നിങ്ങളുടെ ദിവസം നേരത്തെ ആരംഭിക്കുന്നതിന്റെ പ്രയോജനങ്ങള്‍ ഇവയാണ്
മോണിംഗ് ക്ലബ്ബില്‍ അംഗമാകുന്നവരെക്കുറിച്ച് കേള്‍ക്കാറില്ലേ. 3AM, 5 AM, 6AM ക്ലബ്ബുകളൊക്കെ സോഷ്യല്‍മീഡിയയില്‍ പോലും സജീവമാണ്. ജീവിതത്തില്‍ വിജയിച്ച പലരും അതിരാവിലെ എഴുന്നേല്‍ക്കുന്നവരാണ്. രാഷ്ട്രീയക്കാര്‍, ആധ്യാത്മിക നേതാക്കള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, കായിക താരങ്ങള്‍ എന്നിവരില്‍ പല വിജയിച്ചവരും രാവിലെ എഴുന്നേല്‍ക്കുന്ന ശീലമുള്ളവരാണ്. എന്നും രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ, ബ്രീത്തിംഗ് എക്‌സര്‍സൈസ് എന്നിവയൊക്കെയാണ് ഈ സമയത്ത് അദ്ദേഹം ചെയ്യുന്നത്.
പോപ് ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കുന്നതിന് ആവശ്യമായ സമയം കണ്ടെത്തുന്നതിന് നേരത്തെ എഴുന്നേല്‍ക്കുന്നത് ശീലമാക്കിയിരിക്കുന്നത്രേ. രാവിലെ 4.30 നാണ് അദ്ദേഹം പ്രാര്‍ത്ഥനകള്‍ക്കും പ്രഭാത കര്‍മ്മങ്ങള്‍ക്കുമായി വേണ്ട അധിക സമയം കണ്ടെത്തുന്നത്. ഏണസ്റ്റ് ഹെമിംഗ് വേ രാവിലെ 5-6 മണിക്ക് എഴുന്നേറ്റ് ജോലി ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് അതവസാനിപ്പിക്കാറായിരുന്നു പതിവ്. ടൈം മാനേജ്‌മെന്റില്‍ വളരെ നിര്‍ണായകമായ ഘടകമാണ് നേരത്തെ എഴുന്നേല്‍ക്കല്‍ എന്നത്. അതേസമയം നേരത്തെ എഴുന്നേറ്റാല്‍ മാത്രം പോര അന്നേരം നിങ്ങള്‍ എന്തു ചെയ്യുന്നു എന്നതും പ്രധാനമാണ്.
എങ്ങനെ രാവിലെ സമയം കണ്ടെത്തും?
ആരോഗ്യസ്ഥിതി അനുസരിച്ച് ഉറക്കം ക്രമീകരിക്കണം. 7 മണിക്കൂര്‍ എങ്കിലും ഉറങ്ങുക. തിരക്കുള്ളവര്‍ 5 മണിക്കൂര്‍ നന്നായി ഉറങ്ങുക. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം എടുത്ത് 10 മിനിട്ട് കൊണ്ട് മെല്ലെ മെല്ലെ കുടിക്കുക. ഇത് ശീലമാക്കുക. ഈ സമയത്ത് ഫോണ്‍ നോക്കരുത്.
രാവിലെ എഴുന്നേല്‍ക്കുന്നതിന്റെ പ്രയോജനങ്ങള്‍
- നല്ല ഉറക്കത്തിനുശേഷമുള്ള സമയം മനസ്സ് തെളിമയുള്ളതാകും, ആശയങ്ങള്‍ വരും.
- അതിരാവിലെ ഉള്ള സമയം അധികം പേരും ഉറക്കമായതിനാല്‍ സോഷ്യല്‍മീഡിയയുടെ ശല്യമുണ്ടാകില്ല.
- ശാന്തമായ അന്തരീക്ഷം നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കും.
- സമയത്തിനു മേല്‍ ശരിയായ നിയന്ത്രണമുള്ളതിനാല്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ഉള്‍പ്പെടെ കൂടുതല്‍ പ്രൊഡക്റ്റീവ് ആയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു.