മാറിമറിയും നിങ്ങളുടെ ജീവിതം,രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാല്‍ !
രാവിലെ എഴുന്നേല്ക്കുക എന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്. ശീലിച്ചാല്‍ വളരെ ചെറിയ കാര്യമാണുതാനും. എന്നാല്‍ ആ ശീലത്തിലൂടെ ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായാലോ? ഒന്നു ശ്രമിച്ചുനോക്കൂ. 'ദി മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറി' എന്ന പ്രശസ്തമായ പുസ്തകം എഴുതിയ റോബിന് ശര്‍മ്മയെ ഓര്‍ക്കുന്നുണ്ടോ?
അദ്ദേഹം തന്റെ പുതിയ പുസ്തകത്തിനായി നാലു വര്‍ഷമായി നീണ്ട പ്രയത്നത്തിലായിരുന്നു. 'ദ 5 എഎം ക്ലബ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ പുസ്തകം കോര്‍പ്പറേറ്റ് ലോകത്ത് ചര്‍ച്ചാവിഷയമാണിപ്പോള്‍.
ഈ പുസ്തകത്തിലെ പ്രധാന വിഷയം തന്നെ രാവിലെ അഞ്ചു മണിയുടെ പ്രത്യേകതകളെക്കുറിച്ചാണ്. ഒരു ദിവസത്തെ കീഴ്പ്പെടുത്താനുള്ള ഏറ്റവും ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പാണ് അഞ്ചു മണിക്ക് എഴുന്നേല്ക്കുക എന്നത്.
''ഏതൊരു ശീലങ്ങളുടെയും മാതാവാണ് 5 എഎം. ഗാന്ധിജി നേരത്തെ എഴുന്നേറ്റിരുന്നു, സന്ന്യാസിമാര്‍ അതിരാവിലെ എഴുന്നേല്ക്കുന്നു, എല്ലാ കലാകാരന്മാരും തന്നെ അതിരാവിലെ എഴുന്നേല്‍ക്കുന്നവരാണ്. എന്തുകൊണ്ടാണത്? ഒരു ദിവസത്തില്‍ ഏറ്റവും ശാ്ന്തമായ സമയമാണത്. നിങ്ങള്‍ക്ക് ഈ സമയത്ത് ആഴത്തില്‍ ചിന്തിക്കാനാകും. ഇത് മാജിക്ക് ഒന്നുമല്ല. സാമാന്യബോധമാണ്. ഒരു ദിവസം എങ്ങനെ തുടങ്ങുന്നു എന്നതാണ് നിങ്ങളുടെ ആ ദിവസത്തെ തീരുമാനിക്കുന്നത്.'' റോബിന് ശര്‍മ്മ പറയുന്നു.
രാവിലെ അഞ്ചു മണി മുതല്‍ എട്ട് മണി വരെയുള്ള സമയത്തെ ഏറ്റവും ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതമാണെന്ന് ഈ പുസ്തകത്തില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനക്ഷമത കിട്ടുന്നതും ക്രിയാത്മകത ലഭിക്കുന്നതുമായ ഈ സമയമാണിത്.
രാവില എഴുന്നേല്ക്കുന്ന ശീലത്തിലൂടെ തന്റെ ക്ലൈന്റ്സിന്റെ ഉല്‍പ്പാദനക്ഷമത പതിന്മടങ്ങായി വര്‍ധിക്കാനും ജീവിതവിജയം കൈവരിക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനുമൊക്കെ കാരണമായതായി ലീഡര്‍ഷിപ്പ് വിദഗ്ധനായ റോബിന് ശര്‍മ്മ പറയുന്നു.
പുതിയ പുസ്തകത്തിലൂടെ 5 എഎം ക്ലബ് എന്ന പുതിയ കണ്‍സെപ്റ്റിന് കൂടി തുടക്കമിട്ടിരിക്കുകയാണ് റോബിന് ശര്‍മ്മ. എന്നാല്‍ അഞ്ചു മണിക്ക് എഴുന്നേറ്റിട്ട് വെറുതെയിരുന്നാല്‍ പോര കെട്ടോ. 20-20-20 മിനിറ്റ് രീതിയില്‍ സമയത്തെ വിഭജിച്ചിരിക്കുന്നു. അതായത് 20 മിനിറ്റ് സമയം വ്യായാമത്തിനുള്ളതാണ്. 20 മിനിറ്റ് സമയം പ്ലാനിംഗിനും 20 മിനിറ്റ് സമയം പഠനത്തിനുമുള്ളതാണ്.
റോബിന് ശര്‍മ്മയുടെ 5 എഎം ക്ലബ് നിയമം താഴെപ്പറയുന്നു
- രാവിലെ അഞ്ചു മണിക്ക് എഴുന്നേല്ക്കുക
- ആദ്യത്തെ 20 മിനിറ്റ് വ്യായാമം ചെയ്യുക
- അടുത്ത 20 മിനിറ്റ് സമയം നിങ്ങളുടെ പ്ലാന്‍, ലക്ഷ്യങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവയ്ക്കുള്ളതാണ്.
- അടുത്ത 20 മിനിറ്റ് സമയം പഠനത്തിനുള്ളതാണ്.
- ഈ 20/20/20 ഫോര്‍മുല 66 ദിവസം കൊണ്ടുപോകുക.
- നിങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുക.
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്സ്ക്രൈബ് ചെയ്യാൻ Click Here.