റിട്ടയേര്‍ഡ് ലൈഫ് ആസ്വദിക്കാന്‍, ഏറ്റവും മികച്ച 10 രാജ്യങ്ങള്‍

റിട്ടയര്‍മെന്റിന് ശേഷം ജീവിതം ചെലവഴിക്കാന്‍ ഇന്ത്യയല്ലാതെ മറ്റ് ഓപ്ഷനുകള്‍ തേടുന്നവര്‍ നിരവധിയുണ്ട്. വിദേശത്ത് സ്ഥിരതാമസമാക്കിയ മക്കളുടെ വീടോ അല്ലെങ്കില്‍ ശാന്തവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള ഒരു ചെറിയ ദ്വീപ് രാഷ്ട്രമോ ഒക്കെയാവും പലരുടെയും മനസില്‍.

ഇന്റര്‍നാഷണല്‍ ലിവിംഗ് തയ്യാറാക്കിയ റിട്ടയര്‍മെന്റ് ഇന്‍ഡക്‌സില്‍ ഇടം നേടിയ ഏറ്റവും മികച്ച രാജ്യങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. ജീവിതച്ചെലവ്, കാലാവസ്ഥ, ആരോഗ്യ സംവിധാനങ്ങള്‍, വിദേശികള്‍ക്ക് സ്ഥിരതാമസിത്തിന് അനുമതി നല്‍കുന്ന രീതി തുടങ്ങിയ ഘടകങ്ങളൊക്കെ പരിഗണിച്ചാണ് റിട്ടയര്‍മെന്റ് ഇന്‍ഡക്‌സ് തയ്യാറാക്കിയത്.

ഉറുഗ്വേ

ബ്രസീലിനും അര്‍ജന്റീനയ്ക്കും ഇടയില്‍, 3.5 മില്യണ്‍ ജനസംഖ്യ മാത്രമുള്ള ഒരു ചെറിയ രാജ്യമാണ് ഉറുഗ്വേ. രാജ്യത്ത് വീട് സ്വന്തമാക്കുന്നതിന് പ്രത്യേക അനുമതിയൊന്നും ആവശ്യമില്ല. മൊണ്ടേവിഡേയോ ആണ് തലസ്ഥാന നഗരം. മ്യൂച്വലിസ്റ്റ എന്ന പേരില്‍ മാസം 50-60 ഡോളര്‍ ചെലവില്‍ എല്ലാവിധ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങളും ലഭിക്കും. രാജ്യത്ത് താമസിക്കാനുള്ള വരുമാനവും വ്യക്തിയുടെ പശ്ചാത്തലവും (criminal background check) പരിശോധിച്ചാണ് സ്ഥിരതാമസത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുന്നത്. സ്ഥിരതാമസമാക്കിയ ദമ്പതികള്‍ക്ക് മൂ്ന്ന് വര്‍ഷത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. ഒരുമാസം വാടക ഉള്‍പ്പടെ ശരാശരി 2500-3500 ഡോളര്‍ ചെലവില്‍ താമസിക്കാന്‍ പറ്റുന്ന രാജ്യമാണ് ഉറുഗ്വേ.

സ്‌പെയിന്‍

റിട്ടയര്‍മെന്റിന് ശേഷം യുറോപ്യന്മാര്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് സ്‌പെയിന്റെ സ്ഥാനം. കടല്‍ത്തീരങ്ങള്‍, തെളിഞ്ഞ കാലാവസ്ഥ, കുറഞ്ഞ ജീവിതച്ചെലവ് തുടങ്ങിയവയൊക്ക സ്‌പെയിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്. മാസം 26,00 ഡോളറുണ്ടെങ്കില്‍ ദമ്പതികള്‍ക്ക് രാജ്യത്തെ മെഡിറ്ററേനിയന്‍ തീരത്ത് സുഖമായി തമാസിക്കാം. അഞ്ച് വര്‍ഷത്തെ താമസത്തിലൂടെ ഒരു വിദേശിക്ക് രാജ്യത്തെ പൊതു സംവിധാനത്തിന്റെ ഭാഗമാവാം.

മാള്‍ട്ട

റിട്ടയേര്‍ഡ് ലൈഫ് ആഘോഷിക്കാന്‍ തെരഞ്ഞെടുക്കാവുന്ന മികച്ചൊരു ഓപ്ഷനാണ് മാള്‍ട്ട. ചരിത്ര ശേഷിപ്പുകള്‍ നിരവധിയുള്ള മാള്‍ട്ടയിലെ ജനസംഖ്യ 5.25 ലക്ഷത്തോളം ആണ്. യൂറോപ്പിലെ ജനസാന്ദ്രത കൂടിയ രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് മാള്‍ട്ട. 5 ലക്ഷം യൂറോയുടെ ആസ്തിയുള്ള അല്ലെങ്കില്‍ 50000 യൂറോ പ്രതിവര്‍ഷം വരുമാനമുള്ള ഒരാള്‍ക്ക് എളുപ്പത്തില്‍ രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. വെസ്റ്റേണ്‍ യൂറോപ്പിന്റെ ജീവിത രീതികള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് മാള്‍ട്ട തീര്‍ച്ചയായും ഇഷ്ട്ടപ്പെടും.

കോസ്റ്ററിക്ക

പ്രകൃതി ഭംഗിയും കുറഞ്ഞ ജീവിതച്ചെലവും ആണ് കോസ്റ്ററിക്കയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. സെന്‍ട്രല്‍ ആഫിക്കയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിപ്പെടുന്ന കോസ്റ്ററിക്കയ്ക്ക് സ്വന്തമായി സൈന്യം ഇല്ല. മാസം 2000 ഡോളര്‍ ചെലവില്‍ ദമ്പതികള്‍ക്ക് കോസ്റ്ററിക്കയില്‍ താമസിക്കാം. മാസ വരുമാനത്തിന്റെ 7 -10 ശതമാനം നല്‍കിയാല്‍ ഹെല്‍ത്ത് കെയര്‍ സേവനങ്ങളും ലഭിക്കും. 2020ലെ കണക്ക് അനുസരിച്ച് ഏകദേശം 50.9 ലക്ഷത്തോളം ആണ് രാജ്യത്തെ ജനസംഖ്യ.

പനാമ

പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ രാജ്യമാണ് പനാമ. വ്യത്യസ്തമായ ഭൂപ്രകൃതികള്‍ ഒരുമിച്ച് കാണാം എന്നതാണ് പനമായുടെ ഏറ്റവും വലിയ പ്രത്യേകത. പ്രതിമാസം 1500 ഡോളര്‍ മുതല്‍ മുകളിലേക്ക് ആണ് രാജ്യത്തെ ജീവിതച്ചെലവ്. തലസ്ഥാനമായ പനാമ സിറ്റിയാണ് ഏറ്റവും ചെലവേറിയ നഗരം. സര്‍ക്കാര്‍ അംഗീകരിച്ച വനവത്കരണ പദ്ധതിയില്‍ 80,000 ഡോളര്‍ നിക്ഷേപിച്ചാല്‍ പനാമയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. 40,000 ഡോളറിന്റെ നിക്ഷേപം നടത്തുന്നവര്‍ക്ക് പനാമ റെസിഡന്‍സി വിസ നല്‍കും.

റിട്ടയര്‍മെന്റ് ഇന്‍ക്‌സില്‍ ഇടം നേടിയ രാജ്യങ്ങള്‍ (റാങ്കിംഗ് അനുസരിച്ച്)

1. പനാമ

2.കോസ്റ്റാറിക്ക

3. മെക്‌സിക്കോ

4.പോര്‍ച്ചുഗല്‍

5.കൊളംബിയ

6.ഇക്വഡോര്‍

7. ഫ്രാന്‍സ്

8.മാള്‍ട്ട

9.സ്‌പെയിന്‍

10. ഉറുഗ്വേ

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it