്‍ ബുക്ക് ചെയ്യുന്നു. പുരോഹിതന്‍ പൂജ നിര്‍വഹിക്കുന്നതിന്റെ വീഡിയോ ലഭിക്കും. പ്രസാദം പിന്നീട് കൊറിയറില്‍ വീട്ടിലെത്തും. ഉത്സവദിവസം കര്‍പ്പൂരമോ തിരിയോ പൂക്കളോ തീര്‍ന്നാല്‍ പത്തു മിനിറ്റിനുള്ളില്‍ ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോം വാതില്‍ക്കല്‍ എത്തിക്കും.

ഇന്ത്യയിലെ വിശ്വാസ വിപണിയുടെ പുതിയ മുഖമാണിത്. ക്ഷേത്രം, തീര്‍ഥാടനം, ജ്യോതിഷം, പൂജാ സാധനങ്ങള്‍ തുടങ്ങിയ പരമ്പരാഗത മേഖലകള്‍ക്ക് മുകളില്‍ ആപ്പുകള്‍, ഡിജിറ്റല്‍ പേയ്മെന്റ്, വീഡിയോ സ്ട്രീമിങ്, ഇ-കൊമേഴ്സ്, കൃത്രിമബുദ്ധി എന്നിവയുടെ പുതിയൊരു വ്യാപാരമുഖം ഉയര്‍ന്നുവരുന്നു. വ്യവസായം ഇതിന് നല്‍കിയിരിക്കുന്ന പേര് 'സ്പിരിച്വല്‍ ടെക്', 'ഫെയ്ത്ത് ടെക്' അഥവാ 'ഫെയ്ത്ത് ആസ് എ സര്‍വീസ്' എന്നാണ്. ഇന്ത്യയിലെ ആത്മീയ-ടെക് കമ്പനികളുടെ മാത്രം വിപണി സഹസ്ര കോടികളുടേതാണ്.

ആസ്‌ട്രോടോക്ക്: മിനിറ്റുകളെ വരുമാനമാക്കിയ കമ്പനി

ഓണ്‍ലൈന്‍ ജ്യോതിഷ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്ന ആസ്‌ട്രോടോക്കിന്റെ പ്രവര്‍ത്തന വരുമാനം 2023-24 സാമ്പത്തിക വര്‍ഷത്തിലെ 651.12 കോടി രൂപയില്‍നിന്ന് 2024-25-ല്‍ 1,176 കോടിയായി ഉയര്‍ന്നു. വളര്‍ച്ച ഏകദേശം 81 ശതമാനം. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകളെ അടിസ്ഥാനമാക്കിയുള്ള കമ്പനി റിപ്പോര്‍ട്ടുകളിലാണ് ഈ കണക്കുകള്‍.

2023-24-ല്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ 283.32 കോടിയില്‍നിന്ന് 651.12 കോടിയായി ഉയര്‍ന്നിരുന്നു. അതേ വര്‍ഷം ഏകദേശം 100 കോടി അറ്റാദായവും രേഖപ്പെടുത്തി. ആഭ്യന്തര വില്‍പന 529.67 കോടിയും വിദേശവരുമാനം 121.44 കോടിയുമായിരുന്നു. അതായത് ഇന്ത്യന്‍ പ്രവാസികളും കമ്പനിക്ക് പ്രധാന ഉപഭോക്തൃ വിഭാഗമായി മാറിയിരിക്കുന്നു.

ആസ്‌ട്രോടോക്കിന്റെ മോഡല്‍ ലളിതമാണ്: ജ്യോതിഷികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റ്പ്ലേസ്. സംഭാഷണത്തിനും കോളിനും മിനിറ്റ് നിരക്കില്‍ ഉപഭോക്താവ് പണം നല്‍കും. പ്ലാറ്റ്ഫോം അതില്‍നിന്ന് വിഹിതമെടുക്കും. സൗജന്യമായ ആദ്യ മിനിറ്റുകള്‍, ആപ് വാലറ്റ്, ഓഫറുകള്‍, നോട്ടിഫിക്കേഷനുകള്‍, ഭാഷാനുസൃത കണ്‍സള്‍ട്ടേഷന്‍, തുടര്‍ചാറ്റുകള്‍ എന്നിവ ഉപഭോക്താവിനെ വീണ്ടും പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നു.

2024 ഫെബ്രുവരിയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായ Left Lane Capital നയിച്ച സീരീസ്-എ നിക്ഷേപത്തില്‍ കമ്പനി 20 മില്യണ്‍ ഡോളര്‍ (അന്നത്തെ മൂല്യത്തില്‍ ഏകദേശം 166 കോടി രൂപ)സമാഹരിച്ചു. പിന്നീട് അധിക നിക്ഷേപവും ലഭിച്ചു.

കണ്‍സള്‍ട്ടേഷന്‍ മാത്രമല്ല ഇനി ലക്ഷ്യം. രുദ്രാക്ഷം, രത്‌നങ്ങള്‍, ബ്രേസ്‌ലെറ്റുകള്‍, മാലകള്‍ തുടങ്ങിയവ വില്‍ക്കുന്ന ആസ്‌ട്രോടോക്ക് സ്റ്റോര്‍ 2025-ലെ ആദ്യ 12 മാസങ്ങളില്‍ 140 കോടിയിലധികം പ്രവര്‍ത്തന വരുമാനം നേടിയെന്നാണ് കമ്പനി പറയുന്നത്. ഇങ്ങനെ ഉപദേശം നല്‍കുന്ന പ്ലാറ്റ്ഫോം അതിനോട് ചേര്‍ന്ന 'പരിഹാര ഉല്‍പ്പന്നങ്ങളും' വില്‍ക്കുന്ന സമ്പൂര്‍ണ കൊമേഴ്സ് സംവിധാനമാകുകയാണ്.

ദര്‍ശനം മുതല്‍ പ്രസാദം വരെ: ശ്രീമന്ദിറിന്റെ മാതൃക

ജ്യോതിഷം ഒരു വിഭാഗമാണെങ്കില്‍ ഓണ്‍ലൈന്‍ പൂജയാണ് അടുത്ത വലിയ പരീക്ഷണം. AppsForBharat വികസിപ്പിച്ച ശ്രീമന്ദിര്‍ ആപില്‍ ഭക്തിഗാനങ്ങളും പ്രാര്‍ഥനകളും കേള്‍ക്കാം. ക്ഷേത്രപൂജയും വഴിപാടും ബുക്ക് ചെയ്യാം; പ്രസാദം വീട്ടിലേക്ക് ആവശ്യപ്പെടാം.

2025 ജൂണില്‍ AppsForBharat 20 മില്യണ്‍ ഡോളര്‍-ഏകദേശം 175 കോടി-സീരീസ്- നിക്ഷേപമായി സമാഹരിച്ചു. അതിനു വെറും ഒന്‍പത് മാസം മുന്‍പ് കമ്പനി 18 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. മൊത്തം നിക്ഷേപം 50 മില്യണ്‍ ഡോളര്‍ കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനി പുറത്തുവിട്ട കണക്കനുസരിച്ച് ശ്രീമന്ദിറിന് നാലുകോടിയിലധികം ഡൗണ്‍ലോഡുണ്ട്. ഒരു വര്‍ഷത്തിനിടെ 12 ലക്ഷം ഉപഭോക്താക്കള്‍ 70-ലധികം ക്ഷേത്രങ്ങളിലായി 52 ലക്ഷം ഓണ്‍ലൈന്‍ പൂജകളും വഴിപാടുകളും നടത്തി. ആവശ്യത്തിന്റെ ഏകദേശം 20 ശതമാനം അമേരിക്ക, ബ്രിട്ടന്‍, യുഎഇ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളില്‍നിന്നാണ്.

അടുത്ത ഘട്ടത്തില്‍ അയോധ്യ, വാരണാസി, ഉജ്ജയിന്‍, ഹരിദ്വാര്‍ ഉള്‍പ്പെടെ ഇരുപതിലധികം ക്ഷേത്രനഗരങ്ങളില്‍ ലോജിസ്റ്റിക്സ്-ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. പ്രാദേശിക ക്ഷേത്രങ്ങളെയും പുരോഹിതരെയും പൂജാസാധന വില്‍പനക്കാരെയും ഒരു ഡിജിറ്റല്‍ വിതരണ ശൃംഖലയിലേക്കു കൊണ്ടുവരികയും ഉപയോക്താവിന് ചടങ്ങുകള്‍ കണ്ടെത്താനും മനസ്സിലാക്കാനും സഹായിക്കുന്ന എഐ സംവിധാനങ്ങള്‍ വികസിപ്പിക്കുകയുമാണ് ലക്ഷ്യം.

ഇവിടെയാണ് 'ആപ്' യഥാര്‍ഥത്തില്‍ ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാകുന്നത്. ഉപഭോക്താവിനെ കണ്ടെത്തുന്നത് ഡിജിറ്റലായിരിക്കാം; പക്ഷേ പൂജ നടത്തുക, സാധനങ്ങള്‍ എത്തിക്കുക, പേരും നക്ഷത്രവും രേഖപ്പെടുത്തുക, വീഡിയോ പകര്‍ത്തുക, പ്രസാദം പാക്ക് ചെയ്ത് അയയ്ക്കുക എന്നിവയെല്ലാം സങ്കീര്‍ണമായ ഫിസിക്കല്‍ പ്രവര്‍ത്തനങ്ങളാണ്.

ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍; നിക്ഷേപകര്‍ അന്വേഷിക്കുന്നത് ആവര്‍ത്തന വരുമാനം

ഡാറ്റാ പ്ലാറ്റ്ഫോമായ Tracxn-ന്റെ കണക്കുകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ 900-ലധികം സ്പിരിച്വല്‍-ടെക് സംരംഭങ്ങളുണ്ട്. ആസ്‌ട്രോടോക്ക്, ശ്രീമന്ദിര്‍ എന്നിവയ്‌ക്കൊപ്പം VAMA, InstaAstro, DevDham, Utsav, Sadhana തുടങ്ങിയ സ്ഥാപനങ്ങള്‍ ജ്യോതിഷം, ഇ-പൂജ, ഡിജിറ്റല്‍ ദര്‍ശനം, ധ്യാനം, ഭക്തി ഉള്ളടക്കം, പ്രസാദ വിതരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

2023-ല്‍ 4.3 മില്യണ്‍ ഡോളറായിരുന്ന ഇന്ത്യന്‍ ഫെയ്ത്ത്-ടെക് നിക്ഷേപം 2024-ല്‍ 50.7 മില്യണ്‍ ഡോളറിലേക്കു കുതിച്ചുവെന്നാണ് Tracxn പുറത്തുവിട്ട കണക്ക്. എല്ലാ കമ്പനികളും ലാഭത്തിലാണെന്നോ ഈ വളര്‍ച്ച തുടരുമെന്നോ അതിനര്‍ഥമില്ല. പക്ഷേ വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളുടെ താല്‍പ്പര്യം മാറിയെന്നതിന് ഇത് വ്യക്തമായ സൂചനയാണ്.

നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പിന്നില്‍ വിശ്വാസം മാത്രമല്ല, അതിന്റെ വാങ്ങല്‍ സ്വഭാവവുമുണ്ട്. ജന്മദിനം, വിവാഹം, ജോലി, ആരോഗ്യം തുടങ്ങിയ സന്ദര്‍ഭങ്ങളിലെ ജ്യോതിഷ ചോദ്യങ്ങള്‍ വീണ്ടും വരാം. പൂജാ സാധനങ്ങള്‍ തീര്‍ന്നാല്‍ വീണ്ടും വാങ്ങണം. ഉത്സവങ്ങള്‍ വര്‍ഷംതോറും ആവര്‍ത്തിക്കും. ദിവസേനയുള്ള പ്രാര്‍ഥനയും ഭക്തിഗാനവും ആപ്പില്‍ സ്ഥിരം സന്ദര്‍ശനം സൃഷ്ടിക്കും. ഇങ്ങനെ ആത്മീയതയെ കമ്പനികള്‍ 'റിപ്പീറ്റ് യൂസ്', 'റിക്കറിങ് റവന്യൂ', 'കസ്റ്റമര്‍ ലൈഫ്ടൈം വാല്യു' എന്നീ ഡിജിറ്റല്‍ ബിസിനസ് സൂചികകളിലേക്കു മാറ്റുന്നു.

തീര്‍ഥാടനത്തിന്റെ വന്‍ സമ്പദ്‍വ്യവസ്ഥ

ഡിജിറ്റല്‍ വളര്‍ച്ചയില്‍ ഇന്ത്യയുടെ പഴയ തീര്‍ഥാടന സമ്പദ്‍വ്യവസ്ഥ തന്നെയുണ്ട്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിക്കുന്ന India Brand Equity Foundation പ്രകാരം രാജ്യത്തെ മതപരമായ വിനോദസഞ്ചാര സന്ദര്‍ശനങ്ങള്‍ 2021-ലെ 67.7 കോടിയില്‍നിന്ന് 2022-ല്‍ 143.9 കോടിയായി ഉയര്‍ന്നു. ഈ മേഖലയില്‍നിന്നുള്ള വരുമാനം അതേ കാലത്ത് 65,100 കോടിയില്‍നിന്ന് 1.34 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.

ഈ സംഖ്യകള്‍ വ്യക്തികളുടെ എണ്ണമല്ല, സന്ദര്‍ശനങ്ങളുടെ കണക്കായിരിക്കാം. ഒരാള്‍ ഒന്നിലധികം യാത്രകള്‍ നടത്തിയാല്‍ ഓരോ യാത്രയും വെവ്വേറെയാണ് രേഖപ്പെടുക. എങ്കിലും ഗതാഗതം, ഹോട്ടല്‍, ഭക്ഷണം, പൂക്കള്‍, വഴിപാടുകള്‍, പ്രാദേശിക ചില്ലറവ്യാപാരം എന്നിവയെല്ലാം ചേര്‍ന്ന് ആത്മീയ യാത്രകള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക ചലനം എത്ര വലുതാണെന്ന് അത് കാണിക്കുന്നു.

PRASHAD, Swadesh Darshan തുടങ്ങിയ കേന്ദ്രപദ്ധതികള്‍ തീര്‍ഥാടനകേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് പിന്തുണ നല്‍കുന്നു. അയോധ്യ, വാരാണസി, ഉജ്ജയിന്‍, തിരുപ്പതി, ഷിര്‍ദി, കത്ര, ഹരിദ്വാര്‍ തുടങ്ങിയ ഇടങ്ങളിലെ ഹോട്ടല്‍-യാത്രാ ആവശ്യകതയും വര്‍ധിക്കുന്നു. IBEF-ന്റെ കണക്കനുസരിച്ച് മതകേന്ദ്രങ്ങളിലെ ഹോട്ടല്‍ അന്വേഷണങ്ങള്‍ Yatra.com-ലെ മൊത്തം ഹോട്ടല്‍ അന്വേഷണങ്ങളുടെ 40 ശതമാനത്തിലധികം വരുന്നതായി കമ്പനിയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ വെളിപ്പെടുത്തിയിരുന്നു.

അതായത് ടെക് കമ്പനികള്‍ പുതിയ വിശ്വാസം സൃഷ്ടിക്കുകയല്ല; നിലവിലുള്ള വന്‍തോതിലുള്ള മതപരമായ ആവശ്യകതയിലെ 'ഡിസ്‌കവറി', 'ബുക്കിങ്', 'പേയ്‌മെന്റ്', 'ഡെലിവറി' ഘട്ടങ്ങളാണ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.

പത്തു മിനിറ്റില്‍ കര്‍പ്പൂരം: ക്വിക് കൊമേഴ്സിന്റെ ഉത്സവപ്പന്തയം

പൂജാസാധനങ്ങളും ഇനി അയല്‍ക്കടയുടെ മാത്രം വിപണിയല്ല. Blinkit, Zepto, Swiggy Instamart, BigBasket തുടങ്ങിയവ ഉത്സവകാലത്ത് പൂജാ കിറ്റുകള്‍, വിളക്കുകള്‍, തിരി, കര്‍പ്പൂരം, പൂക്കള്‍, വിഗ്രഹങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങള്‍ ഒരുക്കുന്നു.

വ്യവസായ പ്രതിനിധികളെയും നിരീക്ഷകരെയും ഉദ്ധരിച്ച Economic Times റിപ്പോര്‍ട്ടനുസരിച്ച് ക്വിക് കൊമേഴ്സിലെ പൂജാ-ഉത്സവ സാധനങ്ങളും സമ്മാനങ്ങളും ഉള്‍പ്പെട്ട 'സ്പിരിച്വല്‍ കൊമേഴ്സ്' വിഭാഗം 2025-ല്‍ പ്രതിവര്‍ഷം 800-900 കോടി വില്‍പ്പനയിലേക്കെത്തിയിരുന്നു. എന്നാല്‍ ഈ കണക്ക് പ്ലാറ്റ്ഫോമുകള്‍ പ്രസിദ്ധീകരിച്ച ഓഡിറ്റുചെയ്ത വിഭാഗീയ വരുമാനമല്ല; അതിനാല്‍ വിപണിയുടെ ഏകദേശ വിലയിരുത്തലായി മാത്രമേ കാണാനാവൂ.

പൂവ് മുതല്‍ സാമ്പ്രാണി വരെ

ഈ വിപണി ആപ്പുകള്‍ക്കും ജ്യോതിഷത്തിനും മാത്രമുള്ളതല്ല. ക്ഷേത്രങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന പൂക്കളെ ധൂപവും സുഗന്ധ ഉല്‍പ്പന്നങ്ങളുമാക്കി മാറ്റുന്ന Phool.co മറ്റൊരു മാതൃകയാണ്. ഗംഗയിലേക്കു പോകുന്ന പുഷ്പമാലിന്യം കുറയ്ക്കുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നതാണ് കമ്പനിയുടെ സാമൂഹിക-പരിസ്ഥിതി അവകാശവാദം. ഈ ആശയം UNESCO ഒരു സാമൂഹികമാറ്റത്തിന്റെ ഉദാഹരണമായി അവതരിപ്പിച്ചിട്ടുണ്ട്.

IIT കാന്‍പൂര്‍ പിന്തുണയുള്ള കമ്പനി 2022-ല്‍ Sixth Sense Ventures നയിച്ച നിക്ഷേപ റൗണ്ടില്‍ എട്ട് മില്യണ്‍ ഡോളര്‍ സമാഹരിച്ചു.

ഇവിടെ വിശ്വാസസാധനം ഒരു എഫ്എംസിജി ബ്രാന്‍ഡായി മാറുന്നു. സാധാരണ അഗര്‍ബത്തിക്ക് പകരം ക്ഷേത്രത്തിലെ പൂക്കളില്‍ നിന്നുള്ള 'ചാര്‍ക്കോള്‍ രഹിത', 'പരിസ്ഥിതി സൗഹൃദ' ഉല്‍പ്പന്നം എന്ന കഥ ചേര്‍ക്കുമ്പോള്‍ ഉയര്‍ന്ന വിലയും ബ്രാന്‍ഡ് വിശ്വാസ്യതയും നേടാം. ആത്മീയത, സുസ്ഥിരത, പ്രീമിയം പാക്കേജിങ്-മൂന്നും ഒരുമിച്ചുള്ള പുതിയ ഉപഭോക്തൃവര്‍ഗത്തെയാണ് ഇത്തരം സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്.

ടയര്‍-2, ടയര്‍-3 ഇന്ത്യയും പ്രവാസികളും

സ്പിരിച്വല്‍ ടെക് കമ്പനികളുടെ വളര്‍ച്ചയെ മെട്രോ നഗരങ്ങളിലെ യുവാക്കളില്‍ മാത്രം ഒതുക്കാനാവില്ല. കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ ഡാറ്റയും UPI പേയ്മെന്റും പ്രാദേശിക ഭാഷാ ഇന്റര്‍ഫേസുകളും വീഡിയോ ഉപയോഗത്തിന്റെ വര്‍ധനയും ചെറുനഗരങ്ങളില്‍ വലിയ വിപണി തുറന്നു.

പരമ്പരാഗതമായി പ്രാദേശിക ജ്യോതിഷിയിലോ ക്ഷേത്രത്തിലോ ഒതുങ്ങിയിരുന്ന സേവനത്തിന് ദേശീയതലത്തില്‍ ആവശ്യവും വിതരണവും കൂട്ടിച്ചേര്‍ക്കാന്‍ ആപ്പിന് കഴിയും. ഒരു മലയാളി ഉപഭോക്താവിന് ഡല്‍ഹിയിലോ വാരണാസിയിലോ ഉള്ള സേവനദാതാവിനെ സമീപിക്കാം; അമേരിക്കയില്‍ താമസിക്കുന്ന കുടുംബത്തിന് ഉജ്ജയിനിലോ തിരുനെല്‍വേലിയിലോ പൂജ ബുക്ക് ചെയ്യാം.

ജ്യോതിഷ ആപ്പുകളുടെ വലിയൊരു ടാര്‍ജറ്റ് ഗ്രൂപ്പ് വിവാഹം, കരിയര്‍, ധനം തുടങ്ങിയവയില്‍ ഉത്തരം തേടുന്ന യുവാക്കളാണ്. ഭക്തി-പൂജ പ്ലാറ്റ്ഫോമുകളില്‍ കുടുംബപരമായ തീരുമാനമെടുക്കുന്ന മധ്യവയസ്‌കരും പ്രവാസികളും പുറമെ. ഓരോ ഉപവിഭാഗത്തിന്റെയും ഉപഭോക്തൃസ്വഭാവം വ്യത്യസ്തമാണ്.

വിശ്വാസം പരിശോധിക്കുന്നത് ആര്?

പണം കൈകാര്യം ചെയ്യുന്ന ഏതു ഡിജിറ്റല്‍ മാര്‍ക്കറ്റ്പ്ലേസിനും ബാധകമായ ചോദ്യങ്ങള്‍ ഇവിടെയും ഉയരുന്നു. ആപ്പില്‍ കാണുന്ന ജ്യോതിഷിയുടെ യോഗ്യത ആരാണ് പരിശോധിക്കുന്നത്? 'വെരിഫൈഡ്' എന്നതിന്റെ മാനദണ്ഡം എന്താണ്? പൂജ ഉപഭോക്താവിന്റെ പേരില്‍ യഥാര്‍ഥത്തില്‍ നടത്തിയോ? ഒരേ വീഡിയോ ഒന്നിലധികം പേര്‍ക്ക് അയയ്ക്കുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കും? വിലയുടെ എത്ര ഭാഗം ക്ഷേത്രത്തിനും പുരോഹിതനും ലഭിക്കുന്നു? റീഫണ്ട് നയം എന്താണ്? ജാതകം, ജനനസമയം, കുടുംബപ്രശ്‌നങ്ങള്‍, ബന്ധങ്ങള്‍, സാമ്പത്തികസ്ഥിതി തുടങ്ങിയ അതീവ സ്വകാര്യവിവരങ്ങള്‍ എത്രകാലം സൂക്ഷിക്കുന്നു?

ഇത്തരം പ്ലാറ്റ്ഫോമുകളുടെ വരുമാനം പലപ്പോഴും ഉപഭോക്താവിന്റെ സംഭാഷണ സമയത്തോടോ ആവര്‍ത്തിച്ചുള്ള ഉപയോഗത്തോടോ ബന്ധപ്പെട്ടു നില്‍ക്കുന്നു. അതിനാല്‍ ആശങ്കയിലായ ഒരാളെ സംഭാഷണം നീട്ടാനോ വീണ്ടും പണമടയ്ക്കാനോ പ്രേരിപ്പിക്കുന്ന വാണിജ്യ താല്‍പ്പര്യവും ഉണ്ടാകാം. തൊഴില്‍, വിവാഹം, ആരോഗ്യം, നിക്ഷേപം തുടങ്ങിയ നിര്‍ണായക തീരുമാനങ്ങളില്‍ ഉറപ്പായ ഫലമുണ്ടാകുമെന്ന് തോന്നിക്കുന്ന വാഗ്ദാനങ്ങള്‍ പ്രത്യേകിച്ച് അപകടകരമാണ്.

Advertising Standards Council of India-യുടെ കോഡ് പരസ്യങ്ങള്‍ വസ്തുതകളെ വളച്ചൊടിക്കുകയോ ഉപഭോക്താവിന്റെ അനുഭവക്കുറവും വിശ്വാസവും ദുരുപയോഗം ചെയ്യുകയോ ചെയ്യരുതെന്ന് പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുന്നതിനുള്ള 2022-ലെ മാര്‍ഗനിര്‍ദേശങ്ങള്‍ Central Consumer Protection Authority പുറപ്പെടുവിച്ചിട്ടുണ്ട്; പരാതികള്‍ Consumer Protection Act, 2019 പ്രകാരം പരിഗണിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവ മതവിശ്വാസത്തിന്റെ ശരിതെറ്റുകള്‍ വിധിക്കാനുള്ള നിയമങ്ങളല്ല. പക്ഷേ പണം വാങ്ങി നല്‍കുന്ന സേവനത്തിന്റെ വില, നിബന്ധന, ഫലം, പരസ്യവാഗ്ദാനം എന്നിവയില്‍ സുതാര്യത ആവശ്യപ്പെടാനുള്ള ഉപഭോക്തൃസംരക്ഷണ ചട്ടങ്ങളാണ്.

ആല്‍ഗോരിതം ആത്മീയതയെ എങ്ങനെ മാറ്റുന്നു?

ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരു നിഷ്പക്ഷ മാധ്യമമല്ല. കൂടുതല്‍ സമയം ആപ്പില്‍ ചെലവഴിക്കാനും കൂടുതല്‍ ഇടപാടുകള്‍ നടത്താനും ഉപയോക്താവിനെ പ്രേരിപ്പിക്കുന്ന രീതിയിലാണ് സാധാരണ അതിന്റെ രൂപകല്‍പ്പന. അതുകൊണ്ട് പ്രാര്‍ഥനയും ജ്യോതിഷവും ദര്‍ശനവും 'കണ്ടന്റ്', 'കണ്‍വര്‍ഷന്‍', 'റിട്ടന്‍ഷന്‍' എന്നിങ്ങനെ അളക്കപ്പെടുന്നു.

ഇതിന് അനുകൂലമായ വാദമുണ്ട്: പ്രായം, രോഗം, ദൂരം, വിസ, ജോലി തുടങ്ങിയ കാരണങ്ങളാല്‍ ക്ഷേത്രത്തിലെത്താന്‍ കഴിയാത്തവര്‍ക്ക് ഡിജിറ്റല്‍ സേവനം ആരാധനയില്‍ പങ്കാളിത്തം നല്‍കുന്നു. പ്രവാസികള്‍ക്ക് നാട്ടിലെ ആചാരങ്ങളുമായി ബന്ധം നിലനിര്‍ത്താം. ചെറുക്ഷേത്രങ്ങള്‍ക്കും പുരോഹിതര്‍ക്കും പ്രാദേശിക വ്യാപാരികള്‍ക്കും പുതിയ വരുമാനം ലഭിക്കാം. ഭാഷയും ഭൂമിശാസ്ത്രവും സൃഷ്ടിച്ചിരുന്ന തടസ്സങ്ങള്‍ കുറയാം.

വിമര്‍ശനവും അത്രതന്നെ ശക്തമാണ്: സങ്കീര്‍ണമായ മതാചാരങ്ങളെ മുന്‍കൂട്ടി തയ്യാറാക്കിയ പാക്കേജുകളാക്കി മാറ്റുമ്പോള്‍ അവയുടെ പ്രാദേശിക അര്‍ഥങ്ങളും സാമൂഹികബന്ധങ്ങളും നഷ്ടപ്പെടാം. ഉപഭോക്താവിന്റെ ആശങ്കയെ വാണിജ്യാവസരമാക്കാം. 'ഇപ്പോള്‍ ബുക്ക് ചെയ്യുക', 'പരിമിത സ്ലോട്ട്', 'ദോഷപരിഹാരം' തുടങ്ങിയ സന്ദേശങ്ങള്‍ ഭയവും അടിയന്തര സ്വഭാവവും സൃഷ്ടിക്കാന്‍ ഉപയോഗിക്കപ്പെടാം. ഭക്തനും പുരോഹിതനും തമ്മിലുള്ള ബന്ധത്തിന് പകരം പ്ലാറ്റ്ഫോം ഇടനിലക്കാരനാകും.

അടുത്ത യുദ്ധഭൂമി: എഐ, ഇ-കൊമേഴ്സ്, ഓഫ്‍ലൈന്‍ സാന്നിധ്യം

സ്പിരിച്വല്‍ ടെക്കിന്റെ അടുത്ത ഘട്ടം മൂന്നു വഴികളിലൂടെയാണ് നീങ്ങുന്നത്. ഒന്നാമത് എഐ. ജാതകവിവരണം, പ്രാര്‍ഥന നിര്‍ദേശങ്ങള്‍, വ്യക്തിഗത ഉള്ളടക്കം, ഉപയോക്തൃ ചോദ്യങ്ങള്‍ക്കുള്ള സ്വയമേവ മറുപടി, ചടങ്ങുകള്‍ കണ്ടെത്തല്‍ എന്നിവയില്‍ ജനറേറ്റീവ് എഐ ഉപയോഗിക്കാനാണ് കമ്പനികളുടെ ശ്രമം. എന്നാല്‍ എഐ നല്‍കുന്ന മറുപടി മനുഷ്യ ജ്യോതിഷിയുടെയോ പുരോഹിതന്റെയോ ഉപദേശമായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാനുള്ള വ്യക്തമായ വെളിപ്പെടുത്തല്‍ ആവശ്യമാണ്.

രണ്ടാമത് ഇ-കൊമേഴ്സ്. ഉപദേശം നല്‍കുന്ന കമ്പനി രുദ്രാക്ഷവും രത്‌നവും വില്‍ക്കും. പൂജ ബുക്ക് ചെയ്യുന്ന ആപ്പ് പ്രസാദവും പൂജാസാധനങ്ങളും എത്തിക്കും; ഭക്തി ഉള്ളടക്കം നല്‍കുന്ന പ്ലാറ്റ്ഫോം സബ്‌സ്‌ക്രിപ്ഷനും ഉത്സവ പാക്കേജും അവതരിപ്പിക്കും. സേവനത്തില്‍നിന്ന് ഉല്‍പ്പന്നത്തിലേക്കുള്ള ഈ വ്യാപനം ഓരോ ഉപഭോക്താവില്‍നിന്നുമുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കും.

മൂന്നാമത് ഓഫ്‍ലൈന്‍ പ്രവേശനം. ഡിജിറ്റലില്‍ നേടിയ ബ്രാന്‍ഡ് വിശ്വാസം ഉപയോഗിച്ച് സ്റ്റോറുകള്‍, ക്ഷേത്രനഗരങ്ങളിലെ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങള്‍, യാത്രാ സേവനങ്ങള്‍, ആത്മീയ അനുഭവ പാക്കേജുകള്‍ എന്നിവയിലേക്ക് കമ്പനികള്‍ നീങ്ങാം. ഇങ്ങനെ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ അതിര്‍ത്തി മാഞ്ഞുപോകും.

വിശ്വാസം തന്നെയാണ് വിലയേറിയ മൂലധനം

ഇന്ത്യയുടെ ആത്മീയ സമ്പദ്‍വ്യവസ്ഥ പുതിയതല്ല. അതിന്റെ ഡിജിറ്റല്‍ വിതരണരീതിയാണ് പുതിയത്. ആസ്‌ട്രോടോക്കിന്റെ ആയിരം കോടിയിലധികം രൂപയുടെ വരുമാനവും ശ്രീമന്ദിറിലേക്കുള്ള തുടര്‍ച്ചയായ നിക്ഷേപവും ക്വിക് കൊമേഴ്സിലെ പൂജാസാധന വില്‍പ്പനയും ഇത് താല്‍ക്കാലിക കൗതുകമല്ലെന്നു സൂചിപ്പിക്കുന്നു.

അതേസമയം 15 ബില്യണ്‍ ഡോളറിന്റെ മുഴുവന്‍ വിപണിയും ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തമാകുമെന്ന ധാരണ യാഥാര്‍ഥ്യമല്ല. തീര്‍ഥാടനം, ഹോട്ടല്‍, ഗതാഗതം, പരമ്പരാഗത ചില്ലറവ്യാപാരം, ക്ഷേത്രദാനം, പ്രാദേശിക സേവനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട വന്‍ സമ്പദ്‍വ്യവസ്ഥയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ഡിജിറ്റലാകുന്നത്. അവിടെ വിജയിക്കാന്‍ സാങ്കേതികവിദ്യ മാത്രം പോരാ.

ഇ-കൊമേഴ്സില്‍ സാധനം വൈകിയാല്‍ ഉപഭോക്താവ് മറ്റൊരു ആപ്പ് പരീക്ഷിക്കും. ആത്മീയ സേവനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെടുന്നത് ഒരു ഓര്‍ഡര്‍ മാത്രമല്ല, കമ്പനിയുടെ മുഴുവന്‍ സാമൂഹിക അംഗീകാരമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ ഏറ്റവും വലിയ മത്സരമികവ് വേഗതയോ ഡിസ്‌കൗണ്ടോ എഐയോ അല്ല.

വിശ്വാസം വില്‍ക്കുന്ന വിപണിയില്‍ ഏറ്റവും വിലയേറിയ മൂലധനം വിശ്വാസം തന്നെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com